ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് തകര്‍ച്ച ഒഴിവാക്കാന്‍ പൊരുതുന്നു. ഒന്നാമിന്നിംഗ്സില്‍ കൂടുതല്‍ സ്കോര്‍ നേടിയ ഓസ്ട്രേലിയക്കെതിരെ രണ്ടാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 എന്ന നിലയിലാണ്. ട്രോട്ടും പീറ്റേഴ്സണുമാണ് ക്രീസില്‍.
വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഏറെ ദൂരം മുന്നോട്ട് പോകാനായില്ല. സ്കോര്‍ 68 ല്‍ എത്തിയപ്പോള്‍ നായകനായ കുക്കിനെ തന്നെ പുറത്താക്കിക്കൊണ്ട് റയാന് ഹാരിസ് ഓസീസിന് ശുഭൂസചന നല്കി. 25 റണ്‍സ് മാത്രമാണ് കുക്കിന് നേടാനായത്. കുക്കിനെ നഷ്ടപ്പെട്ടശേഷം ക്രീസിലെത്തിയ ജൊനാഥന് ട്രോട്ട് ജോ റൂട്ടിന് മികച്ച പിന്തുണ നല്കി. ഈ കൂട്ടുകെട്ടാണ് തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നും ആതിഥേയരെ കരകയറ്റിയത്. ഇരുവരും പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തപ്പോള്‍ ഓസീസ് തക്കംപാര്‍ത്തിരിക്കുകയായിരുന്നു.
കംഗാരുക്കളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് മുമ്പും ജോ റൂട്ട് പുറത്തെടുത്തിട്ടുള്ളത്. അതിനാല്‍ റൂട്ട്-ട്രോട്ട് കൂട്ടുകെട്ടിനെ പിരിക്കാനുള്ള തന്ത്രത്തിനാണ് ഓസ്ട്രേലിയ രൂപംകൊടുത്തത്. സ്കോര്‍ 118 ല്‍ എത്തിയപ്പോള്‍ ഇതിന് ഫലമുണ്ടായി. ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും ഓസ്ട്രേലിയ വീഴ്ത്തി.
ലിയോണിന്റെ പന്തില്‍ വാട്സണ് പിടിച്ചാണ് ജോ റൂട്ട് പുറത്തായത്. 184 പന്തുകള്‍ നേരിട്ട റൂട്ട് 11 ബൗണ്ടറികളുടെ കരുത്തില്‍ 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രണ്ടാം വിക്കറ്റില്‍ ജോ റൂട്ട് ട്രോട്ടിനൊപ്പം ഈ ചെറുത്തുനില്‍പ്പ് നടത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ട് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമായിരുന്നു.
റൂട്ടിനെ പുറത്താക്കിയതോടെ ഓസ്ട്രേലിയക്ക് ആത്മവിശ്വാസം ഇരട്ടിച്ചു. കൂറ്റന്‍ സ്കോറിനു മുമ്പില്‍ ഇംഗ്ലണ്ട് പതറുമെന്ന മനഃശാസ്ത്രമനുസരിച്ചായിരുന്നു കംഗാരുക്കളുടെ നീക്കം. വന്‍ കൂട്ടുകെട്ടുകള്‍ പിറക്കാതിരികകാന് മാത്രം ശ്രദ്ധിച്ചാല്‍ ഇംഗ്ലണ്ട് തകരുമെന്നാണ് കംഗാരുക്കളുടെ കണക്കുകൂട്ടല്‍.
എന്നാല്‍ മധ്യനിരയില്‍ ഇയാന്‍ ബെല്ലടക്കമുള്ളവര് ഓസ്ട്രേലിയയുടെ ഉറക്കം കെടുത്തും. ഇവരെ മികച്ച രീതിയില്‍ നേരിടാന്‍ കഴിഞ്ഞാല്‍ അവസാന ടെസ്റ്റിലെങ്കിലും വിജയം നേടി തലയുയര്ത്താമെന്ന കംഗാരുക്കളുടെ സ്വപ്നം സഫലമാകും.
രണ്ടുപേരുടെ സെഞ്ച്വറി കരുത്തിലാണ് ഒാസ്ട്രേലിയ 492 എന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇതു രണ്ടും പിറന്നത് മധ്യനിരയിലായിരുന്നു. അതിനാല്‍ ഇംഗ്ലണ്ടിനെ എഴുതിതള്ളിക്കൊണ്ടുള്ള പ്രകടനത്തിന് ഓസ്ട്രേലിയ തയ്യാറാവില്ല. വാട്സണും സ്റ്റീവന്‍ സ്മിത്തുമായിരുന്നു കംഗാരുക്കള്ക്കുവേണ്ടി സെഞ്ച്വറി നേട്ടം കൈവരിച്ചത്.
രണ്ട് സെഷന് കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് ചെറുത്തുനില്‍പ്പിന്റെ രീതിതന്നെയാണ് പുറത്തെടുക്കുന്നത്. ട്രോട്ട് (30) റണ്‍സെടുത്തും പീറ്റേഴ്സണ് (16) റണ്‍സെടുത്തും ക്രീസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: