മനോഹരമായ കേളീശൈലികൊണ്ട് ടെന്നീസിലെ പുല്കോര്ട്ടും ഹാര്ഡ്കോര്ട്ടും ഒരുദശാബ്ദക്കാലത്തോളം അടക്കിവാണ ഫെഡററുടെ റാക്കറ്റിനുമേല്‍ അസ്തമനത്തിന്റെ നിഴല്‍ വീഴുന്നു. കൃത്യതയാര്‍ന്ന സര്‍വുകളും ഫോര്ഹാന്ഡ്ഷോട്ടുകളും നീണ്ട റാലികളുംകൊണ്ട് മറ്റുള്ള കളിക്കാരില്‍നിന്നും എന്നും വ്യത്യസ്തനായിരുന്ന ഫെഡറര്‍ക്ക് കോര്‍ട്ടില്‍ നിറഞ്ഞു നില്‍ക്കാനാകുന്നില്ല. കാലിന്റെ വേഗം കുറയുന്നു ശക്തമായ സര്‍വുകള്‍ക്ക് റിട്ടേണ്‍ നല്കാന് കഴിയുന്നില്ല. പ്രായം ഈ 32കാരനെ കീഴ്പ്പെടുത്തിയെന്നതിന്റെ സൂചനകളാണ് ഈ വര്‍ഷം ടെന്നീസ് കോര്‍ട്ടുകളില്‍ കണ്ടത്.
നാല് ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളിലും ഫൈനലില്‍ കളിക്കാനാകാതെയാണ് ഫെഡററുടെ ഈ വര്‍ഷത്തെ കരിയര്‍ കടന്നുപോയത്. ഫെഡറര്‍ക്ക് തന്റെ സ്വതസിദ്ധമായ താളവും വേഗവും നഷ്ടപ്പെടുന്ന കാഴ്ചയാണ് ഗ്രാന്റ്സ്ലാമുകളില്‍ കണ്ടത്. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കളിച്ച ഫെഡറര്‍ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ വീണു. ഏറ്റവും പ്രസിദ്ധമായ വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടില്‍ തന്നെ സെന്റര്‍ കോര്‍ട്ടിന്റെ രോമാഞ്ചമായ ഫെഡറര്‍ വീണത് അത്ഭുതത്തോടെയാണ് ടെന്നീസ് ലോകം കണ്ടുനിന്നത്. ലോക 116-ാം നമ്പര്‍ താരമായ ഉക്രെയിനിന്റെ സെര്‍ജി സ്റ്റാകോവ്സികിയോടാണ് അന്ന് ഫെഡറര്‍ കീഴടങ്ങിയത്. വിംബിള്‍ഡണിലെ ഒരു ദശകത്തിനിടയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്. ഇതിന് തൊട്ടുപിന്നാലെയാണ് യുഎസ് ഒാപ്പണിലേറ്റ തിരിച്ചടി. ഈ പരാജയങ്ങളോടെയാണ് ഫെഡറര്‍ക്ക് എന്തുപറ്റി എന്ന് ടെന്നീസ് പ്രേമികള്‍ ചോദിക്കുന്നത്. ഇതിന് മുന്‍പ് റോം മാസ്റ്റേഴ്സിന്റെ ഫൈനലില്‍ കളിച്ചെങ്കിലും റാഫേല്‍ നദാലിനോട് കീഴടങ്ങാനായിരുന്നു ഫെഡററുടെ വിധി.
2003-ല്‍ വിംബിള്‍ഡണില്‍ മുത്തമിട്ടാണ് ഫെഡറര്‍ തന്റെ കുതിപ്പിന് തുടക്കമിട്ടത്. തൊട്ടടുത്ത വര്‍ഷം വിംബിള്‍ഡണ്‍ നിലനിര്‍ത്തിയതിന് പുറമെ ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണുകളും ഫെഡറര്‍ നേടി. പിന്നീടിങ്ങോട്ട് ചരിത്രത്തിന്റെ ഭാഗമായത്തീര്ന്ന പടയോട്ടമാണ് ഫെഡറര്‍ ടെന്നീസ് കോര്‍ട്ടില്‍ നടത്തിയത്. എന്നാല്‍ 2010 മുതല്‍ ഫെഡറര്‍ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി. നദാലില്‍ നിന്നായിരുന്നു ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ന്നത്. പിന്നീട് ഡോകോവിച്ചും ആന്‍ഡി മുറെയും കളം വാഴാന്‍ തുടങ്ങിയതോടെ ഫെഡററുടെ ശനിദശയും ആരംഭിച്ചു. 2010-ല്‍ വിംബിള്‍ഡണ്‍ നേടിയശേഷം നാളിതുവരെ ഒരു ഗ്രാന്റ്സ്ലാം കിരീടം മാത്രമാണ് ഫെഡറര്‍ക്ക് സ്വന്തമായത്. അതും വിംബിള്‍ഡണില്‍ തന്നെ. 2012-ല്‍. എന്നാല്‍ ഇത്തവണ അത് നിലനിര്‍ത്താനുമായില്ല. വിംബിള്‍ഡണിലെ രണ്ടാം റൗണ്ട് തോല്‍വിയുടെ ക്ഷീണം തീര്‍ക്കാനായി ഹാംബര്‍ഗിലെത്തിയ ഈ മുപ്പത്തൊന്നുകാരന് ശരിക്കും വിയര്‍ത്തു. റാക്കറ്റ് മാറ്റിയായിരുന്നു ഇറങ്ങിയത്. വീതികൂടിയ റാക്കറ്റും ഫെഡററെ സഹായിച്ചില്ല. സെമിയില്‍ 114-ാം റാങ്കുകാരനായ അര്‍ജന്റീനയുടെ ഫ്രെഡറികോ ഡെല്ബോണിസിനു മുന്നില്‍ മുട്ടുമടക്കി. അതും നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-7, 6-7). 2005ന് ശേഷം ആദ്യമായാണ് 100 റാങ്കിനു മുകളിലുള്ള കളിക്കാരോട് തുടര്‍ച്ചയായി തോല്‍ക്കുന്നത്. 302 ആഴ്ച ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം അലങ്കരിച്ച് റെക്കോര്‍ഡും ഫെഡററുടെ പേരിലാണ്. 2004 മുതല്‍ 2007 വരെ ഒന്നാം നമ്പറായിരുന്ന ഫെഡറര്‍ പിന്നീട് നദാലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായി. വീണ്ടും ഉജ്ജ്വല പ്രകടനത്തോടെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച ഫെഡറര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം റാങ്കായ ഏഴാം സ്ഥാനത്താണ്. ഈ വര്‍ഷം ഫെഡറര്‍ ഒരു കിരീടം മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. ഹാലെ ഓപ്പണില്‍. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ബ്രിട്ടീഷുകാരന് ആന്‍ഡി മറേയോട് തോല്‍വി ഏറ്റുവാങ്ങിയായിരുന്നു ഫെഡററുടെ തുടക്കം. തൊട്ടുപിന്നാലെ റോട്ടര്‍ഡാമില്‍ ജൂലിയന്‍ ബെന്നറ്റിനോടും തോറ്റു. ദുബായ് ഓപ്പണില്‍ തോസ് ബെര്ഡിച്ചിനോടും ഇന്ത്യാ വെല്‍സില്‍ നദാലിനോടും പരാജയം ഏറ്റുവാങ്ങി.
നേടിയ കിരീടങ്ങളെക്കാളും കളിക്കുന്ന രീതിയായിരുന്നു ഫെഡററെ മഹാനാക്കിയത്. ടെന്നീസ് ഇതിഹാസം ജിമ്മി കോണേഴ്സ് അടക്കം ആ കേളീശൈലിയെ വാഴ്ത്തി. ഏതു കോര്‍ട്ടിലും ഏതു തരത്തിലും കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സാധാരണയായി ബേസ് ലൈനിലാണ് ഫെഡറര്‍ കളിക്കുന്നത്. പാദചലനങ്ങള്‍ മനോഹരമായിരുന്നു. ഷോട്ടുകളിലെ വൈവിധ്യവും ഫെഡററെ ഉയരത്തിലെത്തിച്ചു. പ്രതിഭയില്‍ ഫെഡറര്‍ക്കൊപ്പമെത്താന്‍ ഈ തലമുറയില്‍ ആരുമില്ല. എങ്കിലും പ്രായത്തിന്റെ അവശതകള്‍ ഈ ഇതിഹാസത്തെ തളര്‍ത്തിയിരിക്കുന്നു.
സ്പോര്‍ട്സ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: