ന്യൂദല്‍ഹി: ഹിന്ദു വികാരങ്ങളെ മുറിവേല്‍പ്പിക്കുകയും സന്യാസിമാരെ തല്ലിച്ചതയ്ക്കുകയും ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ലോക്സഭയില്‍ ബിജെപി എംപി യോഗി ആദിത്യനാഥ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. സര്‍ക്കാര്‍ സന്യാസിമാരെ അപമാനിച്ചിരിക്കുകയാണ്. ഹിന്ദുക്കളെ അവഹേളിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടണം. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിന്റെ വിധിയനുസരിച്ച് ശ്രീരാമജന്മഭൂമിയില് ക്ഷേത്രം നിര്‍മ്മിക്കാന്‍ സന്യാസിമാരെ അനുവദിക്കണമെന്നും യോദി ആദിത്യനാഥ് ആവശ്യപ്പെട്ടു. സമാജ് വാദി പാര്‍ട്ടിയുടെ ഭരണത്തില്‍ 30 വര്‍ഗ്ഗീയ കലാപങ്ങളാണ് ഹിന്ദുക്കള്‍ക്കെതിരായി ഉത്തര്‍പ്രദേശില്‍ നടന്നിരിക്കുന്നത്. ഖബറിടങ്ങള്‍ക്ക് എന്ന പേരില്‍ മുസ്ലീംകള്‍ക്ക് അന്യായമായി ഭൂമി നല്കുന്ന സര്‍ക്കാര്‍ നടപടി ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തിനു കാരണമാകുന്നുണ്ടെന്നും ആദിത്യനാഥ് വ്യക്തമാക്കി.
അയോധ്യാ വിഷയം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ബിജെപി അംഗങ്ങള്‍ രാവിലെ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ രണ്ടു തവണ വീതം രാജ്യസഭയും ലോക്സഭയും നിര്‍ത്തിവെയ്ക്കേണ്ടി വന്നു.
ശൂന്യവേളയില്‍ മുലായം സിംഗ് യാദവ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നടപടികളെ ന്യായീകരിച്ചു സംസാരിച്ചപ്പോള്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. ക്രമസമാധാന പാലനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് രാജ്യസഭയില്‍ മായാവതി ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പിരിച്ചുവിടണമെന്നായിരുന്നു ബിജെപി എംപിമാരുടെ ആവശ്യം. വിഎച്ച്പി പ്രവര്‍ത്തകര്‍ സമാജ് വാദി പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി ഓഫീസ് ആക്രമിച്ചതിനെതിരെ എസ്പി അംഗങ്ങള്‍ ഇരുസഭയിലും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: