ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്സലോണക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. സൂപ്പര്‍താരം ലയണല്‍ മെസ്സി ഈ സീസണില്‍ നേടിയ ആദ്യ ഹാട്രിക്കിന്റെ കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ശക്തരായ വലന്‍സിയയെയാണ് ബാഴ്സ കീഴടക്കിയത്. വലന്‍സിയയുടെ രണ്ട് ഗോളുകളും നേടിയത് ഹെല്‍ഡര്‍ പോസ്റ്റിഗയാണ്. അഞ്ച് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്.
മത്സരം ആരംഭിച്ച് 11-ാം മിനിറ്റിലാണ് മെസ്സി ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. സെസ് ഫാബ്രഗസ് നേടിയ പാസ് സ്വീകരിച്ചാണ് മെസ്സി ആദ്യ ഗോള്‍ നേടിയത്. 20-ാം മിനിറ്റില്‍ നെയ്മറുടെ ഒരു ശ്രമം ക്രോസ്ബാറിനെ ഉരുമ്മി പുറത്തുപോയി. ആറ് മിനിറ്റിനുശേഷം ആന്ദ്രെ ഇനിയേസ്റ്റയുടെ ശ്രമവും നേരിയ വ്യത്യാസത്തില്‍ പുറത്തായി. രണ്ട് മിനിറ്റിനുശേഷം മെസ്സിയുടെ മറ്റൊരു ശ്രമം അത്ഭുതകരമായ രീതിയില്‍ വലന്‍സിയ ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വസ് രക്ഷപ്പെടുത്തി. 38-ാം മിനിറ്റില്‍ വലന്‍സിയയുടെ ഡോര്‍ലാന്‍ പാബോണിന്റെ തകര്‍പ്പന്‍ ഷോട്ട് ബാഴ്സ ഗോളി വിക്ടര്‍ വാല്‍ഡസ് അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. തൊട്ടടുത്ത മിനിറ്റില്‍ ബാഴ്സ ലീഡ് ഉയര്‍ത്തി. ഫാബ്രഗസ് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത മെസ്സി പന്ത് അനായാസം വലന്‍സിയ വലയിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനുശേഷം മെസ്സി തന്റെ ഈ സീസണിലെ ആദ്യ ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഫാബ്രഗസും നെയ്മറും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ലഭിച്ച മെസ്സി വലന്‍സിയ വല കുലുക്കി. മൂന്ന് ഗോളിന് പിന്നിലായതോടെയാണ് വലന്‍സിയ ആക്രമണം ശക്തമാക്കിയത്. പിന്നീട് തുടര്‍ച്ചയായ ആക്രമണങ്ങളാണ് ബാഴ്സ ബോക്സിലേക്ക് വലന്‍സിയ താരങ്ങള്‍ നടത്തിയത്. 45-ാം മിനിറ്റില്‍ ജോ പെരേര മറിച്ചു നല്കിയ പന്ത് അതിസുന്ദരമായ ബൈസിക്കിള്‍ കിക്കിലൂടെ ഹെല്‍ഡര്‍ പോസ്റ്റിഗ ബാഴ്സ വലയിലെത്തിച്ചു. പിന്നീട് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് പോസ്റ്റിഗ രണ്ടാമതും ബാഴ്സ വല കുലുക്കി. എവര്‍ ബനേഗ എടുത്ത കോര്‍ണര്‍ ബോക്സിലേക്ക് പറന്നിറങ്ങിയപ്പോള്‍ പോസ്റ്റിഗ വെടിയുണ്ടകണക്കെ പായിച്ച ഹെഡ്ഡറാണ് ബാഴ്സ വല വീണ്ടും കുലുക്കിയത്.
മത്സരത്തിന്റെ 57-ാം മിനിറ്റില്‍ മെസ്സിയുടെ മറ്റൊരു ശ്രമം വലന്‍സിയ ഗോളിയുടെ മെയ് വഴക്കത്തിന് മുന്നില്‍ വിഫലമായി. പിന്നീട് 64-ാം മിനിറ്റില്‍ പെഡ്രോയുടെയും 84-ാം മിനിറ്റില്‍ മെസ്സിയുടെയും ശ്രമങ്ങള്‍ പാഴായി. രണ്ട് മിനിറ്റിനുശേഷം വലന്‍സിയയുടെ ജോണ്‍ ഒലിവേരയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങിയതോടെ സമനില സ്വപ്നവും പൊലിഞ്ഞു.
മറ്റൊരു മത്സരത്തില്‍ ഡേവിഡ് വിയയും കോക്കും നേടിയ ഗോളുകളുടെ മികവില്‍ അത്ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡിനെ കീഴടക്കി തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കി.
അത്ലറ്റിക് ബില്‍ബാവോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ശക്തരാ റയല്‍ മാഡ്രിഡും മികച്ച വിജയം സ്വന്തമാക്കി. ഈ സീസണില്‍ ടീമിലെത്തിയ ഇസ്കോയുടെ ഇരട്ട ഗോളുകളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുമാണ് താരസമ്പന്നമായ റയലിന് മികച്ച വിജയം സമ്മാനിച്ചത്. റയലിന് വേണ്ടി 202 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോയുടെ 202-ാം ഗോളായിരുന്നു ഇത്.
മറ്റ് മത്സരങ്ങളില്‍ സെവിയ-മലാഗ പോരാട്ടം 2-2നും എസ്പാനിയോള്‍-റയല്‍ ബെറ്റിസ് മത്സരം ഗോള്‍രഹിത സമനിലയിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: