ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിലൂടെ സന്ന്യാസിമാര്‍ നടത്താന്‍ നിശ്ചയിച്ച 84 കോശിപരിക്രമ യാത്ര നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം സംസ്ഥാനത്തെ വീണ്ടും പ്രക്ഷുബ്ധമാക്കുന്നു. സന്ന്യാസിമാരുടെ യാത്ര തടയാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിന്റെ ഭയാനകമായ ഭവിഷ്യത്തുകള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിക്കൊള്ളാന്‍ വിശ്വഹിന്ദുപരിഷത്ത് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആരു തടഞ്ഞാലും യാത്രയുമായി മുന്നോട്ടു പോകുമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാള്‍ ഇന്നലെ വ്യക്തമാക്കി. യാത്ര നിരോധിച്ച നടപടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് എല്ലാ പിന്തുണയും ബിജെപി നല്‍കിയിട്ടുണ്ട്.
നാളെ മുതല്‍ ഇരുപതു ദിവസങ്ങളിലായി അയോദ്ധ്യയ്ക്കു ചുറ്റുമുള്ള 300 കിലോമീറ്റര്‍ ദൂരമാണ് യാത്ര നടത്തുന്നത്. ഫൈസാബാദ്, ബസ്തി, ബാരാബങ്കി, ഗോണ്ട, ബരൈച്ച്, അംബേദ്കര്‍ നഗര്‍ എന്നീ ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. എന്നാല്‍ സമുദായ സംഘര്‍ഷം ഉണ്ടാകുമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ യാത്ര നിരോധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
സന്ന്യാസിമാരെ തടയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വര്‍ഷങ്ങളായി നടക്കുന്ന ചടങ്ങു നടത്തുമെന്നും വിശ്വഹിന്ദുപരിഷത്ത് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടെ അയോദ്ധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദ് ഉള്‍പ്പെടെ സമീപ ജില്ലകളിലെല്ലാം 144 പ്രഖ്യാപിച്ചിരിക്കുകയാണ്. വിശ്വഹിന്ദുപരിഷത്തിന്റെ പ്രമുഖ നേതാക്കന്മാരെയും സന്ന്യാസിമാരെയും അടക്കം 70 പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അറസ്റ്റു വാറണ്ടും നല്‍കിക്കഴിഞ്ഞു. വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍, രാംവിലാസ് വേദാന്തി, അശോക് സിംഗാള്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ അയോദ്ധ്യയില്‍ പ്രവേശിക്കുന്നതില്‍നിന്നും തടഞ്ഞിട്ടുണ്ട്.
എന്നാല്‍ സമാധാനപരമായി നടക്കുന്ന ചടങ്ങിനെ രാഷ്ട്രീയവത്കരിച്ചത് ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസംഖാനാണെന്നും സംസ്ഥാനത്തെ വര്‍ഗീയവത്കരിക്കുകയാണ് അസംഖാന് ലക്ഷ്യമിടുന്നതെന്നും വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു സന്ന്യാസിമാര്‍ യാത്രയില്‍ പങ്കെടുക്കുന്നതിനായി അയോദ്ധ്യയിലും സമീപ പ്രദേശങ്ങളിലും എത്തിക്കഴിഞ്ഞതായും യാത്ര തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുമെന്നും വിശ്വഹിന്ദുപരിഷത്ത് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അസംഖാനാണ് നിയന്ത്രിക്കുന്നത്. ഹിന്ദുസന്ന്യാസിമാര്ക്ക് കോശി പരിക്രമ നടത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നും ചിന്മയാനന്ദ് വ്യക്തമാക്കി.
അയോദ്ധ്യ ശ്രീരാമജന്മഭൂമിയാണെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കണമെന്നും ക്ഷേത്രനിര്‍മ്മാണത്തിന് ഇനി കാലതാമസം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും വിഎച്ച്പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സന്ന്യാസിയാത്ര തടയുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമം 1991ലേതിനു സമാനമായ സാഹചര്യത്തിലേക്കു സംസ്ഥാനത്തെ എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അയോദ്ധ്യയിലേക്ക് കടക്കുന്നില്ലാത്ത സന്ന്യാസി യാത്രയെ നിരോധിച്ചത് സംസ്ഥാനസര്‍ക്കാരിനു മേലുള്ള മുസ്ലിം തീവ്രവാദ വിഭാഗങ്ങളുടെയും മന്ത്രി അസംഖാന്റെയും മേധാവിത്വമാണ് വ്യക്തമാക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: