ന്യൂദല്‍ഹി: മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹിയിലെ നഗര കോടതി പോലീസിനോട് നിര്‍ദേശിച്ചു. ബിജെപിയുടെ ദല്‍ഹി മുന്‍ അധ്യക്ഷന്‍ വിജേണ്ടര്‍ ഗുപ്തയും വിവരാവകാശ പ്രവര്ത്തകന് വിവേക് ഗാര്‍ഗും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
അഴിമതി വിരുദ്ധ കോടതിയിലെ പ്രത്യേക ജഡ്ജ് നരോത്തം കൗശലാണ് ഐപി എസ്റ്റേറ്റ് പോലീസിനോട് ഇരുവരുടെയും പരാതിയിന്മേല് കേസെടുക്കാനും അന്വേഷിക്കാനും ഉത്തരവിട്ടത്. രണ്ട് പരാതികളും നല്‍കിയത് ഈ വര്‍ഷം ജൂണിലാണ്. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണങ്ങള്‍ക്കായി നീക്കിവച്ചിരുന്ന 22.56 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ദീക്ഷിത് ദുരുപയോഗം ചെയ്തെന്നാണ് പരാതി. മെയ് 22ന് ദീക്ഷിതിന് താക്കീതും പിഴശിക്ഷയും നല്‍കണമെന്ന ദല്‍ഹി ലോകായുക്തയുടെ വിധിയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഐപിസി 409-ാം വകുപ്പുപ്രകാരം കുറ്റകരമായ നിയമലംഘനം, പൊതുഫണ്ടിന്റെ കുറ്റകരമായ ദുര്‍വിനിയോഗം, കുറ്റകരമായ സ്വഭാവദൂഷ്യം തുടങ്ങി അഴിമതി തടയല്‍ ചട്ടത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ഗുപ്തയും ഗാര്‍ഗും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദീക്ഷിതിനെതിരെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പോലീസ് നിലപാട്. ലോകായുക്തയുടെ റിപ്പോര്‍ട്ട് പൂര്‍ണമല്ലാത്തതിനാല്‍ ലോകായുക്ത നിയമപ്രകാരം ഒംബുഡ്സ്മാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നായിരുന്നു ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ബി.എസ്. ജൂന്‍ കോടതിയെ ധരിപ്പിച്ചത്.
ആരോപണത്തില്‍ തീര്‍പ്പുണ്ടായാല്‍ തന്നെ പോലീസിന് നടപടി സ്വീകരിക്കാമെന്ന് ഗുപ്തയുടെ അഭിഭാഷകരായ അജയ് ബര്‍മനും അജയ് ദിഗ്പാളും വാദിച്ചു. ലോകായുക്തയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി നടപടി സ്വീകരിച്ചിട്ടില്ലെന്നും നടപടിക്രമം അനുസരിച്ച് റിപ്പോര്‍ട്ട് പൂര്‍ണമായിട്ടില്ലെന്നും ജൂന്‍ മറുവാദം ഉന്നയിച്ചു. 2007-08 ലാണ് പരാതി ഉണ്ടായത്. ഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ട ആ സമയത്ത് ദീക്ഷിത് ആയിരുന്നു ദല്‍ഹി മുഖ്യമന്ത്രിയും വിവരാവകാശ പ്രചരണ വിഭാഗത്തിന്റെ മന്ത്രിയും. ആ വര്‍ഷമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നിരവധി സര്‍ക്കാര്‍ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഷീലാ ദീക്ഷിതിന്റെ ചിത്രങ്ങളടങ്ങിയ അനേകം പരസ്യങ്ങള്‍ ദല്‍ഹി മെട്രോയിലും ബസ് ഷെഡ്ഡുകളിലും സ്ഥാപിച്ചിരുന്നു. റേഡിയോ പരസ്യങ്ങളിലും ടിവി മുഖേനയും ഒക്കെ സര്‍ക്കാര്‍ സംവിധാനവും പൊതുഫണ്ടും ദുരുപയോഗം ചെയ്തു. സര്‍ക്കാര്‍ ഖജനാവിന് വന്‍ സാമ്പത്തികഭാരം വരുത്തിവച്ച് അവരുടെ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരണമാണ് നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ധനമന്ത്രി, ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് ഗാര്‍ഗിന്റെ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വക കാര്യങ്ങള്‍ക്ക് ചെലവ് ചെയ്യാന്‍ അനുമതി നല്‍കിയത് മന്ത്രിസഭയും വകുപ്പുമാണ്. പിന്നെ എന്തിന് ഷീലാ ദീക്ഷിതിനെതിരെ മാത്രം അന്വേഷണം നടത്തണമെന്ന് ഗാര്‍ഗ് ശനിയാഴ്ച ചോദിച്ചു. ഗൗരവമുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തേണ്ടതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ച പുറത്തു വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: