ന്യൂയോര്‍ക്ക്: റാഫേല്‍ നദാലും വിക്ടോറിയ അസാരങ്കയും യുഎസ് ഓപ്പണിനെറ പ്രീക്വാര്‍ട്ടറില്‍ കടന്നു. ക്രൊയേഷ്യന്‍ താരമായ ഇവാന് ഡോഡിഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ അവസാന 16ല്‍ ഇടംപിടിച്ചത്. മികച്ച ചെറുത്തുനില്‍പ്പാണ് ക്രൊയേഷ്യന്‍ താരം നടത്തിയത്.
എന്നാല്‍ 2010 യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ അതിനെ മറികടക്കുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് നദാല്‍.
വനിതാ വിഭാഗത്തില്‍ ഫ്രഞ്ച് താരം ആലീസ് കോര്‍നെറ്റിനെ പരാജയപ്പെടുത്തിയ വിക്ടോറിയ അസാരങ്കയും പ്രീക്വാര്‍ട്ടറിലെത്തി. അസാരങ്കയെ വെള്ളം കുടിപ്പിച്ച ശേഷമാണ് കോര്‍നെറ്റ് കീഴടങ്ങിയത്. സ്കോര്‍: 6-7 (2-7), 6-3, 6-2. ആദ്യസെറ്റില്‍ തന്നെ കാലിടറിയ ബലാറസ് താരം തുടര്‍ന്നുള്ള സെറ്റുകളില്‍ വിജയം പിടിച്ചെടുത്താണ് അവസാന 16ലേക്ക് മാര്‍ച്ച് ചെയ്തത്. ടൂര്‍ണമെന്റില്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് അസാരങ്ക.
പുരുഷവിഭാഗത്തില്‍ റോജര്‍ ഫെഡററും മുന്നേറിയിട്ടുണ്ട്. അഡ്രിയാന്‍ മസരിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ഫെഡറര്‍ ഒരു മണിക്കൂര്‍ 21 മിനിറ്റുകൊണ്ട് വിജയം പിടിച്ചെടുത്തത്. സ്കോര്‍: 6-3, 6-0, 6-2. അടുത്ത റൗണ്ടില്‍ സ്പാനിഷ് താരം ടോമി റാബ്രസോയുമായി ഫെഡറര്‍ കൊമ്പുകോര്‍ക്കും. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഫെഡറര്‍ക്കായിരുന്നു ജയം. ഈ ആത്മവിശ്വാസത്തിലാവും സ്വിസ് താരം തയ്യാറെടുപ്പ് നടത്തുക.
വനിതാ വിഭാഗത്തില്‍ അമേരിക്കന്‍ താരം ക്രിസ്റ്റീന മഖാലെയെ പരാജയപ്പെടുത്തിയ അന ഇവാനോവിച്ചും കുതിപ്പ് തുടര്‍ന്നു. സ്കോര്‍: 4-6, 7-5, 6-4. മികച്ച പ്രകടനം കാഴ്ചവെച്ചതിനുശേഷമാണ് ക്രിസ്റ്റീന കീഴടങ്ങിയത്. ആദ്യസെറ്റ് നഷ്ടപ്പെട്ട അന ഉജ്ജ്വലമായി പൊരുതി തിരിച്ചുവരികയായിരുന്നു. അടുത്ത റൗണ്ടില്‍ അന രണ്ടാംനമ്പര്‍ താരം അസാരങ്കയെ നേരിടും.
വനിതാ വിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ ആറാം സീഡായ കരോളിന് വോസ്നിയാക്കിയെ ഇറ്റാലിയന്‍ താരം കാമില ജിയോര്‍ജി അട്ടിമറിച്ചു. സ്കോര്‍: 4-6, 6-4, 6-3. ആദ്യസെറ്റ് നേടാനായെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ 136-ാം റാങ്കുകാരിയായ ഇറ്റാലിയന്‍ താരം ഉജ്ജ്വ തിരിച്ചുവരവാണ് നടത്തിയത്. ഇവിടെ പിടിച്ചുനില്ക്കാന് വോസ്നിയാക്കിക്ക് കഴിഞ്ഞില്ല. മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ ഡാനിഷ് താരം നൂറുകളില്‍ റാങ്കുള്ള താരത്തോട് ഈ സീസണില്‍ പരാജയപ്പെടുന്നത് ഇത് നാലാം തവണയാണ്. ഇറ്റാലിയന്‍ താരം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഈ വര്‍ഷം വിംബിള്‍ഡണിലും കാമില പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു. അതിനുശേഷം തോളിന് പരിക്കേറ്റ ഇറ്റാലിയന്‍ താരം യുഎസ് ഓപ്പണിലാണ് റാക്കേറ്റ്ടുത്തത്. റൊമാനിയന്‍ താരം സിമോണ ഹാലെപ് നേരിട്ടുള്ള മെഡലുകള്‍ക്ക് റഷ്യന്‍താരം മരിയ കിരിലെങ്കോവിനെ പരാജയപ്പെടുത്തി മുന്നേറി. സ്കോര്‍: 6-1, 6-0. ന്യൂഹാവെനില്‍ കിരീടം നേടിയ ശേഷമാണ് സിമോണ ഹാലെപ് യുഎസ് ഓപ്പണിനെത്തിയത്.
ബ്രിട്ടന്റെ ഇവാന്‍സിനെ പരാജയപ്പെടുത്തി ടോമി റോബേഡോയും മുന്നേറി. വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു റോബേഡോയുടെ വിജയം. സ്കോര്‍: 7-6 (8-6), 6-1, 4-6, 7-5. ഡേവിഡ് ഫെററും മുന്നേറി. കസാഖ് താരം കുകുപ്ക്കിനെ പരാജയപ്പെടുത്തിയാണ് ഫെറര്‍ മുന്നേറിയത്. സ്കോര്‍: 6-4, 6-3, 4-6, 6-4. പെട്ര കിറ്റോവയെ പരാജയപ്പെടുത്തി അമേരിക്കന്‍ താരം അലിസണ് റിസ്കും തിളങ്ങി. സ്കോര്‍: 6-3, 6-0. കിറ്റോവ പൂര്‍ണ്ണമായും പരാജയപ്പെട്ട മത്സരമായിരുന്നു ഇത്. ഫ്ലേവിയ പെന്നറ്റ, റിച്ചാര്‍ഡ് ഗാസ്ക്കറ്റ് എന്നിവരും മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: