അഞ്ചല്‍: പാറമാഫിയയുടെ വിളയാട്ടത്തില്‍ തകരുന്ന പൈതൃകഭൂമികളുടെ പട്ടികയിലേക്ക് ആയിരവില്ലിപ്പാറയും. ചടയമംഗലം ജടായുപ്പാറയ്ക്കും കോദണ്ഡസ്വാമിക്ഷേത്രത്തിനും നേരെ അടുത്തിടെയുണ്ടായ കടന്നാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരവില്ലിപ്പാറയ്ക്ക് നേരെ കഴിഞ്ഞ നാളുകളില്‍ നടന്ന അതിക്രമങ്ങള്‍ ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നു. ക്ഷേത്രത്തിനും പാറയ്ക്കും നേരെ നിരവധി അക്രമങ്ങള്‍ നടന്നിട്ടും മതിയായ അന്വേഷണവും നടപടിയുമില്ലാത്തതാണ് ആശങ്കകള്‍ ജനിപ്പിക്കുന്നത്. ഈ വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയസംഘടനകള്‍ പുലര്‍ത്തുന്ന മൗനവും ദുരൂഹത സൃഷ്ടിക്കുന്നു.
ഓയൂര്‍ ചെറിയ വെളിനല്ലൂര്‍ ആയിരവില്ലി ക്ഷേത്രത്തിന് കിഴക്ക് മാറി ഒരു പ്രദേശത്തെയാകെ സംരക്ഷിച്ചുകൊണ്ടുനില്ക്കുന്ന നാഗദൈവങ്ങളുടെ അധിവാസഭൂമിയാണ് ആയിരവില്ലിപ്പാറ. മുപ്പത്തിയാറ് ഏക്കര്‍ വിസ്തൃതി വരുന്ന ആയിരവില്ലിപ്പാറ സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തി അഞ്ഞൂറോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഒറ്റപ്പാറയെങ്കിലും ലോകത്ത് ഇന്ന് മണ്മറഞ്ഞ് പോയതെന്ന് കരുതുന്ന ഉഭയജീവികളും സസ്തനികളും ഇഴജന്തുക്കളും ചിത്രശലഭങ്ങളും ഈയാംപാറ്റകളും ചെടികളും മറ്റ് അപൂര്‍വയിനം സസ്യങ്ങളും നിറഞ്ഞ മനോഹരമായ പാറക്കൂട്ടങ്ങളാല്‍ സുന്ദരമാണീപ്പാറ.
നാഗത്തറയും കാവും ആദ്ധ്യാത്മികതയുടെ ഏതോ ഉന്നത ധ്യാനാവസ്ഥയില്‍ എത്തിക്കുന്ന അനുഭവം ഏതൊരുവനിലും ഉണര്‍ത്തുന്ന ആത്മീയ സ്പര്‍ശം നല്കുന്ന ആയിരവില്ലിപ്പാറയെ തകര്‍ക്കാനാണ് ഭൂമിയെ തുരന്ന് തുണ്ടം തുണ്ടമാക്കുന്ന പാറമാഫിയാകള് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഭൂമിയുടെ കാവലാളായി ഒരു ജനവിഭാഗത്തിന്റെ ആരാധനാമൂര്‍ത്തിയായി നിലകൊള്ളുന്ന പാറയിലെ നാഗത്തറയും കാവും രാത്രിയുടെ മറവില്‍ നശിപ്പിച്ചിരുന്നു.
ആയിരവില്ലിപ്പാറയില്‍ നിന്നാല്‍ തൊട്ടുരുമ്മി നില്ക്കുമായിരുന്ന പോത്തുവീണപാറയും ചമ്പുനാറിപ്പാറയും ഇന്ന് ഭൂമിയ്ക്ക് ചരമഗീതമൊരുക്കുന്നവരുടെ വെടിമുരുന്നിനാല് തവിടുപൊടിയാക്കി മാറ്റിക്കഴിഞ്ഞു. ആയിരവില്ലിപ്പാറയുടെ മുകളില്‍ നിന്നാല്‍ തൊട്ടടുത്തുള്ള ക്വാറികളില്‍ നിന്ന് ഉഗ്രസ്ഫോടനത്തോടെ പാറ തെറിക്കുന്നത് കാണാം. പാറച്ചീളുകളും വെടിമരുന്നിന്റെ ദുര്‍ഗന്ധവും അന്തരീക്ഷത്തെ പാടെ മാറ്റിയിരിക്കുന്നു.
എംസി റോഡിന്റെ പണി കരാര്‍ എടുത്തിരുന്ന പതി-ബല് എന്ന കമ്പനി റോഡ് പണിക്കായാണ് ഇളമാട് പഞ്ചായത്തിന്റെ ഓയൂര്‍-വെളിനല്ലൂര്‍ മേഖലകളില്‍ പാറക്വാറി തുടങ്ങിയത്. ഇവര്‍ റോഡ് പണി തീര്‍ത്ത് പോയതിനുശേഷം രാഷ്ട്രീയ, ഭരണസ്വാധീനത്താല്‍ വന്‍ ഖാനന മാഫിയാ ഇവിടെ താവളം ഉറപ്പിക്കുകയായിരുന്നു.
മൈനിംഗ് ആന്റ് ജിയോളജിക്കല്‍ വകുപ്പിന്റെ മാനദണ്ഡമനുസരിച്ചുള്ള ഖാനനമല്ല പിന്നീട് ഇവിടെ നടന്നത്. പോത്തുവീണപാറയും ചമ്പുനാറിപാറയും നിന്നിടം ഇന്ന് വന്‍ ഗര്ത്തങ്ങളായിമാറി. പലപേരുകളില്‍ അറിയപ്പെടുന്ന വന്‍ ക്രഷര്‍ യൂണിറ്റുകളില്‍ നിന്നുള്ള വെടിയൊച്ചകള്‍ ശബ്ദ മുഖരിതമാക്കി മാറ്റിയിരിക്കുകയാണ് ഒരു പ്രദേശത്തെയാകെ. ഇതില്‍ ഒരു ക്രഷര്‍ നൂറ് ഏക്കറിലധികം വരും.
കളക്ടര്‍മാരടക്കം പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇവിടെ നടക്കുന്ന അനധികൃത ഖാനനത്തില്‍ പരോക്ഷബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജനകീയ പ്രതിഷേധവും ഒറ്റപ്പെട്ട സമരവും ഇവിടെ നടന്നിരുന്നെങ്കിലും പണത്തിന് മേലില്‍ ഒരു പരുന്തും പറക്കാത്ത അവസ്ഥയാണിപ്പോള്‍.
നിരന്തരമുള്ള ഉഗ്രസ്ഫോടനങ്ങളാല്‍ പ്രദേശം ഇടയ്ക്കിടയ്ക്ക് കുലുങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒരേസമയം നിരവധി സ്ഫോടനങ്ങള്‍ നടക്കാറുണ്ടെങ്കിലും ആദ്യമുള്ള സ്ഫോടനം സമീപ പ്രദേശത്തെയാകെ കുലുക്കുന്നതായാണ് പരാതി. സമീപത്തെ വീടുകള്‍ക്ക് വിള്ളലുകള്‍ വീണതിനു പുറമേ കിണറുകള്‍ നേരത്തേ വറ്റിയുണങ്ങുന്നതും പതിവായിട്ടുണ്ട്. രൂക്ഷമായ വെടിമരുന്ന് ഉപയോഗവും ഉഗ്രസ്ഫോടനങ്ങളും സമീപത്തെ ജനിതക വ്യവസ്ഥയ്ക്ക് തന്നെ വ്യതിയാനം വരുത്തിക്കഴിഞ്ഞതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ചീറിത്തെറിക്കുന്ന പാറച്ചീളുകള്‍ കിലോമീറ്ററുകള്‍ക്കപ്പുറം വരെയുള്ള ഓടിട്ട കെട്ടിടങ്ങള്‍ക്കുമുകളില്‍ വീണ് വീട് തകരുന്നതും പ്രതിഷേധത്തിന് കാരണമായിരുന്നു. പാറക്വാറികളിലെത്തുന്ന ടിപ്പര്‍ ലോറികള്‍ നിരത്തില്‍ ഉണ്ടാക്കുന്ന അതിവേഗതയും അപകടങ്ങളും തടയാനും നടപടി ഉണ്ടായിട്ടില്ല.
ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന ക്വാറിമാഫിയാ നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ ആരാധന നടത്തുന്ന ആയിരവില്ലിപ്പാറയെ ഉന്നം വച്ചിരിക്കുകയാണിപ്പോള്‍. സമീപത്തെ പാറകളെല്ലാം പൊട്ടിച്ച് ഗര്ത്തങ്ങളാക്കിക്കഴിഞ്ഞ് സ്വയം തടിച്ച് കൊഴുക്കാന്‍ രാഷ്ട്രീയ-ഭരണ മേലാളന്മാരെ കൂട്ടുപിടിച്ച് ആയിരവില്ലിപാറയ്ക്കും വെടിമരുന്നിടാന്‍ ശ്രമിക്കുന്നതിന്റെ സൂചനകളാണ് അടുത്തിടെ നടന്നത്. ആയിരവില്ലിപാറയിലെ കാവിന് തീയിടുകയും നാഗത്തറയും കാവും തകര്‍ത്തതും ഇതിന് മുന്നോടിയാണെന്ന് കരുതപ്പെടുന്നു.
അപൂര്‍വയിനം ചെടികളും പുല്ലുകളും പൂത്തുലഞ്ഞു നില്ക്കുന്ന അപൂര്വകാഴ്ചയാണ് ആയിരവില്ലിപാറയിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത്. മരുതിയും കലമ്പോട്ടിയും തെറ്റിയും നിരവധി ഔഷധസസ്യങ്ങളും രാമച്ചവും ജ്യുവല്‍ ഓര്‍ക്കിഡ് ഇനത്തില്‍പ്പെട്ട അപൂര്‍വയിനം ചെടികളും ഇവിടെ തഴച്ചുപൂത്തുലഞ്ഞ് നില്ക്കുന്നു. നിരവധി ദേശാടനപക്ഷികളും പ്രജനനത്തിനായി ഇവിടെ എത്താറുണ്ട്. കൊടും വേനലിലും ഉണങ്ങാത്ത അപൂര്‍വയിനം സസ്യങ്ങള്‍ ഉള്‍പ്പെടെ വംശനാശപ്പട്ടികയില്‍ കഴിയും.
സമീപത്തെ ഖാനനങ്ങള്‍ ആവാസ വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതം, ചമ്പുനാരിപ്പാറ, പോത്തുവീണപാറ, ഇവയിലെ ജന്തുജാലങ്ങളുടെ കൂടി അധിവാസം എന്നിവ ആയിരവില്ലിപാറയിലും വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.
ആയിരവില്ലിക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട മൂലസ്ഥാനം കൂടിയായ ആയിരവില്ലിപാറയെ സംരക്ഷിക്കാന്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ക്ഷേത്രഉപദേശക സമിതിയും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നിട്ട് വന്നിട്ടുണ്ട്. വന്‍ പാരിസ്ഥിതിക ആഘാതങ്ങളില്‍ നിന്ന് സമൂഹത്തെ കാവലാളായി സംരക്ഷിക്കുന്ന പ്രകൃതി ഒരുക്കിയ കോട്ടകളെ തകര്‍ക്കുന്ന ശക്തികളെ ചെറുക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്നതാണ് സാധാരണ ജനങ്ങള്‍ക്കുള്ള ഏക പ്രതീക്ഷ.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: