ഹെന്‍സിങ്കി: ലോകത്തിലെ മുന്‍നിര മൊബെയില്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയെ മൈക്രോസോഫ്റ്റ് കോര്പ്പറേഷന് ഏറ്റെടുക്കുന്നു. ഏകദേശം 47,500 കോടി രൂപയ്ക്കാണ് മൈക്രോസോഫ്റ്റ് നോക്കിയയുടെ മൊബെയില്‍ ഫോണ്‍ ബിസിനസ് സ്വന്തമാക്കുന്നത്. മുന്‍ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവും നിലവിലെ നോക്കിയ സിഇഒയും ആയ സ്റ്റീഫന്‍ ഇലോപ് ഏറ്റെടുക്കലോടെ മൈക്രോസോഫ്റ്റിലേക്ക് മടങ്ങും. മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍ സ്ഥാനം ഒഴിയുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുക ഇലോപ് ആയിരിക്കും.
2014 ആദ്യപാദത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തായാക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നത്. നോക്കിയ ഓഹരി ഉടമകളുടേയും മറ്റും അംഗീകാരം ലഭിക്കുന്ന മുറയ്ക്കായിരിക്കും ഏറ്റെടുക്കല്‍. നോക്കിയയുമായുള്ള പങ്കാളിത്തം 2011 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിക്കുന്നത്.
വരുമാനം വര്‍ധിപ്പിക്കുക, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക, ഭാവിയിലെ നിക്ഷേപത്തിന് ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിനും ഈ ഇടപാടിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നോക്കിയയുടെ പ്രസ്താവനയില്‍ പറയുന്നു. ഭാവിയിലേക്കുള്ള ദൃഢമായ ചുവടുവയ്പ്പാണിതെന്നും ഇരു കമ്പനികളുടേയും ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ് ഈ ഇടപാടെന്നും മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍ പറഞ്ഞു.
ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ നോക്കിയ സിഇഒ സ്റ്റീഫന്‍ ഇലോപ്പിനൊപ്പം സീനിയര്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരായ ജോ ഹാര്‍ലോ, ജുഹ പുത്കിരന്ത, ടിമോ തൊയ്ക്കാനന്, ക്രിസ് വെബര്‍ തുടങ്ങിയവരും മാക്രോസോഫ്റ്റില് ചേരും.
2011 മുതല്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് സോഫ്റ്റ്വെയര് നോക്കിയ ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ്ങും ആപ്പിളും ആധിപത്യം ഉറപ്പിച്ചതോടെയാണ് മൊബെയില്‍ ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന നോക്കിയയുടെ പ്രതാപം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: