പുണെ: അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ പൊരുതിയ സാമൂഹിക പ്രവര്ത്തകന് നരേന്ദ്ര ദബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പുലര്‍ച്ചെ നടത്തത്തിനിറങ്ങിയ ദബോല്ക്കറിന് നഗരത്തിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപം വെടിയേല്‍ക്കുകയായിരുന്നു.
സംഭവത്തെറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉടന്‍ തന്നെ സസൂണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. യുക്തിവാദി എന്ന നിലയില്‍ പേരെടുത്ത നരേന്ദ്ര നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
അന്ധവിശ്വാസങ്ങള്‍ക്കെതിരായ ബില്‍ മഹാരാഷ്ട്ര നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടം തുടരുന്നിതിനിടെയാണ് കൊല്ലപ്പെടുന്നത്. 25 വയസ് പ്രായം മതിക്കുന്ന രണ്ടു യുവാക്കളാണ് ധാബോല്‍ക്കര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറയുന്നു. ശരീരത്തില്‍ നാലു ബുള്ളറ്റുകളുണ്ടായിരുന്നു.
അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു . പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപര്‍ കൂടിയായ ദബോല്‍ക്കര്‍ ദുര്‍മന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന ബില്‍ പാസാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.
വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ദബോല്‍ക്കര്‍ ഇന്ത്യന്‍ കബഡി ടീമംഗമായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവന് ഗൗരവ് പുരസ്കാര്‍ നേടിയിട്ടുണ്ട്.
ബാബ അധാവയുമായി സഹകരിച്ചാണ് സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. പിന്നീട് പ്രൊഫ. ശ്യാം മാനവിന്റെ അഖില്‍ ഭാരതീയ അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയില്‍ സജീവമായി.
1989ല്‍ സംഘടനയുടെ എക്സിക്യുട്ടീവ് പ്രസിഡന്റായി. പിന്നീടാണ് മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതി സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: