തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ലഘൂകരിക്കാന്‍ ധാരണ. സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ രണ്ടുവര്‍ഷം കൊണ്ടു മലയാളം യോഗ്യതാ പരീക്ഷ പാസാകണമെന്നാണു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളിലുള്ളവര് അഞ്ചുവര്‍ഷം കൊണ്ടു മലയാളം യോഗ്യതാ പരീക്ഷ പാസായാല്‍ മതിയെന്നു തിരുത്താന്‍, ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ച ഭാഷാ ന്യൂനപക്ഷങ്ങളുടെ പരാതി അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. എന്നാല്‍, ഭാഷാ ന്യൂനപക്ഷങ്ങളൊഴികെയുള്ളവര്ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ പ്രൊബേഷന്‍ കാലയളവില്‍ മലയാള പരീക്ഷ വിജയിക്കണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും യോഗത്തിനുശേഷം മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ പ്രൊബേഷന്‍ കാലാവധി തീരുന്നതിനു മുന്‍പ് മലയാള പരീക്ഷ പാസാകണമെന്ന ഭേദഗതി ഇടുക്കി, കാസര്‍ഗോഡ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരായ പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന് ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലെ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ജോലി ലഭിക്കില്ല. കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ 300 ലധികം സ്കൂളുകളില്‍ ഇപ്പോള്‍ മലയാളം പഠിപ്പിക്കുന്നില്ല. മലയാളം പഠിക്കാന്‍ അവസരം നല്‍കാതെ രണ്ടുവര്‍ഷം കൊണ്ടു യോഗ്യതാ പരീക്ഷ പാസാകണമെന്നു പറയുന്നത് അംഗീകരിക്കാനാകില്ല. അതു സംബന്ധിച്ച ആശങ്കകളും എംഎല്‍എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചു. ഇതേത്തുടര്‍ന്നാണു ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ സാവകാശം നല്കാന് ധാരണയായത്. അടുത്ത മന്ത്രിസഭായോഗം ഇതു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.
നിലവിലെ വ്യവസ്ഥയനുസരിച്ചു നിയമനം ലഭിച്ചു പത്തുവര്‍ഷത്തിനുള്ളില്‍ മലയാളം ഭാഷാ പരീക്ഷ പാസായാല്‍ മതി. എന്നാല്‍, പുതിയ ഭേദഗതി വരുന്നതോടെ ഇതു രണ്ടുവര്‍ഷമായി കുറയും. മലയാളം പഠിക്കാതെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മലയാളം തത്തുല്യ പരീക്ഷ പാസാകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പിഎസ്സി അംഗീകരിച്ചിരുന്നു. പുതിയ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: