ന്യൂയോര്‍ക്ക്: വിക്ടോറിയ അസാരങ്കയും നൊവാക് ഡോകോവിച്ചും യുഎസ് ഓപ്പണിന്റെ രണ്ടാമ റൗണ്ടില്‍ കടന്നു. ജര്‍മ്മന്‍ താരം ദിന പസന്മെയറിനെ തകര്‍ത്താണ് അസാരങ്ക തന്റെ പടയോട്ടം തുടങ്ങിയത്. മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. സ്കോര്‍ 6-0, 6-0. കഴിഞ്ഞ യുഎസ് ഓപ്പണ്‍ ഫൈനലില്‍ സെറീനയോട് പരാജയപ്പെട്ട അസാരങ്ക ഇക്കുറി കിരീടനേട്ടം ലക്ഷ്യമിട്ടാണ് തയ്യാറെടുപ്പ് നടത്തിയത്.
ആദ്യമത്സരത്തിലെ മികച്ച ജയം സന്തോഷിപ്പിക്കുന്നതാണെന്ന് മത്സരശേഷം അസാരങ്ക പറഞ്ഞു. ഈ വേദിയില്‍ മികച്ച തുടക്കം കുറിക്കാനായത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം വികാരധീനയായാണ് താന്‍ ന്യൂയോര്‍ക്ക് വിട്ടതെന്നും അസാരങ്ക കൂട്ടിച്ചേര്‍ത്തു.
പുരുഷവിഭാഗം സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ താരം ഡോകോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവരും രണ്ടാം റൗണ്ടിലെത്തി. എന്നാല്‍ 2011 ലെ വനിതാ വിഭാഗം കിരീടജേതാവ് സാമന്ത സ്റ്റോസര്‍ പരാജയപ്പെട്ടു. ആറ് ഗ്രാന്റ്സ്ലാമുകള്‍ നേടിയ ഡോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലിത്വാനിയന്‍ താരം റിച്ചാര്‍ഡ് ബെരാങ്കിസിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-1, 6-2, 6-2. ഒരു സെറ്റില്‍ പോലും മികച്ച പോരാട്ടം പുറത്തെടുക്കാന്‍ ലിത്വാനിയന്‍ താരത്തിന് കഴിഞ്ഞില്ല.
ഡോകോവിച്ച് മത്സരത്തില്‍ 10 എയ്സുകളും 28 വിന്നറുകളും പായിച്ചു. 82 മിനിറ്റുകള്‍ക്കുള്ളില്‍ സെര്‍ബിയന്‍ താരം വിജയം പിടിച്ചെടുത്തു. 2011 ല്‍ യുഎസ് ഓപ്പണ്‍ നേടിയ ഡോകോവിച്ച് കഴിഞ്ഞവര്‍ഷം ഫൈനലില്‍ ആന്‍ഡി മുറേയോട് പരാജയപ്പെടുകയായിരുന്നു.
വനിതാ വിഭാഗത്തില്‍ ഒാസ്ട്രേലിയന്‍ താരം സാമന്ത സ്റ്റോസറിനെ അട്ടിമറിച്ചതാണ് കഴിഞ്ഞ ദിവസത്തെ ഞെട്ടിപ്പിക്കുന്ന തോല്‍വി. ലോകറാങ്കിംഗില്‍ 296-ാം സ്ഥാനത്തുള്ള വിക്ടോറിയ ഡുവാല്‍ 5-7, 6-4, 6-4 എന്ന സ്കോറിന് സ്റ്റോസറിനെ അട്ടിമറിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ 39 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 11-ാം സീഡായ സ്റ്റോസര്‍ തോല്‍വി സമ്മതിച്ചു. ആദ്യസെറ്റ് നേടിയശേഷം പിന്നീട് മത്സരം സ്റ്റോസറിന് കൈമോശം വരികയായിരുന്നു. ഡുവലിന്റെ രണ്ടാം ഗ്രാന്റ്സ്ലാമാണിത്. കഴിഞ്ഞവര്‍ഷം കിം ക്ലിസ്റ്റേഴ്സിന് മുമ്പില്‍ ഡുവല്‍ പരാജയപ്പെട്ടിരുന്നു. ഡുവലിനെതിരായ മത്സരത്തില്‍ സ്റ്റോസറിന് 56 പിഴവുകളാണ് സംഭവിച്ചത്.
മറ്റൊരു മത്സരത്തില്‍ 18-ാം ഗ്രാന്റ്സ്ലാം കിരീടം തേടിയിറങ്ങിയ റോജര്‍ ഫെഡറര്‍ സ്ലൊവാനിയയൂടെ ഗ്രെഗ സെല്‍ജയെ പരാജയപ്പെടുത്തി മുന്നേറി. സ്കോര്‍: 6-3, 6-2, 7-5. മൂന്നാം സെറ്റില്‍ സെല്‍ജ ഉജ്വലമായി പൊരുതിയെങ്കിലും ഫെഡററിനെ വീഴ്ത്താനായില്ല. നേരത്തെ മഴമൂലം ഫെഡററുടെ മത്സരം മാറ്റിവെച്ചിരുന്നു.
മറ്റൊരു മത്സരത്തില്‍ ചെക്ക് താരം പെട്ര കിറ്റോവ രണ്ടാം റൗണ്ടിലെത്തി. ജപ്പാന് താരം വിസാകി ഡോയിയെ പരാജയപ്പെടുത്തിയാണ് കിറ്റോവ മുന്നേറിയത്. സ്കോര്‍: 6-2, 3-6, 6-1. രണ്ടാം സെറ്റില്‍ ജപ്പാന് താരം വിജയം കണ്ടെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റില്‍ കിറ്റോവ വിജയം നേടി. റൊമാനിയയുടെ സിമോണ ഹാലെപും മുന്നേറിയ താരങ്ങളില്‍ ഉള്‍പ്പെടും. ബ്രിട്ടീഷ് താരം ഹീതര്‍ വാട്സണെ 4-6, 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഹാലെപ് മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: