ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനായി സാധാരണക്കാര്‍ക്ക് ലഭിക്കുന്ന സബ്സിഡികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. ചരക്കു സേവന നികുതി വര്‍ദ്ധനവ്, ഇന്‍ഷുറന്‍സ്, പെന്ഷന് മേഖലകളിലെ പരിഷ്ക്കരണം എന്നിവയും നടപ്പാക്കുമെന്ന് മന്‍മോഹന്‍സിങ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
സാധാരണജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ് ബഹിഷ്ക്കരിച്ചു പ്രതിഷേധിച്ചു. ഭരണപരാജയം പ്രതിപക്ഷത്തിന്റെ മേല്‍ കെട്ടിവെയ്ക്കാന്‍ മന്‍മോഹന്‍സിങ് ശ്രമിച്ചത് പ്രതിപക്ഷ ബഹളത്തിനു കാരണമായി. പ്രധാനമന്ത്രി പ്രതിപക്ഷത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്ക്കരിച്ചു രാഷ്ട്രപതിയെ നേരില്‍ക്കണ്ട് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയേപ്പറ്റിയുള്ള ആശങ്ക അറിയിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍,ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി,വെങ്കയ്യ നായിഡു എന്നിവര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയേപ്പറ്റി തീര്‍ത്തും നിരാശാജനകമായ പ്രസ്താവനയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയത്. പ്രതിസന്ധിയെപറ്റി പ്രധാനമന്ത്രി നേരിട്ട് സഭയില്‍ പ്രസ്താവിക്കണമെന്ന ബിജെപിയുടെ ആവശ്യത്തേ തുടര്‍ന്ന് ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കുമേല്‍ വീണ്ടും അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ സഭ ബഹിഷ്ക്കരിച്ചു.
ഉദ്യോഗസ്ഥ ചുവപ്പുനാടയില്‍ പദ്ധതികള്‍ കുടുങ്ങിയതും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഭരണത്തെ ബാധിച്ചതും സാമ്പത്തിക പ്രതിസന്ധിക്കു കാരണങ്ങളായി പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ശക്തമായ പരിഷ്ക്കരണങ്ങള്‍ പ്രതിസന്ധി മറികടക്കുന്നതിനാവശ്യമാണ്.
റിസര്‍വ് ബാങ്കും സര്‍ക്കാരും രൂപയുടെ വിനിമയ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ രാജ്യാന്തര സാഹചര്യങ്ങളാണ് രൂപയുടെ വിലിയിടിവിന് കാരണമായത്. രണ്ടു മാസത്തിനുള്ളില്‍ ഇതു മറികടക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഫലം കണ്ടു തുടങ്ങും. താല്‍ക്കാലിക തിരിച്ചടികള്‍ സാമ്പത്തിക പരിഷ്കരണ നടപടികളില്‍ നിന്ന് സര്‍ക്കാരിനെ പിന്നോട്ടു നയിക്കില്ല. അമേരിക്കയിലെ സാമ്പത്തിക രക്ഷാപാക്കേജുകള്‍ പിന്‍വലിക്കുമെന്ന് മെയ് മാസം അവര്‍ പ്രഖ്യാപിച്ചത് പ്രതിസന്ധിക്കു കാരണമായി. നിക്ഷേപകരുടെ ഇന്ത്യയില്‍ നിന്നുള്ള മടങ്ങിപ്പോക്കിനു ഇതാണ് കാരണമായത്. സിറിയയിലെ ആഭ്യന്തര കലാപം ഇന്ത്യ ഉള്‍പ്പെടെ നിരവധി ലോകരാജ്യങ്ങളെ ബാധിച്ചു.
രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായത് കല്‍ക്കരി, പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി വര്‍ദ്ധിച്ചതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതും നിയന്ത്രിക്കും. സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത് ജനങ്ങള്‍ ഉപേക്ഷിക്കണമെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ ഫലം കണ്ടുതുടങ്ങുമെന്നും രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.
പ്രധാനമന്ത്രിയെ കള്ളനെന്നു വിളിക്കുന്ന പ്രതിപക്ഷം ലോകത്ത് ഇന്ത്യയില്‍ മാത്രമേ കാണൂ എന്ന മന്‍മോഹന്‍സിങ്ങിന്റെ രാജ്യസഭയിലെ പ്രസ്താവനയ്ക്ക് വിശ്വാസ വോട്ടു നേടാന്‍ എംപിമാരെ വിലയ്ക്കെടുക്കുന്ന പ്രധാനമന്ത്രിയും ഇന്ത്യയില്‍ മാത്രമേ ഉണ്ടാകൂ എന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി മറുപടി പറഞ്ഞു. ഇന്ത്യാ-അമേരിക്ക ആണവ കരാറിനു ശേഷം ഇടതു പാര്‍ട്ടികള്‍ 2008 ജൂലൈയില്‍ പിന്തുണ പിന്‍വലിച്ചതിനേ തുടര്‍ന്നുണ്ടായ അവിശ്വാസ വോട്ടെടുപ്പിനെ അട്ടിമറിച്ചത് കോടികള്‍ എംപിമാര്‍ക്ക് കൈക്കൂലി നല്കിയാണെന്ന സത്യം അരുണ്‍ ജെയ്റ്റിലി ഓര്‍മ്മിപ്പിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: