ന്യൂദല്‍ഹി: യുപിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ യുക്തിവാദി നരേന്ദ്ര ധാഭോല്‍ക്കറുടെ കൊലപാതകവും ദല്‍ഹിയിലെ സ്ത്രീകള്‍ കൊല്ലപ്പെട്ടതും. ഇതെല്ലാം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ വ്യാഴാഴ്ച ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.
ശൂന്യവേളയിലാണ് ബിജെപിയുടെ നജ്മഹെപ്തുള്ള വിഷയം ഉന്നയിച്ചത്. ബലാത്സംഗ പരമ്പരയ്ക്കു പിന്നാലെ പകല്‍വെളിച്ചത്തില്‍ മനുഷ്യരെ കൊല്ലാനും തുടങ്ങിയിരിക്കുന്നു. ദല്ഹിയിലാകട്ടെ സ്ത്രീകളെയും വൃദ്ധരെയും നിര്‍ദാക്ഷണ്യമാണ് കൊല്ലുന്നത്. തിങ്കളാഴ്ച ഒരു സ്ത്രീയുടെ കഴുത്തറുത്തു. ചൊവ്വാഴ്ച ആറ് കൊലപാതകങ്ങളാണ് നടന്നത്. രണ്ട് സ്ത്രീകളുടെ കഴുത്തറുക്കുകയും ചെയ്തു. നാലുപേര്‍ കൊല്ലപ്പെട്ടത് ഒരു വീടിനകത്താണ്. നേരത്തെ ദല്‍ഹിയില്‍ ദിനവും ബലാത്സംഗങ്ങള്‍ നടക്കുകയായിരുന്നു. ഇപ്പോള്‍ ബലാത്സംഗത്തിനു പുറകെ സ്ത്രീകളെ പ്രത്യേകിച്ചും പ്രായം ചെന്നവരെ കൊല്ലുന്നതും പതിവായെന്ന് ഹെപ്തുള്ള ചൂണ്ടിക്കാട്ടി.
പൂനെയില്‍ ധാഭോല്‍ക്കറുടെ കൊലയ്ക്കു ശേഷം മഹാരാഷ്ട്രയിലെ ക്രമസമാധാന നില തീര്‍ത്തും വഷളായെന്ന കാര്യത്തില്‍ രാജ്യസഭ മുഴുവനും തന്നോട് യോജിക്കുന്നെന്ന് അവര്‍ പറഞ്ഞു. ഏതൊക്കെ സംസ്ഥാനങ്ങളില്‍ യുപിഎ ഭരണമുണ്ടോ അവിടെയൊക്കെ ക്രമസമാധാന നില വഷളാണ്. ഈ സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പു വരെ അധികാരത്തിലിരിക്കുമോ എന്ന് തനിക്ക് സംശയുണ്ടെന്നും ഈ വര്‍ഷം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള ദല്‍ഹിയെ ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
ദല്‍ഹിയിലെ ക്രമസമാധാനവും പോലീസിനെ നിയന്ത്രിക്കലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിട്ട് നിര്‍വഹിക്കുന്നതിനാല്‍ ഇവിടെ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടാന്‍ പോലും കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല അവരുടെ വിമര്‍ശനങ്ങള്‍ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: