കാസര്‍കോട്: മരുസാഗര്‍ എക്സ്പ്രസ്സിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പാന്‍ട്രികാര്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധം. ശനിയാഴ്ച രാത്രി ൧൧ മണിയോടെ കാസര്‍കോട് ട്രെയിന്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് നിരവധി നാട്ടുകാരും സ്ഥലത്തെത്തി. എട്ടോളം പേരെ ആശുപത്രിയിലേക്ക് മാറ്റുകയും മറ്റുള്ളവര്‍ക്ക് സ്റ്റേഷനില്‍ വെച്ച് തന്നെ ചികിത്സ നല്‍കുകയായിരുന്നു. ഇതിനിടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പാന്‍ട്രികാര്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബഹളം വെച്ചു. തുടര്‍ന്ന് പോലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട തങ്ങളെ ജീവനക്കാര്‍ ആക്ഷേപിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. പാന്‍ട്രി കാറിനുള്ളില്‍ ദുര്‍ഗന്ധമായിരുന്നു. കേടുവന്നതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മലയാളികള്‍ക്ക് ഇത്രയൊക്കെ മതിയെന്നായിരുന്നു ഹിന്ദിയില്‍ ജീവനക്കാര്‍ നല്കിയ മറുപടി. കൂടാതെ പരാതിപ്പെട്ട ഇവരെ കഴുത്തിന് പിടിച്ച് പുറത്താക്കുകയും ചെയ്തു. ജീവനക്കാര്‍ പഴകിയ ഭക്ഷണം പുറത്തേക്കെറിയുകയും ചെയ്തു. മംഗലാപുരത്ത് എത്തിയപ്പോള്‍ തന്നെ ഏറെപ്പേര്‍ അവശനിലയിലാവുകയും ജീവനക്കാര്‍ ട്രെയിന്‍ തടയുകയും ചെയ്തതിനാല്‍ കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം ജനറല്‍ ആശുപത്രിയില്‍ നിന്നും ചികിത്സ നല്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെ ഒരുക്കി. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ മാത്രമാണ് ആശുപത്രിയിലേക്ക് അയച്ചത്. അറുപതോളം യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് പന്ത്രണ്ടരയോടെ ട്രെയിന്‍ വിട്ടു. പാന്‍ട്രികാറില്‍ നിന്നും പഴകിയ ഭക്ഷണവും പച്ചക്കറികളും കണ്ടെടുത്തു. രൂക്ഷമായ ഗന്ധമാണ് ഭക്ഷണസാധനങ്ങളില്‍ നിന്നും അനുഭവപ്പെട്ടത്. ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് അടുത്തിടെ വ്യാപക പരാതികളാണ് ഉയര്‍ന്നുവരുന്നത്. നിരവധി തവണ ട്രെയിന്‍ തടഞ്ഞ് യാത്രക്കാര്‍ പ്രശ്നമുണ്ടാക്കിയെങ്കിലും അധികൃതര്‍ അവഗണിക്കുകയാണ്. അധികതുക ഈടാക്കുമ്പോഴും യാത്രക്കാര്‍ക്ക് മാന്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് വസ്തുത. എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, മണ്ഡലം പ്രസിഡണ്ട് പി.രമേശ്, ജനറല്‍ ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരും നിരവധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: