ഗാന്ധിനഗര്‍ : സഹോദരപുത്രനെ വീട്ടമ്മ കഴുത്തില്‍ ചരട് മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു. കൈപ്പുഴയില്‍ പുലര്‍ച്ചെ രണ്ടിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഏറ്റുമാനൂര്‍ കൈപ്പുഴ നെടുംതൊടിയില്‍ ഷാജിയുടെ മകന് രാഹുല്‍ (10) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മുത്തശിക്കൊപ്പം കിടന്നുറങ്ങിയ രാഹുലിനെ ഷാജിയുടെ സഹോദരി വിജയമ്മ (53) കഴുത്തില്‍ കുരുക്കിട്ടു കൊല്ലുകയായിരുന്നു. ഇവരെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം ഇവര്‍ തന്നെ ഏറ്റുമാനൂര്‍ പൊലീസിനെ വിവരം അറിയിച്ചു. കുട്ടി മരിച്ചുകിടക്കുകയാണ് എന്നാണ് ഇവര്‍ സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്. പൊലീസ് എത്തുമ്പോള്‍ കുട്ടിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത് കട്ടിലില്‍ കമിഴ്ന്ന് കിടന്ന വിജയമ്മയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ താനാണ് കുട്ടിയെ കൊന്നതെന്നും തന്റെ സഹോദരന് നല്ല ജീവിതമുണ്ടാകാനാണ് ക്രൂരതകാട്ടിയതെന്നും ഇവര്‍ പറഞ്ഞു.
പതിനൊന്ന് വര്‍ഷം മുന്‍പാണ് ഷാജി മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്ന ബിന്ദുവിനെ വിവാഹം കഴിച്ചത്. പ്രസവത്തിന് ശേഷം ബിന്ദുവിന് മാനസിക പ്രശ്നം ഉണ്ടായി എന്ന് കാണിച്ച് ഷാജി വിവാഹമോചനത്തിനായി ഏറ്റുമാനൂര്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഷാജിയുടെ അച്ഛന് രാഘവനും അമ്മ കമലാക്ഷിക്കുമൊപ്പമാണ് രാഹുല്‍ വളര്‍ന്നത്. ഇതിനിടെ ഷാജി ജോലിക്കായി ഗള്‍ഫിലേക്ക് പോയി. മകനെയും കൊണ്ടുപോയിരുന്നു, രണ്ടുവര്‍ഷം മുന്‍പാണ് രണ്ടുപേരും തിരികെ എത്തിയത്. രാഹുലിനെ നാട്ടിലാക്കി നാല് മാസം മുന്‍പ് ഷാജി തിരികെ പോയി.
ഇന്നലെയാണ് അമ്മായി വിജയമ്മ മുംബയില്‍ നിന്ന് വീട്ടില്‍ എത്തിയത്. അവിടെ നഴ്സായി ജോലിചെയ്തു വരികയായിരുന്നു. വീട്ടില്‍ എത്തിയ ഇവര്‍ ഒരു വിരോധവും കുട്ടിയോട് കാട്ടിയില്ലിന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഉറങ്ങുന്നതിന് മുന്‍പ് രാഹുലിനെ സ്നേഹത്തോടെ അടുത്തിരുത്തി ലാളിച്ചിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ഉറങ്ങിക്കിടന്ന രാഹുലിന്റെ കഴുത്തില്‍ പാവാടയുടെ വള്ളികൊണ്ട് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൈപ്പുഴയിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. സംഭവം ഗള്‍ഫിലുള്ള ഷാജിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: