ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിക്കാന്‍ തീരുമാനിച്ച ചെയര്‍ മാറ്റാന്‍ ശ്രമിച്ചതിലൂടെ എംജി സര്‍വകലാശാല വിസി സര്‍വകലാശാലക്ക് സര്‍വകാല ദുഷ്പ്പേര് സമ്മാനിച്ചുവെന്ന് പ്രമുഖ നാടകകൃത്തും ഭാരതീയ വിദ്യാഭവന്റെ പി.ജി. കോളജ് പ്രന്‍സിപ്പലുമായ പ്രൊഫസര്‍ ഓംചേരി എന്‍.എന്‍.പിള്ള പറഞ്ഞു.
വിവേകാനന്ദ ചെയറുകളില്‍ ഒന്ന് കേരളത്തിലെ എം.ജി. സര്‍വകലാശാലയിലാണെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു. എന്നാല്‍ ഒരു മത സംഘടനയുടെ ക്യാംപസ് ഘടകത്തിന്റെ എതിര്‍പ്പു കൊണ്ട് ചെയറിന്റെ ഉദ്ഘാടനം റദ്ദാക്കിയതായും ചെയറില്‍ നിയമിതനായ വ്യക്തി സംഘടനയ്ക്ക് അനഭിമത്തനായതാണ് എതിര്‍പ്പിന് കാരണമെന്നും സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പറയുന്നത് കേട്ടു. ഇപ്പോള്‍ ആ ചെയര്‍ തന്നെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അറിയുന്നു.
കേരളം ഭ്രാന്താലയമാണെന്ന് 120- ഓളം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാമി വിവേകാനന്ദന് പറഞ്ഞത് കേരളത്തില്‍ നടമാടിയിരുന്ന ജാതി ഭ്രാന്ത് കണ്ട് വേദനിച്ചിട്ടാണ്.സ്വാമിജി കണ്ടതരത്തിലുള്ള ഭ്രാന്ത് അവസാനിപ്പിച്ച കേരളം, ഇന്ന് അതിനേക്കാള്‍ ഭീകരമായ മറ്റൊരു തരം ഭ്രാന്തിന്റെ താവളമായി മാറിയിരിക്കുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
സര്‍വ്വമത ആരാധ്യനായ, ലോകവന്ദ്യനായ ഭാരതത്തിന്റെ നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദന്റെ പേരിലുള്ള ചെയര്‍ വേണ്ടെന്ന് പറയാനുള്ള അജ്ഞത വിവരദോഷികള്‍ക്ക് കണ്ടേക്കാമെങ്കിലും ഒരു വൈസ് ചാന്‍സലര്‍ക്ക് അതുണ്ടാകാന്‍ പാടുള്ളതല്ല. വിവേകാനന്ദ സാഹിത്യത്തിലും ഭാരതീയ ചിന്തയിലും അവഗാഹമുള്ള സര്‍വ്വമത ആരാധ്യനായ ഒരു പണ്ഡിതനെതിരെ അപവാദം പറഞ്ഞ് എതിര്‍പ്പുണ്ടാക്കാന്‍ ഒരു കൂട്ടര് ശ്രമിച്ചാല്‍, പ്രത്യേകിച്ചു അവരാരാണെന്ന് അറിവുള്ള വി.സി ചെയ്യേണ്ടത് ആ ഭീഷണിക്ക് കീഴടങ്ങുകയല്ല.
അതുപോലുള്ള പ്രശ്നങ്ങള്‍ സര്‍വ്വകലാശാലയുടെ അന്തസ്സിനും ആരുടെ പേരിലാണോ ചെയര്‍ സ്ഥാപിക്കുന്നത്, ആ വ്യക്തിയുടെ മഹത്വത്തിനും കോട്ടം തട്ടാത്ത വിധം പരിഹരിക്കാന്‍ കഴിയാത്തൊരാള്‍ സര്‍വ്വഭരണ മേധാവിയായിരിക്കാന്‍ അര്‍ഹനല്ല. സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും വി.സി പണ്ഡിതനായിരിക്കണമെന്നില്ല. ഒരു പ്രത്യേക വിഷയത്തിലും വി.സിക്ക് പാണ്ഡിത്യം വേണമെന്നുമില്ല. തെറ്റും ശരിയും തിരിച്ചറിയാനും ശരിയുടെ ഭാഗത്ത് ഉറച്ച് നില്ക്കാനുമുള്ള കഴിവാണ് വി.സിക്കാവശ്യം. അതാണ് ഭരണാധികാരിയുടെ നൈപുണ്യം. ഭരണനിര്‍വ്വഹണ കര്യത്തില്‍ വൈസ് ചാന്‍സലര്‍ പരാജയപ്പെട്ടതും സര്‍വ്വകലാശാലയ്ക്ക് സര്‍വ്വകാല ദുഷ്പേര് സമ്പാദിച്ചതും ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല. അതു മാറ്റേണ്ടതാണ്. കേരളം മറ്റൊരു തരം ഭ്രാന്തിന്റെ താവളമാകുവാന്‍ പാടുള്ളതല്ല. ഒരാള്‍ക്ക് സര്‍വ്വമത വിശ്വാസിയാകാനുള്ള അവകാശം ചോദ്യം ചെയ്യപ്പെട്ടു കൂടാ. സ്വാമി വിവേകനന്ദനും അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരും സര്വ്വമതവിശ്വാസികളായിരുന്നു. ഇവരെയെല്ലാം ഇക്കൂട്ടര്‍ വിചാരണ ചെയ്യുകയാണ്. സര്‍വ്വകലാശാല ഈ തെറ്റ് തിരുത്തുകയും സ്വാമി വിവേകാനന്ദനോട് കാണിച്ച ഈ നിന്ദയ്ക്ക് മാപ്പ് ചോദിക്കേണ്ടതുമാണ്. കേരളത്തിനു മാത്രമല്ല, ഭാരതത്തിനു കൂടിയും അപമാനകരമായ സംഭവമാണ് സര്‍വ്വകലാശാലയില്‍ നടന്നത്, ഓംചേരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: