പാലക്കാട്: ഓരോ ദിവസവും ഞെട്ടിക്കുന്ന സ്ത്രീ പീഡനക്കേസുകള്‍ പുറത്തുവന്നു കൊണ്ടിരിക്കെ പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് സംസ്ഥാനത്തു നീതി നിഷേധിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരളം ദേശീയ ശരാശരിയിലും ഏറെ പുറകിലാണെന്നാണ് കണക്ക്.
രാജ്യത്ത് 15 ശതമാനം ബലാത്സംഗക്കേസുകള്‍ തീര്‍പ്പാക്കുമ്പോള്‍ കേരളത്തില്‍ അത് വെറും അഞ്ചു ശതമാനം മാത്രമാണ്. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ലൈംഗികപീഡനക്കേസുകള്‍ മാറ്റിവയ്ക്കാന്‍ പാടുള്ളൂവെന്ന നിയമഭേദഗതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ അയ്യായിരത്തിലധികം ലൈംഗിക പീഡനക്കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആകെ 249 കേസുകള്‍ മാത്രമാണു വിചാരണ പൂര്‍ത്തിയാക്കിയത്. അതില്‍ തന്നെ പ്രതികളായ ഇരുന്നൂറോളം പേരെ വെറുതെവിട്ടു. ഇതില്‍ അറുപതില്‍ താഴെ പേര്‍ക്കുമാത്രമാണ് ശിക്ഷ ലഭിച്ചത്. അയ്യായിരത്തോളം കേസുകളില്‍ ഇതുവരെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം.
ഇത്തരത്തില്‍ നടപടികള്‍ വൈകുന്നത് ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇതിനു പുറമെയാണ് ഇടനിലക്കാരുടെയും പോലീസിന്റെയും മുതലാളിമാരുടെയും ഇടപെടല്‍. പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഇവരിടപെട്ട് പല കേസുകളും ഒതുക്കിത്തീര്‍ക്കുന്നതായും പരാതികളുണ്ട്. ഇതോടെ ഇത്തരം കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നു.
രാജ്യത്തു അനുദിനം ഞെട്ടിക്കുന്ന പീഡനക്കേസുകള്‍ പുറത്തുവരുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തന്നെ സംസ്ഥാനത്തു നടപടികളുണ്ടാകാത്തത് സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച ആശങ്കയ്ക്കിടയാക്കുന്നു. സംസ്ഥാനത്തു ലൈംഗിക പീഡനക്കേസുകളില്‍ സ്ത്രീകള്‍ക്കു നീതി നിഷേധിക്കുന്നതു യാഥാര്‍ഥ്യമാണെന്നും ഇത്തരത്തിലുള്ള നടപടി സാക്ഷര കേരളത്തില്‍ അനുവദിക്കില്ലെന്നും കേസുകളിലെ നടപടി വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന് മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏറെ ചര്‍ച്ചചെയ്യപ്പെട്ട പല പീഡനക്കേസുകളും അന്വേഷണങ്ങളും എങ്ങുമെത്തിയിട്ടില്ലെന്നതാണ് വാസ്തവം. പീഡനത്തിനിരയായവര്‍ക്ക് നീതി നിഷേധിച്ച് കേസിന്റെ വിധി അന്തമമായി നീട്ടികൊണ്ടു പോകുന്നത് അവര്‍ക്കും കുടുംബത്തിനും മാനഹാനിയും മാനസിക സംഘര്‍ഷവും സൃഷ്ടിക്കുന്നു.
ദല്‍ഹി കൂട്ടമാനഭംഗക്കേസ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് സംസ്ഥാനത്തെ ബലാത്സംഗക്കേസുകള്‍ നീണ്ടുപോകുന്നതിലെ ആശങ്ക വനിതാ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. കോടതി നടപടിയില്‍ ഇടപെടാന്‍ സാധിക്കാത്തതിനാല്‍ ഇവയുടെ നടപടി വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാനാണ് വനിതാ കമ്മീഷന്റെ തീരുമാനം.
സിജ പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: