മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെയുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. 62.03 എന്ന നിരക്കില്‍ നിന്ന് താഴ്ന്ന് ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 62.35 വരെ എത്തി നില്‍ക്കുകയാണ്.
എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് യുഎസ് ഡോളറിന് ഡിമാന്റ് ഉണ്ടായതാണ് രൂപയ്ക്ക വീണ്ടും തിരിച്ചടിയായത്. സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച കൊണ്ട് വ്യക്തമാകുന്നത്.
അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെട്ടതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി. വന്‍കിട നിക്ഷേപകര്‍ രൂപയില്‍ നിന്നും ഡോളറിലേക്ക് തിരിയുന്നതാണ് ഇടിവിന്റെ മറ്റൊരു കാരണം. ഇന്ത്യന്‍ സമ്പദ്ഘടന കൂടുതല്‍ ദുര്‍ബലമായേക്കുമെന്ന വിലയിരുത്തലിലാണ് വന്‍കിട നിക്ഷേപകരുടെ ചുവടുമാറ്റം. സെബിയുടെ കണക്ക് പ്രകാരം 563 കോടി രൂപയുടെ ഓഹരികള്‍ ഇതിനകം തന്നെ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചു.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.ഓഹരി വിപണിയും ഇടിവിന്റെ പാതയിലാണ്. ബോംബെ സൂചിക സെന്‍സെക്സ് 175 പോയിന്റ് നഷ്ടത്തില്‍ 18,422ലാണ് വ്യാപാരം നടത്തുന്നത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 62 പോയിന്റ് താഴ്ന്ന് 5445ലാണ് വ്യാപാരം പുരോഗമിക്കുന്നത്.നേരത്തെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പലിശാ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: