ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്ളിനെ തകര്‍ത്തു. കളിയുടെ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 65-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അല്‍വാരോ നെഗ്രദോ ആണ് സിറ്റിയെ മുന്നിലെത്തിച്ചത്. 90-ാം മിനിറ്റില്‍ യായാ ടുറെ സിറ്റിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ആദ്യപകുതിയില്‍ ഹള്ളിന് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. സോണ്‍ അലൂക്കോയുടെ ഒരു ഷോട്ട് സിറ്റി ഗോളിയെ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ കരുത്താര്ജിച്ചിറങ്ങിയ സിറ്റി വിജയം പിടിച്ചെടുക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഫുള്‍ഹാമിനെ മുക്കി. കളിയുടെ 86-ാം മിനിറ്റില്‍ ബെന്‍ ആര്ഫയാണ് ന്യൂകാസിലിന്റെ വിജയഗോള്‍ നേടിയത്. വാശിയേറിയ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍പാലസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സണ്ടര്ലന്റിനെ പരാജയപ്പെടുത്തി. കളിയുടെ ഒന്‍പതാം മിനിറ്റില്‍ ഡാനി ഗാബിഡ്രോണാണ് ക്രിസ്റ്റല്‍പാലസിനെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് സമനിലക്കായി സണ്ടര്‍ലാന്‍ഡ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
ലീഡുയര്‍ത്താന്‍ ക്രിസ്റ്റല്‍ പാലസിനും കഴിഞ്ഞില്ല. ആദ്യപകുതിയില്‍ ക്രിസ്റ്റല്‍ പാലസ് 1-0 എന്ന നിലയില്‍ മുന്നിട്ടുനിന്നു. കളിയുടെ 64-ാം മിനിറ്റില്‍ ഫ്ലെച്ചര്‍ സണ്ടര്‍ലാന്‍ഡിന് സമനില ഗോള്‍ നേടിക്കൊടുത്തു. 79-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഡ്വിറ്റ് ഗെയ്ല് ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചു. 90-ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ഒ കീഫ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
വെസ്താമിനെ പരാജയപ്പെടുത്തി സ്റ്റോക്ക് സിറ്റി മുന്നേറി. 82-ാം മിനിറ്റില്‍ ജെര്മെയ്ന് പെനന്റാണ് വിജയികള്‍ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. പെനന്റ് എടുത്ത ഫ്രീകിക്കാണ് സ്റ്റോക്കിന് ഗോള്‍ നേടിക്കൊടുത്തത്.
മറ്റൊരു മത്സരത്തില്‍ നോര്‍വിച്ച് ഒരു ഗോളിന് സതാമ്പ്ടണെ പരാജയപ്പെടുത്തിയപ്പോള്‍ കാര്‍ഡിഫ്-എവര്ട്ടണ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: