ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ ലിയന്‍ഡര്‍ പേസ്-റാഡക് സ്റ്റപാനക് സഖ്യം സെമിഫൈനലില്‍ കടന്നു. നാലാം സീഡായ ഇന്തോ-ചെക്ക് ജോഡി അഞ്ചാം സീഡ് പാക്കിസ്ഥാന്റെ ഐസാം-ഉള്-ഹഖ് ഖുറേഷി- നെതര്‍ലന്റ്സിന്റെ ജീന്‍ ജൂലൈന് റോജര്‍ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 26 മിനിറ്റും നീണ്ട മത്സരത്തില്‍ 6-1, 6-7 (3-7), 6-4 എന്ന സ്കോറിനാണ് പെയ്സ് സഖ്യം ജയിച്ചത്. ആദ്യസെറ്റ് അനായാസം സ്വന്തമാക്കിയ പേസ് സഖ്യത്തിന് രണ്ടാം സെറ്റില്‍ എതിരാളികള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരം 6-7ന് പാക്-നെതര്‍ലന്റ് ജോഡി സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന പേസ് സഖ്യം 55 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4ന് ഗെയിമും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് കുതിച്ചു. സെമിയില്‍ കനത്ത വെല്ലുവിളിയാണ് പേസ് സഖ്യത്തെ കാത്തിരിക്കുന്നത്. ലോക ഒന്നാം നമ്പര്‍ താരങ്ങളായ ബ്രയാന്‍ സഹോദരന്മാരുമായാണ് പേസ് സഖ്യം സെമിയില്‍ ഏറ്റുമുട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: