ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടം സമനിലയില്‍ കലാശിച്ചു. നിലവിലെ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 2009ന് ശേഷം ആദ്യമായാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനില പാലിച്ചത്. മാഞ്ചസ്റ്ററിന്റെ സ്റ്റേഡിയമായ ഓള് ട്രഫോര്‍ഡിലായിരുന്നു മത്സരം നടന്നത്.
ചെല്‍സിക്കെതിരായ മത്സരത്തില്‍ യുണൈറ്റഡ് ആദ്യ ഇലവനില്‍ തന്നെ സൂപ്പര്‍ താരം വെയ്ന്‍ റൂണിയെ ഇറക്കിയിരുന്നു. മത്സരത്തില്‍ 52 ശതമാനവും പന്ത് കൈവശം വെച്ച യുണൈറ്റഡ് താരങ്ങള്‍ 13 തവണ ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഗോള്‍പോസ്റ്റിന് നേര്‍ക്കുണ്ടായിരുന്നത്. ഈ മൂന്ന് ഷോട്ടുകളും ചെല്‍സി ഗോളി പീറ്റര്‍ ചെക്കിന്റെ വിശ്വസ്ത കരങ്ങള്‍ രക്ഷപ്പെടുത്തി. അതേസമയം ചെല്‍സി എട്ട് തവണ ലക്ഷ്യം വെച്ചതില്‍ നാലെണ്ണവും പോസ്റ്റിന് നേര്‍ക്കായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ടത് യുണൈറ്റഡായിരുന്നു. റൂണിയും റോബിന് വാന്‍ പെഴ്സിയും അന്റോണിയോ വലന്‍സിയയും ഡാനി വെല്‍ബാക്കും ഉള്‍പ്പെട്ട മാഞ്ചസ്റ്റര്‍ മധ്യ-മുന്നേറ്റനിര എണ്ണയിട്ട യന്ത്രം കണക്കെ ചെല്‍സി ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും ജോണ്‍ ടെറിയുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ പ്രതിരോധം അവയെല്ലാം നിഷ്ഫലമാക്കി. എന്നാല്‍ മത്സരത്തിലെ ആദ്യ നല്ല അവസരം ലഭിച്ചത് ചെല്‍സിക്കായിരുന്നു. 10-ാം മിനിറ്റില്‍ വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ കെവിന് ഡി ബ്ര്യുനെ മാഞ്ചസ്റ്റര്‍ താരങ്ങള്‍ക്കിടയിലൂടെ ഓസ്കറിനെ ലക്ഷ്യമാക്കി പന്ത് പാസ് ചെയ്തു. പാസ് സ്വീകരിച്ച ഒാസ്കര്‍ വലയിലേക്ക് പന്ത് തിരിച്ചുവിട്ടെങ്കിലും മാഞ്ചസ്റ്റര്‍ ഗോളിയെ കീഴ്പ്പെടുത്താനുള്ള കരുത്തുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ ഡാനി വെല്‍ബാക്കും റോബിന് വാന്‍ പെഴ്സിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റം കോര്‍ണറിന് വഴങ്ങി ബ്രാനിസ്ലാവ് ഇവാനോവിക്ക് രക്ഷപ്പെടുത്തി. 16-ാം മിനിറ്റില്‍ വാന്‍ പെഴ്സിയുടെ ഒരു ശ്രമവും ജോണ്‍ ടെറി വിഫലമാക്കി. തുടര്‍ന്നും ഇരുടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോളാണ് ഇരുടീമുകളും കാഴ്ചവെച്ചത്. റൂണിയും വാന്‍പെഴ്സിയും ഉള്‍പ്പെട്ട സൂപ്പര്‍താരനിര നിരവധി തവണ ള്ചെല്സി ഗോള്‍മുഖത്ത് പ്രകമ്പനം സൃഷ്ടിച്ചെങ്കിലും കരുത്തുറ്റ ചെല്‍സിയന്‍ പ്രതിരോധത്തെ പിളര്‍ത്താന്‍ കഴിഞ്ഞില്ല. മറുവശത്ത് ചെല്‍സിയും മികച്ച ചില മുന്നേറ്റങ്ങളാണ് നടത്തിയത്. ഓസ്കറും ഈഡന് ഹസാഡും ലംപാര്‍ഡും പല തവണ എതിര് ബോക്സില്‍ പ്രവേശിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ചെല്‍സി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ലിവര്‍പൂളും ടോട്ടനവുമാണ് 6 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്ത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്താണ്. സപ്തംബര്‍ ഒന്നിന് ലിവര്‍പൂളുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: