ഇപോ: ഏഷ്യാകപ്പ് ഹോക്കിയില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ദക്ഷിണകൊറിയ മറുപടിയില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് ബംഗ്ലാദേശിനെ തകര്‍ത്തു. ജാങ്ങ്ജോങ്ങ് ഹ്യുന്‍ നേടിയ ഹാട്രിക്കായിരുന്നു ദക്ഷിണകൊറിയയുടെ മത്സരത്തിലെ കരുത്ത്. 31, 42, 67 മിനിറ്റുകളിലാണ് ഹ്യുന്‍ ഗോളുകള്‍ നേടിയത്. കളിയുടെ നാലാം മിനിറ്റില്‍തന്നെ ലക്ഷ്യം കണ്ടുകൊണ്ട് യു ഹ്യോ, സിക് കൊറിയയുടെ ആധിപത്യം അറിയിച്ചു. 21-ാം മിനിറ്റില്‍ ഹ്യുന്‍ സങ്ങ് ഗോള്‍നില ഉയര്‍ത്തി. 31-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ കണ്ടെത്തിയ കൊറിയ 35-ാം മിനിറ്റില്‍ ലീഡ് 4-0 എന്ന നിലയിലാക്കി. ജുങ്ങ് മാന്‍ ജേ, ക്യാപ്റ്റന്‍ ലീ സങ്ങ്, കിം യങ്ങ് ജിന്‍ എന്നിവരും ലക്ഷ്യം കണ്ടതോടെ ദുര്‍ബലരായ ബംഗ്ലാദേശ് തകര്‍ന്നു. ബംഗ്ലാദേശിന്റെ ഗോള്‍കീപ്പര്‍ മൊഹമ്മദ് സഹിദ് ഹുസൈന് നന്ദി പറയേണ്ട അവസ്ഥയിലായി ബംഗ്ലാ താരങ്ങള്‍ക്ക്. മികച്ച സേവുകളിലൂടെ കൊറിയയെ തടഞ്ഞിരുന്നില്ലെങ്കില്‍ ബംഗ്ലാദേശിന്റെ പതനം ഇതിലും ദയനീയമാകുമായിരുന്നു. നിരവധി അവസരങ്ങളാണ് ബംഗ്ലാദേശ് ഗോള്‍ കീപ്പര്‍ കൊറിയക്ക് നിഷേധിച്ചത്.
ചാമ്പ്യന്മാരായ കൊറിയ ഇന്ന് ഇന്ത്യയുമായി കൊമ്പുകോര്‍ക്കും. ആദ്യമത്സരത്തില്‍ ഒമാനെ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഒരുങ്ങിയത്. എന്നാല്‍ ശക്തരായ കൊറിയക്ക് മുന്നില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരാജയം ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. മികച്ച താരങ്ങള്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ത്യയുടെ പ്രകടനം ഇന്ന് നിര്‍ണായകമാകും. ലോകകപ്പ് യോഗ്യത തേടിയും കൂടിയാണ് ഇന്ത്യ ഏഷ്യാകപ്പിനെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: