സതാമ്പ്ടണ്: ആഷസ് പരമ്പരയിലേറ്റ ദയനീയമായ പരാജയം മറന്ന് ട്വന്റി 20 മത്സരത്തിനിറങ്ങിയ ഓസ്ട്രേലിയക്ക് മിന്നുന്ന വിജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യില്‍ 39 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് കംഗാരുക്കള്‍ സ്വന്തമാക്കിയത്. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ റെക്കോര്‍ഡ് റണ്‍വേട്ടയാണ് ഓസീസിന് മികച്ച വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നേടിയ ആറ് വിക്കറ്റിന് 248 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 63 പന്തുകളില്‍ നിന്ന് 156 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്. 11 ബൗണ്ടറികളും 14 സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു ഫിഞ്ചിന്റെ ഗംഭീര ഇന്നിംഗ്സ്. ട്വന്റി 20യില്‍ ഒരു ബാറ്റ്സ്മാന് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ന്യൂസിലാന്റിന്റെ ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലുള്ള 123 റണ്‍സിന്റെ റെക്കോര്‍ഡാണ് ഫിഞ്ചിന്റെ മാസ്മരിക പ്രകടനത്തില്‍ തകര്‍ന്നത്. ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്. ഒാസ്ട്രേലിയക്ക് വേണ്ടി പാക് വംശജനായ ഫവദ് അഹമ്മദ് അരങ്ങേറ്റം നടത്തി. ഇംഗ്ലണ്ട് നിരയില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോ റൂട്ടാണ് ടോപ് സ്കോറര്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഓസ്ട്രേലിയക്ക് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത വാര്‍ണറെ ബ്രോഡിന്റെ പന്തില്‍ ബട്ട്ലര്‍ പിടികൂടി. പിന്നീട് ഷോണ്‍ മാര്‍ഷിനെ (28) കൂട്ടുപിടിച്ച് ഫിഞ്ച് കത്തിക്കയറിയപ്പോള്‍ ഓസീസ് സ്കോറും റോക്കറ്റ് വേഗത്തില്‍ കുതിച്ചു. 9.2 ഓവറില്‍ സ്കോര്‍ 100 പിന്നിട്ടു. ഒടുവില്‍ സ്കോര്‍ 10.3 ഓവറില്‍ 125 റണ്‍സിലെത്തിയപ്പോഴാണ് 114 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 21 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 28 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ ബ്രിഗ്സിന്റെ പന്തില്‍ ലമ്പ് പിടികൂടി.
പിന്നീടെത്തിയ ഷെയിന്‍ വാട്സണ് (16 പന്തില്‍ 37) തുടക്കം മുതല്‍ തന്നെ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നു. ഇതിനിടെ ഫിഞ്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി. 47 പന്തില്‍ നിന്ന് 9 ബൗണ്ടറികളും എട്ട് സിക്സറുകളുമടക്കാണ് 100 റണ്‍സിലെത്തിയത്. പിന്നീട് സ്കോര്‍ 17.2 ഒാവറില്‍ 226ല്‍ എത്തിയപ്പോളാണ് ഫിഞ്ച് മടങ്ങിയത്. ഡെന്‍ബാഷിന്റെ പന്തില്‍ ബൗള്‍ഡായാണ് ഫിഞ്ച് മടങ്ങിയത്. അധികം വൈകാതെ ഷെയ്ന്‍വാട്സണും ഗ്ലെന്‍ മാക്സ്വെലും (1), ബെയ്ലിയും (1) മടങ്ങിയതോടെ ഓസീസ് 19.1 ഓവറില്‍ ആറിന് 242 റണ്‍സ് എന്ന നിലയിലായി. 15 റണ്‍സോടെ വെയ്ഡും അഞ്ച് റണ്‍സോടെ ഫള്ക്നറുമായിരുന്നു ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ക്രീസില്‍.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ വെറും 42 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് മുന്നിരവിക്കറ്റുകളാണ് നഷ്ടമായത്. ലമ്പ് (22), ഹെയ്ല്‍സ് (8), ലൂക്ക് റൈറ്റ് (4), മോര്‍ഗര്‍ (0) എന്നിവരരെയാണ് നഷ്ടമായത്. പിന്നീട് ജോ റൂട്ടിന്റെ (90 നോട്ടൗട്ട്)യും രവി ബൊപാറയുടെയും (45), ബട്ട്ലറുടെയും (25) നേതൃത്വത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല. 49 പന്തില്‍ 13 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് റൂട്ട് 90 റണ്‍സെടുത്തത്. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്‍സണും ഹസ്ലെവുഡും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: