ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി 16-ാം സ്ഥാനത്ത്. ഫോബ്സ് മാഗസിന് പ്രസിദ്ധീകരിച്ച ധനാഢ്യരായ കായിക താരങ്ങളില്‍ ഗോള്‍ഫര്‍ ടൈഗര്‍ വുഡ്സ് ആണ് ഒന്നാമത്.
78.1 ദശലക്ഷം ഡോളറാണ് വുഡ്സിന്റെ വാര്‍ഷിക വരുമാനം കണക്കാക്കുന്നത്. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ 71.5 ദശലക്ഷം ഡോളറുമായി രണ്ടാം സ്ഥാനത്തും ബാസ്ക്കറ്റ് ബോള്‍ താരം കൊബെ ബ്രയ്ന്റ് 61.9 ദശലക്ഷം ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം റാഫേല്‍ നദാല്‍, ഉസൈന്‍ ബോള്‍ട്ട് എന്നിവരെ പിന്നിലാക്കിയാണ് ധോണി സ്ഥാനം മെച്ചപ്പെടുത്തിയത്. 180 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.
2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെയുള്ള കാലയളവിലെ സമ്പാദ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ശമ്പളം, ബോണസ്, പ്രൈസ് മണി എന്നിവയെല്ലാം ഉള്‍പ്പെടെയുള്ള വരുമാന സ്രോതസുകള്‍ കണക്കാക്കിയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷം പട്ടികയില്‍ 31-ാം സ്ഥാനത്തായിരുന്നു ധോണി. സച്ചിന് ടെണ്ടുല്‍ക്കറാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന മറ്റൊരു ഇന്ത്യക്കാരന്. പട്ടികയില്‍ 31-ാം സ്ഥാനത്തുനില്ക്കുന്ന സച്ചിന്റെ വാര്‍ഷിക വരുമാനം 125 കോടി രൂപയാണ് .
ഫോര്‍മുല വണ്‍ കാറോട്ടക്കാരന് ഫെര്‍ണാണ്ടോ അലന്‍സോയാണ് 19-ാം സ്ഥാനത്ത്. ലെവിസ് ഹാമില്ട്ടണ് 26-ാം സ്ഥാനത്തും ടെന്നീസ് താരം നൊവാക് ജോകോവിക് 28-ാം സ്ഥാനത്തുമാണ്. റാഫേല്‍ നദാലാണ് 30-ാം സ്ഥാനത്ത്.
നാല്പ്പതാമനായിട്ടാണ് ഉസൈന്‍ ബോള്‍ട്ട് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. വനിതാ കായിക താരങ്ങളില്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവയാണ് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
29 ദശലക്ഷം ഡോളറാണ് ഇവരുടെ വാര്‍ഷിക വരുമാനം. 20.5 ദശലക്ഷം ഡോളറുമായി സെറീന വില്യംസ് രണ്ടാം സ്ഥാനത്തും ചൈനയുടെ ലി ന 18.2 ദശലക്ഷം ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: