പുനലൂര്‍: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് ജനജീവിതം താറുമാറാക്കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാമണി അഭിപ്രായപ്പെട്ടു.
അടിക്കടി ഉണ്ടാകുന്ന വിലവര്‍ദ്ധനവ് നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ കഴിവുകെട്ട ഭരണത്തിന്റെ ഫലമായി സമ്പത് വ്യവസ്ഥ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ജനവിരുദ്ധ സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ പുനലൂര്‍ ഹെഡ്പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സാമ്പത്തിക വിദഗ്ധനെന്ന പേരില്‍ ഇന്ത്യന്‍ ഗ്രാമീണന്റെ തലയില്‍ കോണ്‍ഗ്രസുകാര്‍ കെട്ടിവെച്ച മാറാപ്പാവുകയാണ് പ്രധാനമന്ത്രി മന്മോഹന് സിംഗ്. രാജ്യത്തോടോ ജനങ്ങളോടോ ലവലേശം പ്രതിബദ്ധതയില്ലാത്ത ഭരണമാണ് സോണിയയുടെ ബിനാമിയായി നിന്നുകൊണ്ട് മന്മോഹന് നയിക്കുന്നത്.
ഇന്ധനവില മാത്രമല്ല അവശ്യസാധനവിലയും കുത്തനെ ഉയരുകയാണ്. ജനങ്ങള്‍ക്ക് സമാശ്വാസം പകരേണ്ട സര്‍ക്കാര്‍ കൈമലര്തത്തിക്കാട്ടുന്നു. കഴിവുകെട്ട ഈ ജനദ്രോഹ ഭരണകൂടത്തിനെതിരെ അതിശക്തമായ ജനകീയ പോരോട്ടത്തിന് സമയം അതിക്രമിച്ചതായി ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ബില്‍ എന്ന പേരില്‍ മലര്‍പ്പൊടിക്കാരന്റെ സ്വപനം പോലെയൊന്ന് ജനങ്ങള്ക്കുമുന്നിലവതരിപ്പിച്ച് കയ്യടി നേടാനാണ് സര്‍ക്കാര്‍ സ്രമിക്കുന്നത്. ഒരു വശത്ത് എല്ലാ സബ്സിഡികളുംേ എടുത്തുകളയുമെന്ന് ഭീഷണി മുഴക്കുകയും മറുവശത്ത് ഭക്ഷ്യസുരക്ഷയെക്കുറിച്ച് വാചമടിക്കുകയും ചെയ്യുന്നത് വിചിത്രമാണ്. വോട്ട് സുരക്ഷയ്ക്ക് വേണ്ടിയുള്ള കള്ളത്തരമാണ് പാര്‍മെന്റില്‍ അവതരിപ്പിക്കപ്പെട്ടത്.
അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ കടമെടുത്ത പണം കൊണ്ട് അവരുടെ പട്ടിണി മാറ്റാന്‍ പോയ അമേരിക്കന്‍ ദാസനായി മാറിയ പ്രധാനമന്ത്രി രൂപയുടെ തകര്‍ച്ചയില്‍ കൈകാലിട്ടടിക്കുകയാണ്. ഫലപ്രദമായ ഒരു നടപടിയും മുന്നോട്ട് വെക്കാനില്ലാത്ത സര്‍ക്കാര്‍ കഴിവുകേട് സമ്മതിച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടതെന്ന് രാധാമണി പറഞ്ഞു.
മുനിസിപ്പല്‍ സമിതി പ്രസിഡന്റ് എം. തുളസീധരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ധര്‍ണയില്‍ ആലഞ്ചേരി ജയചന്ദ്രന്, എന്‍.വാസുദേവന്‍, വടമണ്‍ ബിജു, പുനലൂര്‍ സുനില്‍, ഇടമണ്‍ റെജി, എസ്.പത്മകുമാരി, അരുണ്‍ ചന്ദ്രശേഖര്‍, പ്രിന്പ്രസാദ്, ദീപു ഭരണിക്കാവ്, കേസരി അനില്‍, പുഷ്പ, ബിനു സുദേവന്, ഹരീഷ് താമരപ്പള്ളി, രജി, അനില്‍, സുവിന് മണിയാര്‍, രാധാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: