ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാന ഗ്രാന്റ്സ്ലാമായ യുഎസ് ഓപ്പണില്‍ രണ്ടാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാല്‍, നാലാം സീഡ് ഡേവിഡ് ഫെറര്‍, എട്ടാം സീഡ് റിച്ചാര്‍ഡ് ഗാസ്കറ്റ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 22-ാം സീഡ് ജര്‍മ്മനിയുടെ ഫിലിപ്പ് കോള്സ്കൈബറെ മുട്ടുകുത്തിച്ചാണ് മുന്‍ ചാമ്പ്യനായ നദാല്‍ അവസാന എട്ടിലേക്ക് കുതിച്ചത്. സ്കോര്‍: 7-6 (7-4), 4-6, 3-6, 1-6. മൂന്നു മണിക്കൂറും 12 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ എതിരാളിയെ കീഴടക്കിയത്. 61 മിനിറ്റ് നീണ്ട ആദ്യ സെറ്റ് നേടി ജര്‍മ്മന്‍ താരം നദാലിനെ ഞെട്ടിച്ചെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന നദാല്‍ എതിരാളിയെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭനാക്കുകയായിരുന്നു.
18-ാം സീഡ് സെര്‍ബിയയുടെ ജാങ്കോ തിപ്സരാവിക്കിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സ്പാനിഷ് താരവും നാലാം സീഡുമായ ഡേവിഡ് ഫെറര്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. സ്കോര്‍: 6-7 (2-7), 6-3, 5-7, 6-7 (3-7). മൂന്നുമണിക്കൂറും 57 മിനിറ്റും നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവിലാണ് ഫെറര്‍ വിജയം പിടിച്ചെടുത്തത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് 57 മിനിറ്റ് നേരത്തെ പോരാട്ടത്തിനുശേഷം ഫെറര്‍ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ സ്പാനിഷ് താരത്തിന് അടിതെറ്റി. 50 മിനിറ്റ് നീണ്ട രണ്ടാം സെറ്റില്‍ മൂന്ന് ഗെയിം വിട്ടുകൊടുത്ത് തിപ്സരാവിക്ക് സ്വന്തമാക്കി. ഒപ്പത്തിനൊപ്പം മുന്നേറിയ മൂന്നാം സെറ്റില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 7-5നാണ് ഫെറര്‍ വിജയിച്ചത്. ടൈബ്രേക്കറിലേക്ക് നിര്‍ണായകമായ നാലാം സെറ്റ് 72 മിനിറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനുശേഷമാണ് ഫെറര്‍ സ്വന്തമാക്കിയത്.
എട്ടാം സീഡ് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്കറ്റ് അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് 10-ാം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിനെ പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചത്. നാല് മണിക്കൂറും 40 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-7 (4-7), 7-6 (7-4), 2-6, 7-6 (11-9), 7-5.
വനിതാ വിഭാഗത്തില്‍ സ്ലോവാക്യയുടെ ഡാനിയേല ഹന്റുച്ചോവ, ഇറ്റലിയുടെ ഫ്ലാവിയ പെന്നേറ്റ, 10-ാം സീഡ് ഇറ്റലിയുടെ തന്നെ റോബട്ട വിന്‍സി എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
റോബര്‍ട്ട വിന്‍സി 6-4, 6-2 എന്ന സ്കോറിനാണ് നാട്ടുകാരിയായ കാമില ഗിയോര്ഗിയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നത്. ഡാനിയേല ഹന്റുച്ചോവ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ അലിസണ് റിസ്കെയെ കീഴടക്കിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍ 3-6, 7-5, 2-6. അമേരിക്കയുടെ ഫ്ലാവിയ പെന്നേറ്റ 21-ാം സീഡ് റുമാനിയയുടെ സിമോണയെ 6-2, 7-6 (7-3) എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: