മോസ്കോയിലെ ലുഷ്ണിക് സ്റ്റേഡിയത്തില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനൊപ്പം ട്രാക്കിലെയും ഫീല്‍ഡിലെയും അമേരിക്കന്‍ മേധാവിത്വത്തിനും കൂടിയാണ് തിരശീല വീണത്. 7 സ്വര്‍ണ്ണം 4 വെള്ളി 6 വെങ്കലവുമടക്കം 17 മെഡലുകള്‍ നേടി് റഷ്യ ഒന്നാമതെത്തിയത്. കഴിഞ്ഞ ദേഗു ലോകചാമ്പ്യന്‍ഷിപ്പില്‍ 12 സ്വര്‍ണ്ണം നേടിയ അമേരിക്ക ഇത്തവണ ആറ് സ്വര്‍ണ്ണം കൊണ്ട് തൃപ്തിപ്പെട്ടു. എങ്കിലും ആകെ മെഡല്‍ നേട്ടത്തില്‍ മുന്നിലെത്താനായി എന്നത് മാത്രമാണ് അമേരിക്ക് നേരിയ ആശ്വാസം പകരുന്നത്. ആറ് സ്വര്‍ണവും 13 വെള്ളിയും ആറ് വെങ്കലവുമാണ് അമേരിക്കന്‍ ശേഖരത്തിലുള്ളത്. ആറ് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 9 മെഡലുകള്‍ നേടിയ ജമൈക്കയാണ് മൂന്നാം സ്ഥാനത്ത്.
തുടര്‍ച്ചയായ അഞ്ച് ഓവറോള്‍ കിരീടങ്ങള്‍ക്കുശേഷമാണ് അമേരിക്കക്ക് ഇത്തവണ ആതിഥേയര്‍ക്ക് മുന്നില്‍ കിരീടം അടിയറവെക്കേണ്ടിവന്നത്. 2001-ല്‍ കാനഡയിലെ എഡ്മണ്ഡനില് നടന്ന മീറ്റിനുശേഷം അമേരിക്കയുടെ ഏറ്റവും മോശം പ്രകടനമാണിത്തവണത്തേത്. അന്ന് അഞ്ച് സ്വര്‍ണ്ണം നേടാനെ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. റഷ്യക്ക് പിന്നില്‍ രണ്ടാമതാവുകയും ചെയ്തു. അതിനുശേഷം അമേരിക്ക ഓവറോള്‍ കിരീടം മറ്റാര്‍ക്കും വിട്ടുകൊടുത്തിരുന്നില്ല.
ഒരു പുതിയ ലോക റെക്കോര്ഡുപോലും പിറവിയെടുക്കാതെയാണ് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങിയത്. രണ്ട് ലോക ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡുകള്‍ മാത്രമാണ് ചാമ്പ്യന്‍ഷിപ്പില്‍ പിറന്നത്. വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമും പുരുഷന്മാരടെ ഹൈജമ്പില്‍ ഉക്രെയിന്റെ ബോഡന് ബൊണ്ടാരങ്കോയുമാണ് റെക്കോര്‍ഡുകള്‍ കുറിച്ചത്. യു.എസ്.എീന്‍ ബോള്‍ട്ട് തന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നായിരുന്നു ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് മുമ്പ് എല്ലാവരുടെയും ചോദ്യം. എന്നാല്‍ ടൈസണ്‍ ഗേയും, അസഫ പവലും പോലുള്ള സൂപ്പര്‍ താരങ്ങള്‍ മരുന്നടിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായില്ല. ഇതോടെ യു.എസ്.എീന്‍ ബോള്‍ട്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്താനും ആളില്ലാതായി.
പുരുഷ-വനിതാ സ്പ്രിന്റ് ഇനങ്ങളിലും 4-100 മീറ്റര്‍ റിലേയിലും ജമൈക്ക സ്വര്‍ണ്ണം തൂത്തുവാരിയതാണ് അമേരിക്കക്ക് കനത്ത തിരിച്ചടിയായത്. ആറ് സ്വര്‍ണ്ണമാണ് ജമൈക്കന്‍ താരങ്ങള്‍ ട്രാക്കില്‍ നിന്ന് വെട്ടിപ്പിടിച്ചത്. സ്വര്‍ണ്ണവേട്ടയില്‍ അമേരിക്കക്കൊപ്പം. ഈ ആറ് സ്വര്‍ണ്ണത്തിനും അവകാശികള്‍ സ്പ്രിന്റ് ചക്രവര്‍ത്തി യു.എസ്.എീന്‍ ബോള്‍ട്ടും ഷെല്ലി ആന്‍ ഫ്രേസറുമാണ്. 100, 200 മീറ്ററുകളില്‍ ഇടമിന്നല്‍ കണക്കെ കുതിച്ചാണ് ഇരുവരും പുരുഷ വനിതാ വിഭാഗങ്ങളിലെ അതിവേഗക്കാരായി മാറിയത്. ബോള്‍ട്ട് സീസണിലെ തന്റെ മികച്ച സമയമായ 9.77 സെക്കന്റിലും വനിതാ വിഭാഗത്തില്‍ ഷെല്ലി ആന്‍ ഫ്രേസര്‍ ഈവര്‍ഷത്തെ മികച്ച സമയമായ 10.71 സെക്കന്റിലും പറന്നെത്തി. 100 മീറ്റര്‍ ഫൈനലിന്റെ തുടക്കത്തില്‍ ബോള്‍ട്ട് പിന്നിലായിരുന്നെങ്കിലും പകുതി ദൂരം പിന്നിട്ടപ്പോഴേക്കും കുതിച്ചു കയറി വ്യക്തമായ ലീഡോടെയാണ് അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. 200 മീറ്ററിലും ഇരുവര്‍ക്കും എതിരാളികളുണ്ടായിരുന്നില്ല. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയമായ 19.66 സെക്കന്റില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയപ്പോള്‍ 22.17 സെക്കന്റില്‍ പറന്നെത്തിയായിരുന്നു ഷെല്ലിയുടെ സ്പ്രിന്റ് ഡബിള്‍. പുരുഷ-വനിതാ 4-100 മീറ്റര്‍ റിലേയിലും ബോള്‍ട്ടിന്റെയും ഷെല്ലി ഫ്രേസറിന്റെയും കുതിപ്പില്‍ ജമൈക്ക സ്വര്‍ണ്ണം നേടിയതോടെ ഇരുവരും അപൂര്‍വ്വ ട്രിപ്പിളിനും അര്‍ഹരായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്വര്‍ണം നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് ബോള്‍ട്ട്. ഇതിഹാസതാരങ്ങളായ അമേരിക്കയുടെ കാള്‍ ലൂയിസും മൈക്കല്‍ ജോണ്‍സണുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. വനിതകളില്‍ ആലിസണ് ഫെലിക്സും എട്ട് സ്വര്‍ണം നേടിയിട്ടുണ്ട്. എന്നാല്‍ വനിതാ വിഭാഗത്തില്‍ ഒരു ലോക മീറ്റില്‍ മൂന്ന് സ്വര്‍ണ്ണം നേടിയ ആദ്യതാരമെന്ന ബഹുമതിയാണ് ആന്‍ ഫ്രേസര്‍ സ്വന്തമാക്കിയത്.
ജമൈക്കന്‍ കുതിപ്പിനിടയിലും വിട്ടുപോകാന്‍ കഴിയാത്ത ചിലരുണ്ട്. അതിലൊരാളാണ് വനിതാ ബൂബ്ക എന്നറിയപ്പെടുന്ന റഷ്യയുടെ യെലേന ഇസിന്‍ബയേവ. തന്റെ കാലം കഴിഞ്ഞുവെന്ന് വിമര്‍ശനം നടത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കിയാണ് ഉയരങ്ങളുടെ ഈ തോഴി തന്റെ അവസാന ലോക മീറ്റില്‍ സ്വര്‍ണ്ണം പിടിച്ചെടുത്തത്. സീസണിലെ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത ഇസിന് 4.89 മീറ്റര്‍ താണ്ടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.
അതുപോലെ മറ്റൊരു പ്രതിഭയാണ് ബ്രിട്ടന്റെ മോ ഫോറ. 2011-ല്‍ ദേഗു ലോകചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മോ ഫോറ മോസ്കോയിലും ആ നേട്ടം ആവര്‍ത്തിക്കുന്നതാണ് കണ്ടത്. ഒപ്പം കഴിഞ്ഞ തവണ 10000 മീറ്ററില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം ഇത്തവണ നെഞ്ചോടുചേര്‍ക്കുകയും ചെയ്തു.
എന്നാല്‍ ഇത്തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പിലാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം ഉണ്ടായത്. 17 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു താരം ഈയിനത്തില്‍ 18 മീറ്റര്‍ എന്ന കടമ്പ കടന്നു. 18.04 മീറ്റര്‍ ചാടി ഫ്രാന്‍സിന്റെ ടെഡ്ഡി താംഗോ സ്വര്‍ണ്ണം നേടി. ട്രിപ്പിള്‍ ജമ്പിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച പ്രകടനമായി ഇത്. തന്റെ അവസാന ശ്രമത്തിലാണ് താംഗോ ഈ നേട്ടം കൈവരിച്ചത്. ബ്രിട്ടന്റെ ജോനാഥന് എഡ്വേര്‍ഡ്സ് (18.29 മീ), അമേരിക്കയുടെ കെന്നി ഹാരിസണ്‍ (18.09) എന്നിവര്‍ മാത്രമാണ് ട്രിപ്പിള്‍ജമ്പില്‍ 18 മീറ്റര്‍ ദൂരം താണ്ടിയിട്ടുള്ളത്.
പുരുഷന്മാരുടെ 1500 മീറ്ററില്‍ കെനിയയുടെ അസ്ബെല്‍ കിപ്രോപ് തന്റെ സ്വര്‍ണ്ണം നിലനിര്‍ത്തി. മൂന്ന് മിനിറ്റ് 36.28 സെക്കന്റിലാണ് കിപ്രോപ് മോസ്കോയില്‍ സ്വര്‍ണത്തിലെത്തിയത്. 2008 ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയെങ്കിലും കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ 12-ാം സ്ഥാനത്താണ് കിപ്രോപ് ഫിനിഷ് ചെയ്തത്
വനിതകളുടെ എണ്ണൂറ് മീറ്ററിലാണ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ അട്ടിമറിക്ക് അരങ്ങൊരുങ്ങിയത്. നിലവിലെ ഒളിമ്പിക്, ലോക ചാംപ്യന്‍ റഷ്യയുടെ മരിയ സാവിനോവയെ അട്ടിമറിച്ച് കെനിയയില്‍ നിന്നുള്ള യൂനിസ് സും സ്വര്‍ണത്തിലെത്തി.ഒരു മിനിറ്റ് 57.38 സെക്കന്‍ഡിലാണ് കെനിയന്‍ താരം സ്വര്‍ണത്തിലെത്തിയത്. കെനിയന്‍ ട്രയല്‍സില്‍ സ്വര്‍ണം നേടിയ സുമിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആരും വലിയ സാധ്യതയൊന്നും കല്‍പ്പിച്ചിരുന്നില്ല.
ഇനി ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്താം. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായിട്ടായിരുന്നു ഇന്ത്യ മോസ്കോയിലേക്ക് പറന്നത്. എന്നാല്‍ മടങ്ങുന്നത് ഓട്ടക്കയ്യുമായി.
വമ്പന്‍ വേദികളിലെ മത്സരങ്ങളില്‍ ഇന്ത്യന്‍താരങ്ങള്‍ മുടന്തുന്ന കാഴ്ച തന്നെയാണ് മോസ്കോ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പും സമ്മാനിച്ചത്. ഉറച്ച മെഡല്‍ പ്രതീക്ഷ ഒന്നുപോലും ഇല്ലാതിരുന്നെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ അത്ലറ്റിക്സിനെ സംബന്ധിച്ച് മോസ്കോ നിരാശ മാത്രമാണ് സമ്മാനിച്ചത്.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഒരു ഇന്ത്യന്‍ താരം പോലും മെഡല്‍ പട്ടികയുടെ ഏഴയലത്ത് വന്നില്ല എന്നത് ഇന്ത്യന്‍ കായിക രംഗം തളരുകയാണ് എന്ന വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും പ്രതീക്ഷ കല്പ്പിച്ചിരുന്നത് മലയാളി താരവും നടത്തക്കാരനുമായിരുന്ന കെ.ടി. ഇര്‍ഫാനായിരുന്നു. 20 കി.മീറ്റര്‍ മത്സരത്തിന്റെ 10 കി.മീറ്റര്‍ പിന്നിടുമ്പോള്‍ ഇര്ഫാന് ആറാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ മൂന്ന് ഫൗളുകള്‍ വരുത്തിയതോടെ പിന്നീട് അയോഗ്യനാക്കപ്പെട്ടു. ഇര്ഫാന് പുറമെ മറ്റു രണ്ടുപേര്‍ കൂടി ഇന്ത്യക്കായി മത്സരിച്ചെങ്കിലും 33, 34 സ്ഥാനങ്ങളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. അതുപോലെ ഡിസ്കസ്ത്രോയില്‍ വികാസ് ഗൗഡക്കും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ട്രിപ്പിള്‍ജമ്പില്‍ മത്സരിച്ച മലയാളി താരം രഞ്ജിത്ത് മഹേശ്വരി ഫൈനലിലേക്ക് യോഗ്യത നേടിയതുപോലമില്ല.
വനിതകളുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ ഖുശ്ബീര്‍ കൗര്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചെങ്കിലും 39-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ സുധാസിംഗാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്നത്. എന്നാല്‍ സുധയ്ക്കും ഫൈനലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ 4-400 മീറ്റര്‍ റിലേയില്‍ പങ്കെടുത്ത നിര്‍മല, ടിന്റു ലൂക്കാ, അനുമറിയം ജോസ്, എം.വി. പൂവമ്മ തുടങ്ങിയവര്‍ക്കും മോസ്കോയിലെ കാഴ്ചകള്‍ കണ്ട് മടങ്ങാനായിരുന്നു വിധി.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: