ഇപ്പോ: ഏഷ്യാകപ്പ് ഹോക്കി കിരീടം ദക്ഷിണകൊറിയ നിലനിര്‍ത്തി. വാശിയേറിയ ഫൈനലില്‍ ഇന്ത്യയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദക്ഷിണകൊറിയ ചരിത്രനേട്ടം കുറിച്ചത്.
ആദ്യപകുതിയില്‍ കൊറിയ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. ഗോളിന്റെ പെരുമഴ തീര്‍ത്തെങ്കിലും 68-ാം മിനിറ്റില്‍ ഇന്ത്യക്കെതിരായി വന്ന പെനാലിറ്റി കോര്‍ണറിലൂടെ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നേരിടുകയായിരുന്നു.
കളിയുടെ 28-ാം മിനിറ്റില്‍ ജാങ്ങ് ജോങ്ങ് ഹ്യൂന്, 29-ാം മിനിറ്റില്‍ യോ ഹ്യോ സിക്, 57-ാം മിനിറ്റില്‍ ഹ്യൂന് വൂ, 68-ാം മിനിറ്റില്‍ കാങ്ങ് മൂന് എന്നിവരാണ് കൊറിയക്കുവേണ്ടി ഗോളുകള്‍ നേടിയത്. ഇന്ത്യക്കുവേണ്ടി 48-ാം മിനിറ്റില്‍ രൂപീന്ദര്പാല്സിംഗ്, 55-ാം മിനിറ്റില്‍ നികിന് തിമ്മയ്യ, 66-ാം മിനിറ്റില്‍ മന്ദീപ് സിംഗ് എന്നിവരും ലക്ഷ്യം കണ്ടു.
തുടക്കത്തില്‍ കൊറിയയുടെ മേധാവിത്വമാണ് കളിയില്‍ പ്രകടമായി കണ്ടത്. ആദ്യ അഞ്ച് മിനിറ്റില്‍ ഇരുടീമുകള്‍ക്കും മികച്ച നീക്കങ്ങള്‍ നടത്താനായില്ല. രൂപീന്ദര്പാലിന്റെയും രഘുനാഥിന്റെയും ഒരു മുന്നേറ്റം ഫലം കാണാതെ പോയപ്പോള്‍ ഇന്ത്യ നിരാശരായി. തുടര്‍ന്ന് കൊറിയ ഇന്ത്യയുടെ നേര്‍ക്ക് മികച്ച നീക്കം നടത്തി. അവര്‍ക്ക് അനുകൂലമായി പെനാലിറ്റി കോര്‍ണര്‍ ലഭിക്കുകയും ചെയ്തു. ഇത് 28-ാം മിനിറ്റില്‍ കൊറിയ ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ന്ന് ഇന്ത്യ പതറിയ കാഴ്ചയാണ് കണ്ടത്. ഗോള്‍ വഴങ്ങിയ ഇന്ത്യയുടെ പ്രതിരോധം പിളര്‍ന്ന് യു ഹ്യോ സിക് മനോഹരമായ ഫീല്‍ഡ് ഗോള്‍ നേടി. ഇത് ഇന്ത്യക്ക് കനത്ത ആഘാതമായി. ചാമ്പ്യന്‍പട്ടം സ്വപ്നം കണ്ടിറങ്ങിയവര്‍ കൊറിയയുടെ ഇരട്ട അടിയില്‍ ഞെട്ടിനിന്നു.
രണ്ടാം പകുതിയില്‍ റീചാര്‍ജ് ചെയ്തിറങ്ങിയ ഇന്ത്യയെയാണ് ഗ്രൗണ്ടില്‍ കണ്ടത്. 48-ാം മിനിറ്റില്‍ പെനാലിറ്റി കോര്‍ണറിലൂടെയാണ് ഇന്ത്യ തിരിച്ചുവരവിന്റെ സൂചന നല്‍കിയത്. 55-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തിയതോടെ കൊറിയക്കും വീര്യമേറി. മത്സരം കടുത്തു. രണ്ട് മിനിറ്റിനകം കൊറിയ വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്ത്യ ആക്രമണത്തിന്റെ കൂട് തുറന്നുവിട്ടു. കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ഇന്ത്യ മത്സരം 3-3 എന്ന നിലയിലാക്കി. മന്ദീപാണ് കൊറിയയെ ഞെട്ടിച്ചത്. എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം അവശേഷിക്കെ കൊറിയ വിജയഗോള്‍ കണ്ടെത്തി.
ഗോളി ശ്രീജേഷിന്റെ മികച്ച സേവുകള്‍ ഇല്ലായിരുന്നെങ്കില്‍ കൊറിയ വന്‍ ജയം നേടുമായിരുന്നു. ഏറ്റവും മികച്ച മത്സരത്തിനൊടുവിലാണ് ഇന്ത്യ പൊരുതിത്തോറ്റത്.
നേരത്തെ നടന്ന മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ പാക്കിസ്ഥാന് മൂന്നാംസ്ഥാനം നേടി. അബ്ദുള്‍ ഹസീം ഖാന്, മൊഹമ്മദ് ഇമ്രാന് എന്നിവരാണ് പാക്കിസ്ഥാനുവേണ്ടി ഗോള്‍ നേടിയത്. ഹസിം ഖാന് 35, 56 മിനിറ്റുകളില്‍ ഗോള്‍ നേടിയപ്പോള്‍ ഇമ്രാന് 54-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. സാനിയാണ് മലേഷ്യയുടെ ആശ്വാസഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: