സിന്‍സിനാറ്റി: സിന്‍സിനാറ്റി കിരീടം റാഫേല്‍ നദാല്‍ സ്വന്തമാക്കി. കനത്ത വെല്ലുവിളി ഉയര്‍ത്തിയ ജോണ്‍ ഇസ്നറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 7-6 (10-8), 7-6 (7-3). കലാശപ്പോരാട്ടത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഇസ്നര്‍ നദാലിനെ വെള്ളംകുടിപ്പിച്ചശേഷമാണ് പരാജയം സമ്മതിച്ചത്. ഇരുസെറ്റുകളിലും ടൈബ്രേക്കറിലാണ് വിജയിയെ തീരുമാനിക്കപ്പെട്ടത്. കരിയറിലെ 59-ാം കിരീടമാണ് നദാല്‍ സിന്‍സിനാറ്റിയില്‍ നേടിയത്. ഒരാഴ്ച മുമ്പ് മോണ്ട്രിയലില് കിരീടനേട്ടം കൈവരിച്ചശേഷമാണ് നദാല്‍ ഇവിടെ എത്തിയിരുന്നത്. യുഎസ് ഓപ്പണിന് മുന്നോടിയായുള്ള ഈ ഇരട്ട കിരീടനേട്ടങ്ങള്‍ നദാലിന്റെ ആത്മവിശ്വാസം യുഎസ് ഒാപ്പണില്‍ വര്‍ധിപ്പിക്കും. ഹാര്‍ഡ്കോര്‍ട്ടില്‍ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നും നദാല്‍ തെളിയിച്ചുകഴിഞ്ഞു.
വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആന്‍ഡി മുറെയെ പരാജയപ്പെടുത്തി എത്തിയ ടോമാസ് ബെര്ഡിക്കിനെയും മറികടന്നാണ് നദാല്‍ കലാശപ്പോരാട്ടത്തിന് എത്തിയിരുന്നത്. എന്നാല്‍ മറ്റ് മത്സരങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നദാലിന് ഫൈനലില്‍ നേരിടേണ്ടിവന്നത്.
ഇരുസെറ്റുകളിലും ഒപ്പത്തിനൊപ്പം നിന്നശേഷമാണ് ഇസ്നര്‍ പരാജയപ്പെട്ടത്. മുമ്പില്‍ രണ്ട് മണിക്കൂറോളം പൊരുതിനിന്നു. ഈ വിജയത്തോടെ നദാല്‍ ഈ സീസണില്‍ പങ്കെടുത്ത 12 ടൂര്‍ണമെന്റുകളില്‍ നേടുന്ന ഒന്‍പതാം കിരീടമാണിത്. ഈ വിജയത്തോടെ റാങ്കിംഗ് നിലയിലും നദാല്‍ നേട്ടം കൈവരിച്ചു. രണ്ടാം നമ്പര്‍ സ്ഥാനത്തേക്ക് സ്പാനിഷ് താരം ഉയര്‍ത്തപ്പെട്ടു.
തലയുയര്ത്തിപ്പിടിച്ചുതന്നെയാണ് താന്‍ കളിക്കളത്തിന് പുറത്തുപോകുന്നതെന്ന് മത്സരശേഷം ഇസ്നര്‍ പറഞ്ഞു. കാരണം ലോകത്തിലെ ഏറ്റവും മികച്ച താരത്തിലൊരാളോടാണ് താന്‍ പരാജയപ്പെട്ടതെന്ന് ഇസ്നര്‍ പറഞ്ഞു. ലോക റാങ്കിംഗില്‍ ഇസ്നര്‍ 22-ാം സ്ഥാനത്തുനിന്നും 14 സ്ഥാനത്തേക്ക് ഉയര്‍ന്നു.
വനിതാ വിഭാഗത്തില്‍ സെറീന വില്യംസിന്റെ സ്വപ്നങ്ങള്‍ തകര്‍ത്ത് ബലാറസിന്റെ വിക്ടോറിയ അസാരങ്ക ചാമ്പ്യനായി. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനത്തോടെ മുന്നേറിവന്ന സെറീനക്ക് പക്ഷേ കലാശപ്പോരാട്ടത്തില്‍ അസാരങ്കയെ മറികടക്കാനായില്ല. ആദ്യസെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു അസാരങ്കയുടെ തിരിച്ചുവരവ്. സ്കോര്‍: 2-6, 6-2, 7-6 (8-6).
ആദ്യസെറ്റ് 6-2 എന്ന നിലയില്‍ സ്വന്തമാക്കിയ സെറീനക്ക് മത്സരത്തില്‍ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ബെലാറസ് താരം 6-2 ന്തന്നെ സെറ്റ് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റിലും ജയപരാജയങ്ങള്‍ മറിമറിഞ്ഞിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സെമിയില്‍ ടൈബ്രേക്കറില്‍ അസാരങ്ക വിജയം നേടുകയായിരുന്നു. രണ്ട് മണിക്കൂറും 30 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലാണ് സെറീന പരാജയം സമ്മതിച്ചത്.
ഈ സീസണില്‍ ഫൈനലിലെത്തിയ 10 മത്സരങ്ങളില്‍ സെറീന പരാജയപ്പെടുന്നത് ഇത് രണ്ടാംതവണയാണ്. അസാരങ്ക ഈ വര്‍ഷം നേടുന്ന മൂന്നാം കിരീടംകൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: