മിലാന്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്ലേ ഓഫ് റൗണ്ടില്‍ വിജയം സ്വന്തമാക്കി സീരി എ ടീം എസി മിലാനും സ്കോട്ടിഷ് ടീം സെല്‍റ്റിക്കും സെനിറ്റ് സെന്റ് പീറ്റേഴ്സ് ബര്‍ഗും പ്ലസനും റയല്‍ സോസിഡാഡും ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഡച്ച് ടീം പിഎസ്വി ഐന്തോവനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് എസി മിലാന് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ആദ്യപാദത്തില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ എസി മിലാന് എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്താണ് മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. കെവിന് പ്രിന്‍സ് ബോട്ടംഗിന്റെ ഇരട്ട ഗോളുകളും സൂപ്പര്‍താരം മരിയോ ബലോട്ടെല്ലിയുടെ ഗോളുമാണ് മിലാന് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ 9-ാം മിനിറ്റിലാണ് മിലാന് ആദ്യം ലീഡ് നേടിയത്. റിക്കാര്‍ഡോ മോണ്ടിവിലൊയുടെ പാസില്‍ നിന്ന് ബോട്ടംഗാണ് ആദ്യ ഗോള്‍ നേടിയത്. പാസ് സ്വീകരിച്ച് 25 വാര അകലെനിന്ന് ബോട്ടംഗ് ഉതിര്‍ത്ത ബുള്ളറ്റ് ഷോട്ട് പിഎസ്വി താരങ്ങളുടെ കാലുകള്‍ക്കിടയിലൂടെ പാഞ്ഞ് വലയില്‍ തളച്ചുകയറി. പിന്നീടും ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
മത്സരത്തിന്റെ 55-ാം മിനിറ്റിലാണ് മിലാന് ലീഡ് ഉയര്‍ത്തിയത്. ഫിലിപ്പെ മെക്സസ് എടുത്ത കോര്‍ണറിനൊടുവില്‍ പന്ത് ലഭിച്ച സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലിയാണ് പിഎസ്വി വല രണ്ടാം തവണ കുലുക്കിയത്. പിന്നീട് 77-ാം മിനിറ്റില്‍ ആന്ദ്രെ പോളിയുടെ പാസില്‍ നിന്ന് ബോട്ടെംഗ് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടിയതോടെ മിലാന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
മറ്റൊരു രണ്ടാം പാദ മത്സരത്തില്‍ റഷ്യന്‍ ക്ലബ് ഷക്തര്‍ കരഗാന്ഡിയെ 3-0ന് തോല്‍പ്പിച്ച് സ്കോട്ടിഷ് ടീം സെല്‍റ്റിക്കും ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്ഥാനം പിടിച്ചു. ആദ്യ പാദത്തില്‍ 2-0ന് പരാജയപ്പെട്ട സെല്‍റ്റികിന് സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ നേടിയ ഉജ്ജ്വല വിജയമാണ് തുണയായത്. 90-ാം മിനിറ്റില്‍ ജെയിംസ് ഫോറസ്റ്റ് നേടിയ ഗോളാണ് സെല്‍റ്റികിന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുത്തത്.
ഇരുപാദങ്ങളിലുമായി 3-2നാണ് സെല്‍റ്റിക്കിന്റെ വിജയം. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ക്രിസ് കോമണ്‍സും 48-ാം മിനിറ്റില്‍ ജോര്‍ജിയോസ് സമറാസുമാണ് സെല്‍റ്റിക്കിന്റെ മറ്റ് ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിനെ ഇരുപാദങ്ങളിലുമായി 4-0ന് പരാജയപ്പെടുത്തി സ്പാനിഷ് ക്ലബ് റയല്‍ സോസിഡാഡും ഗ്രൂപ്പ് ഘട്ടത്തില്‍ പ്രവേശിച്ചു. ആദ്യപാദത്തിലും രണ്ടാം പാദത്തിലും 2-0നായിരുന്നു റയല്‍ സോസിഡാഡിന്റെ വിജയം. 67-ാം മിനിറ്റിലും ഇഞ്ച്വറി സമയത്തും മെക്സിക്കന്‍ താരം കാര്‍ലോസ് വെലയാണ് റയല്‍ സോസിഡാഡിന്റെ രണ്ട് ഗോളുകളും നേടിയത്.
മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ് പാക്കോസ് ഫെരീരയെ തകര്‍ത്ത് റഷ്യന്‍ ടീം സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗും യോഗ്യത നേടി. ആദ്യപാദത്തില്‍ 4-1ന്റെ വിജയം നേടിയ പീറ്റേഴ്സ്ബര്‍ഗ് രണ്ടാം പാദത്തില്‍ 4-2ന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 8-3ന്റെ ഉജ്ജ്വല വിജയവുമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് സെന്റ് പീറ്റേഴ്സ് ബര്‍ഗ് മുന്നേറിയത്. പീറ്റേഴ്സ് ബര്ഗിന് വേണ്ടി ഡാനി മിഗ്വേല്‍ ആല്‍വസ് രണ്ടും അലക്സാണ്ടര്‍ ബുര്ഗോവും ആന്ദ്രെ അര്ഷാവിന് എന്നിവര്‍ ഓരോ ഗോളും നേടി.
ചെക്ക് ടീമായ പ്ലസനും ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. സ്ലോവേനിയന്‍ ക്ലബായ എന്‍കെ മാരിബോറിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്ലസന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: