ചരിത്രമുറങ്ങുന്ന പാലക്കാട് പരിഷ്ക്കാരങ്ങള്‍ക്കനുസരിച്ച് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റത്തിനിടയില്‍ പാലക്കാടിനു നഷ്ടമാകുന്നത് തനതായ ചില കാഴ്ച്ചകളാണ്. അവയിലൊന്നാണ് നാടിന്റെ മുഖമുദ്രകളായിരുന്ന വട്ടിക്കാരികള്‍.
കരിമ്പനകളും നെല്‍പ്പാടങ്ങളും ഇടതിങ്ങി നില്ക്കുന്ന പാലക്കാട് പണ്ടുമുതല്ക്കേ ഒരുവാണിജ്യ കേന്ദ്രമാണ്. രണ്ടു സംസ്ക്കാരങ്ങളുടെ സമ്മേളനമായി മലയാളിയും തമിഴനും ഇവിടെ ഒന്നിച്ചുകഴിയുന്നു. ജില്ലയിലെ രണ്ടു പ്രധാന മാര്‍ക്കറ്റുകളാണ് വലിയങ്ങാടിയും കൊടുവായൂര്‍ മാര്‍ക്കറ്റും. ഏറെ പേരുകേട്ടവ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനസൗകര്യമൊന്നുമില്ലാതിരുന്ന സമയത്ത് കാളവണ്ടികളിലും മറ്റുമായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്. എന്നാല്‍ അങ്ങാടികളില്‍ അന്ന് ചുമട്ടുതൊഴിലാളികളായി സ്ത്രീകളായിരുന്നു മുന്നില്‍. അങ്ങാടിയില്‍ നിന്ന് വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങളെത്തിക്കുമായിരുന്ന ഇവര്‍ അറിയപ്പെട്ടിരുന്നത് വട്ടിക്കാരികളെന്ന പേരിലായിരുന്നു. അതിരാവിലെ അങ്ങാടിയിലെത്തുന്ന ഇവരില്‍ കൂടുതലും തമിഴ്സംസ്കാര രീതി പിന്തുടര്ന്നിരുന്ന ചെട്ടിയാര്‍ വിഭാഗക്കാരും, അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. അങ്ങാടിയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വട്ടിയുമായി ഇവര്‍ കാത്തിരിക്കുമായിരുന്നു. മറ്റുള്ളവരുടെ ചുമട് താങ്ങി കുടുംബം പോറ്റാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ഇവരില്‍ മിക്കവരും വിധവകളായിരുന്നു.
തൊഴിലെന്നതിലുപരി സഞ്ചരിക്കുന്ന വാര്‍ത്താവിതരണക്കാര്‍ കൂടിയായിരുന്നു വട്ടിക്കാരികള്‍. ഒരു പ്രദേശത്തെ സംഭവങ്ങളും വിശേഷങ്ങളും ഇവര്‍ വഴിയാണ് മറുനാട്ടുകാര്‍ അറിഞ്ഞിരുന്നതും അറിയിച്ചിരുന്നതും. വട്ടിക്കാരികളുടെ നാട്ടുവിശേഷങ്ങള്‍ കേള്‍ക്കാന്‍ അടുത്തുള്ള കടക്കാരും സ്ത്രീകളും വരെ എത്തിയിരുന്നത്രെ. ഇന്നത്തെ ഓട്ടോ സ്റ്റാന്റ് പോലെയായിരുന്നു അന്ന് വട്ടിക്കാരികള്‍ തമ്പടിച്ചിരുന്ന കവലകള്‍. സംഘങ്ങളായാണ് പല വട്ടിക്കാരികളും വിശ്രമിക്കുക. ഉച്ചഭക്ഷണവും കരുതിയായിരിക്കും ഇവരുടെ വരവ്.
അങ്ങാടിയിലെ വിവിധകടകളില്‍ സാധനം വാങ്ങാനെത്തുന്നവര്‍ സാധനങ്ങളുടെ പട്ടിക ഇവര്‍ക്കു നല്കി എത്തിക്കേണ്ട സ്ഥലവും വീടും പറഞ്ഞുകൊടുത്ത് മടങ്ങും. അതിനു മുമ്പ് ചിലര്‍ കടകളില്‍ പട്ടികയും പൈസയും നല്കിയിരിക്കും. വട്ടിക്കാരി ഓരോ കടയിലും ചെന്ന് ഏല്‍പ്പിച്ച സാധനങ്ങള്‍ പരിശോധിച്ച് തിട്ടപ്പെടുത്തി വട്ടികളിലാക്കി എത്രദൂരമാണെങ്കിലും നടന്ന് വീടുകളിലെത്തിക്കും. അതിനുള്ള കൂലിയും വാങ്ങി അവിടെന്ന് കഞ്ഞിയോ സംഭാരമോ കുടിച്ച് തിരിച്ച് അങ്ങാടിയിലെത്തും. തമിഴ് രീതിയിലാണിവരുടെ ചേല കെട്ടല്‍. അരയില്‍ ചുരുക്കുസഞ്ചിയും അതില്‍ വെറ്റില മുറുക്ക്, ചില്ലറ തുട്ടുകള്‍, താക്കോല്‍, കുറിപ്പുകള്‍ തുടങ്ങി സൂക്ഷിക്കേണ്ടവയെല്ലാം ഉണ്ടാകും. സന്ധ്യമയങ്ങുന്നതോടെ പച്ചക്കറികളും മറ്റും നിത്യോപയോഗ സാധനങ്ങളുമായി സ്വന്തംവീട്ടിലേക്ക് മടങ്ങും.
ഇതൊക്കെയാണെങ്കിലും വട്ടിക്കാരികള്ക്ക് കിട്ടിയിരുന്ന കൂലി വളരെ തുച്ഛമായിരുന്നു. വിശ്വാസത്തിന്റെ ഉടമകളായിരുന്ന ഇവര്‍ നഷ്ടപ്പെട്ടു എന്നു കരുതുന്ന വസ്തുക്കള്‍ തിരിച്ചേല്‍പ്പിച്ച് സത്യസന്ധത തെളിയിച്ചിരുന്നു.
സിജ പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: