ന്യൂദല്‍ഹി: സിബിഐക്ക് സ്വയംഭരണം നല്‍കണോ? അതോ സര്‍ക്കാര്‍ നിയന്ത്രിക്കണോ? അതല്ല ഇനി പുതിയ എന്തെങ്കിലും സംവിധാനം കൊണ്ടുവരുന്ന കാര്യം ആലോചിക്കണോ? എന്തായാലും ഇങ്ങനെ പോയാല്‍ പോരെന്നു പറയാന്‍ അവര്‍ തയ്യാറായിരിക്കുന്നു. ഇക്കാര്യം അവര്‍ സിബിഐയുടെ ഡയറക്ടര്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്നു. ഈ പ്രശ്നം ഉയര്‍ത്തിയിരിക്കുന്നത് രാഷ്ട്രീയക്കാരല്ല, എന്നാല്‍ വെറും വിമര്‍ശകരായ സാധാരണക്കാരുമല്ല എന്നതാണു പ്രത്യേകത.
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്.സി. ലഹോട്ടി, മുന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ജെ.എം. ലിംഗ്ദോ, മുന്‍ സിഎജി വി.കെ. ഷുംഗ്ലു, മുന്‍ വ്യോമസേനാ മേധാവി എസ്. കൃഷ്ണസ്വാമി, മുന്‍ ഡിജിപിമാരായ ജെ.എഫ്. റൊബീറോ, പ്രകാശ് സിംഗ് എന്നിവരാണ് ഇ ചോദ്യങ്ങള്‍ ഉയര്‍ത്തിയ പ്രമുഖരുടെ സംഘത്തിലെ അംഗങ്ങള്‍. അവരുടെ നിര്‍ദ്ദേശത്തിലെ മുഖ്യമായ ബിന്ദു ഇതാണ്, വാസ്തവത്തില്‍ സിബിഐക്ക് സ്വയംഭരണമാണോ വേണ്ടത് അതോ തലവന്‍ രണ്ടു വര്ഷക്കാലാവധിയെന്ന തീരുമാനമാണോ?
ഇന്ത്യാ പുനരുജ്ജീവന സംരംഭം (ഐആഐ) എന്നു പേരിട്ടുള്ള ഇവരുടെ പ്രസ്ഥാനം ആഗസ്റ്റ് 30 ന് സിബിഐ ഡയറക്ടര്‍ സിന്‍ഹയ്ക്ക് ഇതു സംബന്ധിച്ച് കത്തെഴുതി. അതില്‍ കത്തിനു മറുപടി നല്കാന് ധൈര്യമുണ്ടെങ്കില്‍ ചെയ്യൂ എന്നു വെല്ലുവിളിക്കുന്നുമുണ്ട്. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗിനെതിരെയുള്ള വരവില്‍ കവിഞ്ഞ സ്വത്തുകേസും റയില്‍വെ അഴിമതിക്കേസും കൈകാര്യം ചെയ്ത സിബിഐ നടപടികളാണ് ഐആര്‍ഐയെ ഏറ്റവും ഒടുവില്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. കത്തില്‍ അവര്‍ പറയുന്നു “ഞ്ഞങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സംശയങ്ങള്‍ അസ്ഥാനത്താണെന്നും ഞങ്ങളുടെ ഉത്കണ്ഠകള്‍ അനാവശ്യമാണെന്നും മറുപടി പറയുകയാണെങ്കില്‍ ഞങ്ങള്‍ സംതൃപ്തരായിരിക്കും” അഞ്ചു പേജ് കത്തില്‍ പറയുന്നു. ഐ ആര്ഐക്കു വേണ്ടി പ്രകാശ് സിംഗാണ് കത്തെഴുതിയിരിക്കുന്നത്. പോലീസ് പരിഷ്കരണമെന്ന വിഷയം ഉന്നയിച്ചു സുപ്രീംകോടതിയില്‍ ഹര്ജികൊടുത്തിട്ടുള്ളയാളാണ് പ്രകാശ് സിംഗ്.
റയില്‍വെ കേസില്‍ മുന്‍ റയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനെ പ്രതിയാക്കുന്നതിനു പകരം സാക്ഷിയാക്കിയ സംഭവം കത്തില്‍ സിബിഐക്കെതിരെയുള്ള മുഖ്യകുറ്റമായി ആരോപിക്കുന്നു. “അതൊരു ചിരിപ്പിക്കുന്ന സിബിഐ നീക്കമായിരുന്നു. റയില്‍വെ അഴിമതിക്കേസില്‍ എല്ലാ അര്‍ഥത്തിലും മുഖ്യ നേട്ടമുണ്ടാക്കിയ ഒരാള്‍ക്ക് ഇങ്ങനെയൊരു സൗകര്യവും ആനുകൂല്യവും സ്വബോധമുള്ള ഒരു സബ് ഇന്‍സ്പെക്ടര്‍ പോലും നല്‍കില്ല,” കത്തില്‍ പരിഹസിക്കുന്നു.
സ്വയംഭരണം വേണം സിബിഐക്ക് എന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നെങ്കിലും അന്വേഷണം സര്‍ക്കാരിന്റെ താത്പര്യങ്ങള്ക്കനുസരിച്ചുതന്നെയാണ് പോകുന്നതെന്ന് ഐആര്‍ഐ കുറ്റപ്പെടുത്തി. മുലായം സിംഗ് അനധികൃത സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ “സ്വതന്ത്രനടപടി” എടുക്കാന്‍ സിബിഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കേസ് കൊണ്ടുപോയി. അതേ സിബിഐ ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കൊലക്കേസില്‍ “കൂട്ടിലെ തത്ത”യാകാതെ “കഴുകനെ”പ്പോലെ മാറി.
“ഈ സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ ആര്‍ക്കും വ്യക്തമാകുന്ന അസന്ദിഗ്ദ്ധമായ കാര്യം ഇതാണ്, ഒരു കേസില്‍ സബിഐക്ക് സര്‍ക്കാര്‍ താത്പര്യം, മറ്റൊന്നില്‍ സ്വന്തം താത്പര്യം. സര്‍ക്കാരിന് ഒരു കേസ് മരവിപ്പിക്കണമെന്നുണ്ടെങ്കില് സിബിഐ അതു ചെയ്തുകൊടുക്കും. അതേപോലെ ഒരു കേസിനു ഗതിവേഗം കൂട്ടണമെങ്കില്‍ അതും ചെയ്തുകൊടുക്കും. സിബിഐ ആവശ്യാനുസണം ആജ്ഞാനുവര്‍ത്തിയാകുന്നു” ഐആര്‍ഐ വിമര്‍ശിക്കുന്നു.
മായാവതിക്കെതിരെയുള്ള താജ് കോറിഡോര്‍ കേസ്, ജയലളിതക്കെതിരെയുള്ള അനധികൃത സ്വത്തു സമ്പാദനക്കേസ് തുടങ്ങിയവയും ഐആര്‍എ അയച്ച കത്തില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: