ന്യൂദല്‍ഹി: നരേന്ദ്രമോദിയെ കിണറ്റിലെ തവളയെന്നു വിളിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദിന് ബിജെപിയുടെവക അതെ നാണയത്തില്‍ മറുപടി. ഇന്ത്യയും പാകിസ്ഥാനുമായി ആണവയുധമുണ്ടായാല് ജീവിച്ചിരിക്കുക ഖുര്ഷിദെന്ന പാറ്റ മാത്രമായിരിക്കുമെന്ന് ബിജെപി വക്താവ് മീനാക്ഷി ലേഖി. ആണവ വികിരണമുണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ പാറ്റയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അതുകൊണ്ട് ഖൂര്ഷിദ് മാത്രമേ ജീവിച്ചിരിക്കുകയുള്ളുവെന്നും ശക്തമായ ഭാഷയില്‍ ലേഖി തിരിച്ചടിച്ചു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെന്ന നിലയ്ക്ക് സല്മാന് ഖുര്‍ഷിദിന് സംസാരിക്കാന്‍ അര്‍ഹതയില്ലായെന്നും വിദേശികള്‍ക്ക് വേണ്ടിമാത്രമാണ് വിദേശകാര്യമന്ത്രി ശബ്ദിക്കാറുള്ളുവെന്നുമാണ് ബിജെപി വക്താവ് ആഞ്ഞടിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ദല്‍ഹിയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം നിരാശാജനകമാണെന്ന് മോദി ആരോപിച്ചിരുന്നു. പാകിസ്ഥാന് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിനിര്‍ത്തല്‍ നിയമം ലംഘിച്ച് വെടി ഉതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെ പറ്റി ഒരു വാക്കു പോലും മിണ്ടാതെ പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിനെയാണ് മോദി വിമര്‍ശിച്ചത്.
ഇന്ത്യന്‍ സൈനികന്റെ തലയറുത്ത് മാറ്റിയ പാകിസ്ഥാന് സൈന്യത്തിന്റെ നിലപാടിനെതിരെ ഇന്ത്യയിതുവരെ ശക്തമായി പ്രതികരിക്കാത്തത് സര്‍ക്കാരിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. കിണറ്റില്‍ നിന്നും പുറത്തു വന്ന തവളയാണ് മോദിയെന്നും അതുകൊണ്ട് പുറംലോകം കണ്ട് ശങ്കിച്ച് നില്‍ക്കുകയാണെന്നും സല്മാന് ഖൂര്ഷിദ് കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഖുര്‍ഷിദ് വടികൊടുത്ത് അടിവാങ്ങിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഒരാള്‍ ഉപയോഗിക്കുന്ന ഭാഷയില്‍തന്നെ മറുപടി പറഞ്ഞില്ലെങ്കില്‍ ചിലര്‍ക്ക് പറയുന്നത് മനസിലാകില്ലെന്നും അതുകൊണ്ടാണ് ഖുര്‍ഷിദ് എന്ന പാറ്റയ്ക്ക് മനസിലാകുന്ന ഭാഷയില്‍ മറുപടി പറയേണ്ടതായി വന്നതെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്റെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നിസ്സംഗത ആശങ്ക സൃഷ്ടിക്കുന്നതായും ലേഖി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: