തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള പാഠ്യപദ്ധതിയില്‍ അപാകതയുള്ളതായി സംസ്ഥാനതല പാഠ്യപരിഷ്കരണ സമിതിയുടെ റിപ്പോര്‍ട്ട്. വിമര്‍ശനാത്മക ബോധനം, സാമൂഹിക നിര്‍മിതി എന്നിവയില്‍ ബോധനം പരിമിതപ്പെടുത്തിയത് ഫലപ്രദമായ ബോധനം നടത്തുന്നതിന് അധ്യാപകര്‍ക്ക് തടസമായെന്നും ഭാഷാപഠനത്തില്‍ അക്ഷരബോധം, പദബോധം എന്നിവയുടെ ഉപയോഗത്തില്‍ വിദ്യാര്‍ഥികള്‍ പിന്നാക്കമായതായും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പഠിതാക്കളെ വിലയിരുത്താന്‍ കൃത്യമായ മാനദണ്ഡങ്ങളില്ലാത്തത് വിലയിരുത്തല്‍ പ്രക്രിയ പ്രഹസനമാക്കി മാറ്റി. അധ്യാപകശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് വേണ്ട നയസമീപനങ്ങളുടെ അഭാവം അധ്യാപകരില്‍ അത്മവിശാസം കുറയ്ക്കാനിടയാക്കി. വെറും എട്ട് പ്രശ്നാധിഷ്ഠിത മേഖലകള്‍ കേന്ദ്രീകരിച്ച് പാഠ്യവിഷയങ്ങള്‍ തയാറാക്കുകയും വിനിമയം ചെയ്യുകയുമാണ് നടന്നു വരുന്നത്. ഇത് ഉള്ളടക്കത്തിന്റെ ചോര്‍ച്ചയ്ക്ക് കാരണമായി.
പഠനോദ്ദ്യേശങ്ങളില് കൃത്യത കൈവരിക്കുന്നതിനും ഇത് തടസമായി. വിദ്യാഭ്യാസപരിഷ്കരണ പ്രവര്‍ത്തനങ്ങളിലും പാഠ്യപദ്ധതി രൂപീകരണപ്രക്രിയയിലും വനിത അധ്യാപകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്.
പഠിതാക്കളുടെ ബൗദ്ധികമായും മാനസികപരമായും പ്രവര്ത്തനപരമായുള്ള സമഗ്രവികാസം എന്ന ലക്ഷ്യത്തോടെ മസ്തിഷ്ക ഹൃദയസമന്വിതമായ പാഠ്യപദ്ധതിയാണ് സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. 36-ാമത് സംസ്ഥാന കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് യുഡിഎഫ് സര്‍ക്കാര്‍ അലിഗഡ് മുസ്ലിം സര്‍വകലാശാല മുന്‍ വി.സി ഡോ.പി.കെ അബ്ദുല്‍ അസീസ് ചെയര്‍മാനായി വിദഗ്ധ സമിതിയെ പാഠ്യപദ്ധതി പരിഷ്കരണത്തിന് സമിതിയെ നിയോഗിച്ചത്.
റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഗുണഭോക്താക്കള്‍ക്കിടയില്‍ സമിതി പഠനം നടത്തി. ചോദ്യാവലികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, അഭിമുഖം, എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളും സമിതി അവലംബിച്ചു. ഇതിലെ കണ്ടെത്തലുകളാണ് നിലവിലുളള പാഠ്യപദ്ധതിയുടെ നിലവാരത്തകര്‍ച്ച വ്യക്തമാക്കിയത്.
ദേശീയപാഠ്യപദ്ധതിചട്ടക്കൂട് (എന്‍സിഎഫ്- 2005), കേരള പാഠ്യപദ്ധതി ചട്ടക്കൂട്( കെസിഎഫ് 2007) എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നിലവിലുള്ള പാഠ്യപദ്ധതി തയാറാക്കിയത്. എന്നാല്‍ ഇതിന്റെ തുടക്കം മുതല്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകള്‍ പ്രസ്തുത പാ ഠ്യപദ്ധതിയില് മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചിരുന്നു. പാഠ്യപദ്ധതി പരിഷ്കരണ റിപ്പോര്‍ട്ടിനെതിരെ അധ്യാപകസംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: