ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ 2-0ന് ഹള്‍ സിറ്റിയെ കീഴടക്കിയ ചെല്‍സി രണ്ടാം മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 7-ാം മിനിറ്റില്‍ ചെല്‍സി മുന്നിലെത്തി. ആസ്റ്റണ്‍വില്ല താരം അന്റോണിയോ ലുന ദാനമായി നല്കിയ സെല്‍ഫ് ഗോളിലൂടെയാണ് ചെല്‍സി ലീഡ് നേടിയത്. ഈഡന് ഹസാര്‍ഡിന്റെ നല്ലൊരു ഷോട്ട് ആസ്റ്റണ്‍വില്ല ഗോളി തട്ടിയകറ്റിയെങ്കിലും അന്റോണിയോ ലൂനയുടെ ദേഹത്ത് തട്ടി പന്ത് റീബൗണ്ട് ചെയ്ത് വലയില്‍ കയറി. ഇതോടെ മത്സരത്തിന് വീറും വാശിയും വര്‍ധിച്ചു. മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും എതിര്‍നിരയിലേക്ക് പ്രവേശിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ ചെല്‍സിക്ക് സമനില ഗോള്‍ നേടാന്‍ ആസ്റ്റണ്‍ വില്ലക്കോ കഴിഞ്ഞില്ല. ഒടുവില്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ആസ്റ്റണ്‍വില്ല കാത്തിരുന്ന ഗോള്‍ പിറന്നു. ഗബ്രിയേല്‍ അഗ്ബോന്ലഹറിന്റെ പാസില്‍ നിന്ന് ക്രിസ്റ്റ്യന്‍ ബെന്ടെക്കെയാണ് ആസ്റ്റണ്‍ വില്ലയുടെ സമനില ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്ബോളാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 73-ാം മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ പിറന്നു. പ്ലേമേക്കര്‍ ഫ്രാങ്ക് ലംപാര്‍ഡ് നല്കിയ അളന്നുമുറിച്ച ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ബ്രാനിസ്ലാവ് ഇവാനോവിച്ച് ആസ്റ്റണ്‍ വില്ല വലയിലെത്തിച്ചു.
പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ അടുത്ത മത്സരം 26നാണ്. ലീഗിലെ ക്ലാസിക്ക് പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ചെല്‍സിയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: