കെയ്റോ: സംഘര്‍ഷം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിനെ നിയമപരമായി പിരിച്ചുവിടാന്‍ ഈജിപ്ത് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇടക്കാല പ്രധാനമന്ത്രിയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ നിയമസാധുത തേടാന്‍ പ്രധാനമന്ത്രി ഹസിം എല്‍ വെബ് ലാവി സോഷ്യല്‍ സോളിഡാരിറ്റി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. സൈന്യം പുറത്താക്കിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംബ്രദര്‍ഹുഡ് നടത്തുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിനിടെ സൈനികരില്‍ നിന്ന് രക്ഷപ്പെടാനായി ആയിരത്തോളം മുര്‍സി അനുകൂലികള്‍ കെയ്റോയിലെ ഫത്തഹ് മജ്സീജിദില് തമ്പടിച്ചിരിക്കുകയാണ്. കീഴടങ്ങാനുള്ള സൈന്യത്തിന്റെ അഭ്യര്‍ത്ഥന പ്രക്ഷോഭക്കാര്‍ നിരസിച്ചു. വെള്ളിയാഴ്ച്ച നടന്ന അക്രമത്തില്‍ 173 പേര് കൊല്ലപ്പെട്ടു. 1,000 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബുധനാഴ്ച്ച കീ്റോയിലെ മുസ്ലിം ബ്രദര്‍ഹുഡിന് നേരെ നടന്ന ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹവും വഹിച്ച് ബ്രദര്‍ഹുഡ് അനുയായികള്‍ വെള്ളിയാഴ്ച നടത്തിയ പ്രക്ഷോഭം വീണ്ടും അതിരൂക്ഷമായ രക്തച്ചൊരിച്ചിലില്‍ അവസാനിക്കുകയായിരുന്നു. ആയിരത്തോളം പേര് ഫത്തഹ് മജ്സീജിദില് ഉണ്ടെന്നാണ് കരുതുന്നത്. സൈനിക അധീനപ്രദേശത്തുള്ള മോസ്കിന് നേരെ സൈനിക നടപടികളുണ്ടാകുമെന്ന ഭയത്താല്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ കൂടുതല്‍ അനുയായികള്‍ ഇവിടെ ഉപരോധ ശ്രമം നടത്തുന്നുണ്ട്. സൈനികാക്രമണത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ മൃതദേഹവും മോസ്ക്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, ഈജിപ്തില്‍ തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സമാധാനശ്രമങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്റ് മുഹമ്മദ് എല്ബരോദി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും യോജിക്കാനാകാത്ത തീരുമാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എല്ബരോദിയുടെ രാജി. 1928ലാണ് മുസ്ലിം ബ്രദര്‍ഹുഡ് രൂപീകൃതമായതെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഈജിപ്തില്‍ അധികാരത്തിലെത്തിയത്. കാലങ്ങളായി ഈജിപ്തിനെ ഏകാധിപത്യത്തില്‍ അടിച്ചമര്‍ത്തിയിരുന്ന ഹുസ്നി മുബാറക്കിനെ പുറത്താക്കിയാണ് മുസ്ലിംബ്രദര്ഗുഡിന്റെ നേതൃത്വത്തില്‍ മുഹമ്മദ് മുര്‍സി ജനാധിപത്യ വ്യവസ്ഥയില്‍ ഈജിപ്തിന്റെ ആദ്യപ്രസിഡന്റായത്. എന്നാല്‍ മുര്‍സിക്കെതിരെയും ജനകീയ പ്രക്ഷോഭം ശക്തമായതോടെ സൈന്യം അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: