ന്യൂദല്‍ഹി: തികച്ചും അസ്വാഭാവികമാണത്. കോണ്‍ഗ്രസ് നേതാവ്, കൂടാതെ ലാലു പ്രസാദ് യാദവിന്റെ ഭാര്യയുടെ സഹോദരന്, അളിയന്. അങ്ങനെയൊരാള്‍ ബിജെപി നേതാവായ നരേന്ദ്ര മോദിയുടെ എതിര്‍പക്ഷത്താണെങ്കില്‍ വാര്‍ത്തയേ അല്ല. പക്ഷേ സദ്ദുയാദവ് വാര്‍ത്തയില്‍ നിറയുന്നു, എന്തുകൊണ്ടെന്നോ, സദ്ദു മോദിയെ പ്രശംസിക്കുകയാണ്. മാത്രമല്ല, മോദിയെ രാഹുല്‍ ഗാന്ധിയുമായി തുലനംചെയ്യുന്നു.ഇന്ത്യ നരേന്ദ്രമോദിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്നാണ് സദ്ദു യാദവ് പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമായിരിക്കില്ലെന്നും പറയുന്നുണ്ട് ആര്‍ജെഡി മേധാവി ലാലുപ്രസാദ് യാദവിന്റെ ഭാര്യാസഹോദരന്‍ കൂടിയായ സദ്ദു യാദവ്. ഗാന്ധിനഗറിലെത്തി യാദവ് മോദിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്നെ സംബന്ധിച്ച് രാജ്യമാണ് വലുതെന്നും തന്റെ ചിന്ത ഇന്ത്യയെക്കുറിച്ചാണെന്നും സദ്ദു യാദവ് പറഞ്ഞു. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ മോദിക്ക് സാധിക്കും. അദ്ദേഹം സംസാരിക്കുന്നതും രാജ്യത്തെ കുറിച്ചാണ്. അദ്ദേഹത്തിന്റെ കൈകളില്‍ ഇന്ത്യ സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നതെന്നും യാദവ് പറഞ്ഞു.
രാഹുല്‍ ഗാന്ധി കഴിവുള്ള നേതാവായിരുന്നുവെങ്കില്‍ മൊത്തം രാജ്യത്തെ കുറിച്ച് സംസാരിക്കുമായിരുന്നു. എന്നാല്‍ രാഹുല്‍ രാജ്യത്തെ കുറിച്ച് സംസാരിക്കുന്നില്ല. മോദിയുടെ ചിന്തയും സംസാരവുമെല്ലാം രാജ്യത്തെ കുറിച്ചാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ദേശ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതേയില്ല. അവര്‍ രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നുമില്ലയെന്നും ബീഹറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവുകൂടിയായ സദ്ദു യാദവ് പറയുന്നു. കോണ്‍ഗ്രസിന് മോദിയെ വേണോ വേണ്ടയോ എന്നതല്ല കാര്യമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമാണെന്നും യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: