പുനലൂര്‍: തമിഴ്നാട്ടിലെ തെങ്കാശിക്കടുത്ത് ഇലഞ്ഞിഗ്രാമം ഇന്ന് തിരക്കിലാണ്. കേരളത്തിനു പുറമെ മറ്റ് സ്ഥലങ്ങളിലേക്കും ഗണേശോത്സവത്തിനായി വിനായക വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് ഇവിടെ നിന്നുമാണ്. രണ്ടുമാസക്കാലമായി ആരംഭിച്ച വിഗ്രഹ നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇനി വര്‍ണക്കൂട്ടുകള്‍ നിറച്ച ചായവും ബഹുവര്‍ണ ഗില്‍റ്റ് പേപ്പറും ഒട്ടിച്ചാല്‍ മനോഹരങ്ങളായ ഗണേശ വിഗ്രഹങ്ങള്‍ വില്പനയ്ക്ക് തയ്യാറാകും.
ഗണേശോത്സവങ്ങള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച് പത്തിന് സമാപിക്കന്ന കേരളത്തിലെ വിപണി മാത്രം ലക്ഷ്യമിട്ട് ഇരുപതിനായിരത്തോളം വിഗ്രഹങ്ങളാണ് അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. ഒരടി വലിപ്പം മുതല്‍ പത്തടി വലിപ്പം വരെ ഉയരമുള്ളതാണ് വിഗ്രഹങ്ങള്‍. 500 മുതല്‍ 20,000 രൂപ വരെ മുതല്‍ മുടക്ക് ഉള്ളതായും ഇവര്‍ പറയുന്നു.
പാരമ്പര്യമായി വിഗ്രഹനിര്മാതാക്കളായ ഇലഞ്ഞിക്കാര്‍ വിനായക വിഗ്രഹ നിര്‍മ്മാണം കഴിഞ്ഞാല്‍ പിന്നീട് ബൊമ്മക്കൊലുകള്‍, അലങ്കാര വസ്തുക്കള്‍, ചെടിച്ചെട്ടികള്‍ എന്നിവയിലോക്ക് തിരിയും. മുന്‍കൂട്ടി വിളിച്ചു പറഞ്ഞ് ബുക്ക് ചെയ്താല്‍ മാത്രമേ വിഗ്രഹങ്ങള്‍ ലഭ്യമാകുകയുള്ളു.
പാരമ്പര്യമായി കിട്ടിയ കഴിവ് പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ മനോഹരമാക്കുന്നതിനൊപ്പം പുതിയ തലമുറയിലുള്ളവരേയും ഇതില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇവിടെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. അരച്ചെടുത്ത കളിമണ്ണും തടിയും പ്ലാസ്റ്റര്‍ ഓഫ് പാരീസും മറ്റ് പാരമ്പര്യ വര്ണക്കൂട്ടുകളുമാണ് വിഗ്രഹ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്നും വിഗ്രഹനിര്മ്മാണരംഗത്തെ തലമുറകളില്‍ മുതിര്‍ന്ന കാരണവര്‍ സുബ്രഹ്മണ്യസ്വാമി പറയുന്നു. രാവിലെ എട്ടിന് ആരംഭിക്കുന്ന വിഗ്രഹ നിര്‍മ്മാണം രാത്രി ഏറെചെല്ലുമ്പോല് മാത്രമാണ് അവസാനിക്കുക. ഇവിടെ നിന്നും വിഗ്രഹങ്ങള്‍ പൂജ കഴിഞ്ഞ് മാത്രമെ പുറത്തിറക്കാറുള്ളു.
കരവാളൂര്‍ ബി. പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: