ലഖ്നൗ: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് യാസിന് ഭട്കലിന്റെ അറസ്റ്റിന് പുറകെ വിവാദ പ്രസ്താവനയുമായി സമാജ്വാദി പാര്‍ട്ടി നേതാവ് കമാല്‍ ഫാറൂഖി. ഭട്കലിനെ അറസ്റ്റ് ചെയ്തതില്‍ അടിസ്ഥാനമാക്കിയിരിക്കുന്നത് കുറ്റകൃത്യങ്ങളെയാണോ അതോ മതത്തെയാണോ എന്നായിരുന്നു ഫാറൂഖിയുടെ ചോദ്യം. ഫാറൂഖിയുടെ പ്രസ്താവന വക്രവും ക്ഷമ ചോദിക്കേണ്ടതുമാണെന്ന കുറ്റപ്പെടുത്തലുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഭട്കല് ഭീകരനാണെങ്കില്‍ ഒരിക്കലും അയാളെ ഒഴിവാക്കരുത്. എന്നാല്‍ മുസ്ലിമായതുകൊണ്ട് മാത്രമാണ് അയാളെ അറസ്റ്റ് ചെയ്തതെങ്കില്‍ മുന്‍കരുതലെടുക്കണം. കാരണം മുഴുവന്‍ സമൂഹത്തിനും തെറ്റായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. സമഗ്രമായ അന്വേഷണം നടത്താതെ ഒരു മതവിഭാഗത്തെ മുഴുവനും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നതാണ് ആ സന്ദേശമെന്ന് ഫാറൂഖി പറഞ്ഞു. ഭട്കലിന്റെ മതം നോക്കിയാണ് അറസ്റ്റെങ്കില്‍ അത് രാജ്യത്തിന് കടുത്ത ഹാനി വരുത്തുമെന്നും ഫാറൂഖി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ വ്യക്തവും സമഗ്രവുമായ അന്വേഷണം വേണം. സത്യത്തിന്റെ അടിത്തട്ട് വരെ പോകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. പോലീസ് ഭീകരരെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത പലരെയും അങ്ങനെയല്ലെന്ന് കണ്ട് പിന്നീട് വിട്ടയച്ച നിരവധി സംഭവങ്ങള്‍ നമ്മുടെ ഭൂതകാലത്തിലുണ്ട്. ഫാറൂഖി വ്യക്തമാക്കി. ഫാറൂഖിയുടെ പ്രസ്താവന ഖേദം പ്രകടിപ്പിക്കാനുള്ളതാണ്. അഗാധമായ ഖേദം പ്രകടിപ്പിക്കണം. ഫാറൂഖി രാജ്യസുരക്ഷയെ മതം ഉപയോഗിച്ച് നിസ്സാരവത്കരിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി. ഇത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അറസ്റ്റിലായ ഭീകരര്‍ക്കെതിരെ ശക്തമായ തെളിവുകളുള്ളതിനാല്‍ ഇന്ത്യ ഒന്നടങ്കം ഒരേ സ്വരത്തില്‍ പ്രതികരിക്കേണ്ടതാണെന്നും പ്രസാദ് പറഞ്ഞു. ഫാറൂഖിയുടെ പ്രസ്താവന അങ്ങേയറ്റം വക്രമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് രേണുക ചൗധരി തള്ളിക്കളഞ്ഞു. അതേസമയം ഭീകരതയ്ക്ക് മതമില്ലെന്ന് കേന്ദ്രമന്ത്രി വി. നാരായണസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: