ന്യൂദല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്്ജിത്ത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചതിനെ തുടര്‍ന്ന് അത്ലറ്റിക്ക് ഫെഡറേഷന് പിന്തുണയുമായി രംഗത്തെത്തി. രഞ്ജിത്ത് ഉത്തേജകം ഉപയോഗിച്ചു എന്ന കാരണത്താലാണ് അര്‍ജുന നിഷേധിച്ചത്.
എന്നാല്‍ ആരോപണം ശരിയല്ലെന്ന കണ്ടെത്തലിലാണ് എഎഫ്ഐ എത്തിച്ചേര്‍ന്നിരിക്കുന്നത്. 2008ല്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നാണ് രഞ്ജിത്ത് ഉപയോഗിച്ചതെന്ന് ഒരു അഭിമുഖത്തില്‍ എഎഫ്ഐ പ്രസിഡന്റ് അതില്‍ സുമാരിവാല വ്യക്തമാക്കുകയും ചെയ്തു.
നേരത്തെ അസുഖബാധിതനായിരുന്ന താന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് മരുന്ന് കഴിച്ചതെന്നും അത് വിവാദത്തിലെത്തിക്കുകയായിരുന്നെന്ന് രഞ്ജിത്തും പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാഡയും അത്ലറ്റിക് ഫെഡറേഷനും തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നും രഞ്ജിത്ത് മഹേശ്വരി പറഞ്ഞു.
ഉത്തേജക മരുന്ന് വിവാദത്തെ തുടര്‍ന്ന് ഇന്നലെയാണ് രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രി ജിതേന്ദ്ര സിംഗ് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് ശേഷം രഞ്ജിത്തിന് അവാര്‍ഡ് നല്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ട് രഞ്ജിത്തിന് അനുകൂലമായ സാഹചര്യത്തില്‍ അര്‍ജുന നല്‍കുമെന്നാണ് സൂചന.
കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയെട്ടാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്ക് മീറ്റില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നു എന്ന റിപ്പോര്‍ട്ടാണ് വിവാദമായത്. ഉത്തേജക വിവാദത്തില്‍ പെടുന്നവര്‍ക്ക് അര്‍ജുന നല്‍കരുതെന്ന് അവാര്‍ഡിന്റെ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. വാര്‍ത്ത പുറത്തു വന്നതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക സെക്രട്ടറി കായികമന്ത്രാലയത്തിന് കത്തു നല്‍കുകയായിരുന്നു. അതിനിടെ വിവാദത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: