പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘത്തിനെതിരെ മര്‍ത്തോമ്മാ സഭാധ്യക്ഷന് ജോസഫ് മര്‍ത്തോമ്മാ മെത്രാപ്പോലീത്ത നടത്തിയ പരാമര്‍ശം ഖേദകരവും അനവസരത്തിലുള്ളതുമാണെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. പള്ളിയോടസേവാസംഘത്തിന്റെ പൊതുയോഗതീരുമാനം ആറന്മുളയുടെ സ്നേഹ പൈതൃകത്തിന് അനുയോജ്യമല്ലെന്നാണ് മെത്രാപ്പോലീത്ത വ്യക്തമാക്കിയിട്ടുള്ളത്. സ്നേഹം മാത്രമല്ല സാഹോദര്യം, പ്രകൃതി, സഹവര്‍ത്തിത്വം, സഹിഷ്ണുത തുടങ്ങി ഉന്നതവും വിശിഷ്ടവുമായ പൈതൃകമൂല്യങ്ങളെ എന്നെന്നും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് ആറന്മുളയ്ക്കുള്ളത്.
അന്നവും വെള്ളവും മണ്ണും വായുവും പ്രകൃതിയും സംരക്ഷിക്കുന്ന കാര്‍ഷിക സംസ്കൃതിയുടെയും ജനകീയ കൂട്ടായ്മയുടെയും നേര്‍സാക്ഷ്യമാണ് ഈ പൈതൃകഗ്രാമം. ആറന്മുളയുടെ ഉജ്ജ്വലമായ കീഴ്വഴക്കങ്ങള്‍ക്കും ആചാരവിശ്വാസ സങ്കല്‍പ്പങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിമാനത്താവളം വിനാശകരമായി തീരുമെന്ന ഭയാശങ്കകള്‍ ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് പള്ളിയോടസേവാസംഘത്തിന്റെപൊതുയോഗം പ്രമേയത്തിലൂടെ സ്ഥലം എംഎല്‍എയ്ക്കും എംപിക്കും എതിരെ പ്രതികരിച്ചത്. പൊതുയോഗ തീരുമാനം 52 കരകളിലെ കരപ്രതിനിധികളുടെ പൊതുവികാരമാണ്. അതിന്റെ വിശ്വാസ്യതയുംമാന്യതയും കാത്തു സൂക്ഷിക്കുകയും മാനിക്കുകയും ചെയ്യേണ്ടത് ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുടെയെല്ലാം കടമയാണ്. മര്‍ത്തോമ്മാസഭ ഇക്കാര്യത്തില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാത സ്വീകരിക്കണമെന്ന് കുമ്മനം അഭ്യര്‍ഥിച്ചു. വിമാനത്താവള നിര്‍മാണം സംബന്ധിച്ച ജനങ്ങളുടെ ഉത്കണ്ഠ പരിഹരിക്കുന്നതില്‍ ജനപ്രതിനിധികള്‍ പരാജയപ്പെട്ടുവെന്ന എന്‍എസ്എസ്സിന്റെ വിലയിരുത്തല്‍ സത്യസന്ധവും സ്വാഗതാര്‍ഹവുമാണ്. ജനപ്രതിനിധികളെ വള്ളംകളിയില്‍ പങ്കെടുപ്പിക്കണമെന്നുള്ള ജനറല്‍സെക്രട്ടറിയുടെ അഭിപ്രായം പള്ളിയോട സേവാസംഘ പൊതുയോഗ തീരുമാനത്തിന് വിരുദ്ധമല്ല. ഉതൃട്ടാതി ജലോത്സവത്തിന് വിമാനത്താവളം ദൂഷ്യം ചെയ്യുമെന്നതിനാല്‍ അതിന് കൂട്ടുനില്‍ക്കുന്ന എംഎല്‍എയെയും എംപിയെയും വിശിഷ്ടാതിഥികളായി പങ്കെടുപ്പിക്കരുതെന്ന് മാത്രമേ പൊതുയോഗം പറഞ്ഞിട്ടുള്ളു. വള്ളംകളിയില്‍ ജനപ്രതിനിധികള്‍ മേറ്റ്ല്ലാവരെയും പോലെ പങ്കെടുക്കുന്നതിനെ ആരും എതിര്‍ത്തിട്ടില്ലെന്നും കുമ്മനം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: