ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനത്തെയാണ് ആഴ്സണല്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഒളിവര്‍ ജിറോഡാണ് മത്സരത്തിലെ ഏക ഗോള്‍ സ്വന്തമാക്കിയത്. തിയോ വാല്‍ക്കോട്ടിന്റെ പാസ് സ്വീകരിച്ച് ഇടംകാലുകൊണ്ട് ജിറോഡ് തൊടുത്ത ഷോട്ട് ടോട്ടനം വലയില്‍ തറച്ചുകയറുകയായിരുന്നു. മത്സരത്തില്‍ ആധിപത്യം നേടിയിട്ടും 14 തവണ ആഴ്സണല്‍ വല ലക്ഷ്യം വെച്ച് ഷോട്ട് ഉതിര്‍ത്തിട്ടും ടോട്ടനത്തിന് നിര്‍ഭാഗ്യത്തിന്റെ ദിവസമായിരുന്നു.
മറ്റൊരു മത്സരത്തില്‍ സ്വാന്‍സീ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ്ബ്രോമിനെ തകര്‍ത്തു. 22-ാം മിനിറ്റില്‍ ഡേവിസും 83-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസുമാണ് സ്വാന്‍സീ സിറ്റിയുടെ ഗോളുകള്‍ നേടിയത്.
അതേസമയം മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തിരിച്ചടി നേരിട്ടു. ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ നിലയുറപ്പിക്കും മുന്നേ ഡാനിയല്‍ സ്റ്ററിഡ്ജാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ നാലാം മിനിറ്റിലായിരുന്നു ഗോള്‍. രണ്ടാം റൗണ്ട് മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചെല്‍സിയോട് ഗോള്‍രഹിത സമനില വഴങ്ങിയതിനുപിന്നാലെ ലിവര്‍പൂളിനോട് തോറ്റത് യുണൈറ്റഡിന് ഒട്ടും ഗുണം ചെയ്യില്ല. പുതിയ പരിശീലകന് ഡേവിഡ് മോയസിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനിയും താളം കണ്ടെത്തിയിട്ടില്ലെന്ന് ഈ കളി തെളിയിച്ചു.
2012 ജനുവരിക്കുശേഷം ആദ്യമായാണ് സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ യുണൈറ്റഡിനെ മറികടക്കുന്നത്. ഈ വിജയത്തോടെ തുടര്‍ച്ചയായ മൂന്നാം വിജയവുമായി ലിവര്‍പൂള്‍ 9 പോയിന്റോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. മുന്‍നിര ടീമുകളില്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഏക ടീമും ലിവര്‍പൂള്‍ മാത്രമാണ്. 7 പോയിന്റുമായി ചെല്‍സി രണ്ടാമതും 6 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും നില്ക്കുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 7-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: