Categories: Kollam

ഗുരുദേവസന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം: എംഎല്‍എ

Published by

പറവൂര്‍: ഗുരുദേവസന്ദേശങ്ങളും ദര്‍ശനങ്ങളും ഇന്നത്തെ യുവതലമുറ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഉള്‍ക്കൊള്ളാനും തയ്യാറാകണമെന്ന്‌ ജി.എസ്‌.ജയലാല്‍ എം.എല്‍.എ പറഞ്ഞു. പറവൂരില്‍ എസ്‌.എന്‍.വി.സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 159-ാ‍മത്‌ ഗുരുദേവ ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു ജയലാല്‍. ശരിയെന്ന്‌ തോന്നിയത്‌ ചെയ്യുകയും പറയുകയും ഇച്ഛാശക്തിയോടെ അത്‌ സമൂഹത്തിന്‌ സമര്‍പ്പിക്കുകയും ചെയ്ത മഹാരഥനായിരുന്നു ശ്രീനാരായണഗുരുവെന്ന്‌ മുന്‍മന്ത്രി സി.വി.പത്മരാജന്‍ പറഞ്ഞു. ചടങ്ങില്‍ സ്കൂളിലെ മികച്ച വിജയം വരിച്ച കുട്ടികളെയും അദ്ദേഹം അനുമോദിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ വി.അംബിക കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം നടത്തി. പ്രഥമാധ്യാപിക വി.ആര്‍.ഷൈല, പി.ടി.എ. പ്രസിഡന്റ്‌ ടി.സി.രാജു എന്നിവര്‍ സംസാരിച്ചു. എസ്‌.എന്‍.വി.സമാജം പ്രസിഡന്റ്‌ ബി.ജയരാജിന്റെ അധ്യക്ഷതയില്‍ പറവൂര്‍ എസ്‌.എന്‍.വി. ഗേള്‍സ്‌ ഹൈസ്കൂളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ചാത്തന്നൂര്‍ എസ്‌.എന്‍..ഡിപി യുണിയന്‍ വൈസ്‌ പ്രസിഡന്റ്‌ ഡി.സജീവ്‌ സ്വാഗതം പറഞ്ഞു.
സമ്മേളനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ പ്രസംഗവും ഗുരുദേവ കൃതികളുടെ ആലാപനവും ഉണ്ടായിരുന്നു. സമാജം വൈസ്‌ പ്രസിഡന്റ്‌ ശശിധരപ്പണിക്കര്‍ നന്ദി പറഞ്ഞു.

ചാത്തന്നൂര്‍: 159ാ‍മത്‌ ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചാത്തന്നൂര്‍ എസ.എന്‍.ഡി.പി യുണിയന്‍ നടത്തിയ ചതയ ദിന ഘോഷയാത്ര ചാത്തന്നൂര്‍ നഗരത്തെ മഞ്ഞ കടലാക്കി മാറ്റി. ഗജവീരന്മാര്‍, നിശ്ചലദൃശ്യങ്ങള്‍, ഗുരുദേവരൂപം വഹിച്ചുള്ള അലങ്കരിച്ച വാഹനങ്ങള്‍, ശിങ്കാരിമേളം, ബാന്‍ഡ്‌ സംഗീതം തുടങ്ങിയവ ഘോഷയാത്രയെ ഏറെ വര്‍ണാഭമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും നിറഞ്ഞ സാന്നിധ്യം കൊണ്ട്‌ ശ്രേദ്ധേയമായ ഘോഷയാത്ര രാത്രി വൈകിയാണ്‌ അവസാനിച്ചത്‌.

കാരംകോട്‌ ഗുരുമന്ദിരാങ്കണത്തില്‍നിന്ന്‌ ആരംഭിച്ച ഘോഷയാത്ര എന്‍.പീതാംബരക്കുറുപ്പ്‌ എം.പി യൂണിയന്‍ പ്രസിഡന്റ്‌ ഗോപകുമാറിന്‌ പീതപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.സുരേഷ്‌ ബാലഗോകുലം ജില്ലാ പ്രസിഡന്റും യോഗം ബോര്‍ഡ്‌ മെമ്പറും ആയ സജന്‍ ലാല്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു. ബോര്‍ഡ്‌ അംഗം ബി സജന്‍ലാല്‍ നയിച്ച ചതയദിന ഘോഷയാത്രയുടെ മുന്‍നിരയില്‍ നിന്ന്‌ സെക്രട്ടറി കെ.വിജയകുമാര്‍, അസിസ്റ്റന്റ്‌ സെക്രട്ടറി കെ.നടരാജന്‍, യോഗം ബോര്‍ഡ്‌ അംഗം തഴുത്തല എന്‍.രാജു, എസ്‌.അജയകുമാര്‍, കെ.സുജയ്കുമാര്‍, സി.ആര്‍.രാധാകൃഷ്ണന്‍, ആര്‍.ഗാന്ധി, എസ്‌.പി.ശാന്തികുമാര്‍, മോഹന്‍ദാസ്‌, സജീവന്‍, വനിതാ സംഘം പ്രസിഡന്റ്‌ ശോഭനാ ശിവാനന്ദന്‍, സെക്രട്ടറി ബീനാ പ്രശാന്ത്‌, യൂത്ത്മൂവ്മെന്റ്‌ പ്രസിഡന്റ്‌ അഡ്വ. ജി.രാജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by