ഹരാരെ: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സിംബാബ്വെ ലീഡ് നേടി. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 249 റണ്‍സിനെതിരെ ബാറ്റിംഗ് ആരംഭിച്ച സിംബാബ്വെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സോടെ ചിഗുംബരയും രണ്ട് റണ്‍സോടെ ഷിന്ഗി മസാകഡ്സയുമാണ് ക്രീസില്‍. 70 റണ്‍സെടുത്ത മാല്‍ക്കം വാലറും 60 റണ്‍സെടുത്ത സിക്കന്ദര്‍ റാസയും 31 റണ്‍സെടുത്ത സിബാന്‍ഡയും സിംബാബ്വെ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 32 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് സിംബാബ്വെക്കുള്ളത്.
നേരത്തെ 9ന് 249 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് ആദ്യ പന്തില്‍ തന്നെ അവസാന വിക്കറ്റ് നഷ്ടമായി. 49 റണ്‍സെടുത്ത സയീദ് അജ്മലിനെ ചതാര ബൗള്‍ഡാക്കി. 78 റണ്‍സെടുത്ത അസര്‍ അലിയുടെയും 53 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖിന്റെയും കരുത്തിലാണ് പാക്കിസ്ഥാന് 249 റണ്‍സ് നേടിയത്.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച സിംബാബ്വെ ഒരുഘട്ടത്തില 68ന് മൂന്ന് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും നാലാം വിക്കറ്റില്‍ സിക്കന്ദര്‍ റാസയും വാലറും ചേര്‍ന്ന് ടീമിനെ കരകയറ്റി. നാലാം വിക്കറ്റില്‍ 127 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സിംബാബ്വെ ഇന്നിംഗ്സിലെ ടോപ് സ്കോററായ വാലറെ സയീദ് അജ്മല്‍ മുഹമ്മദ് ഹഫീസിന്റെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. അധികം കഴിയും മുന്നേ സിക്കന്ദര്‍ റാസയും മടങ്ങി. സ്കോര്‍ 212-ല്‍ എത്തിയപ്പോള്‍ 60 റണ്‍സെടുത്ത റാസയെ അജ്മല്‍ മിസ്ബയുടെ കയ്യിലെത്തിച്ചു. പാക്കിസ്ഥാന് വേണ്ടി സയീദ് അജ്മല്‍ നാലും ജുനൈദ് ഖാന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: