സിഡ്നി: പാക്കിസ്ഥാന് വംശജനായ ലെഗ്സ്പിന്നര്‍ ഫവദ് അഹമ്മദ് ഓസീസ് ടീമില്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഫവദിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുപ്പത്തിയൊന്നുകാരനായ ഫവദ് അഭയാര്‍ത്ഥിയായാണ് ഓസ്ട്രേലിയയില്‍ എത്തിയത്. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് ഓസ്ട്രേലിയന്‍ പൗരത്വം ലഭിച്ചത്. സേവ്യര്‍ ദൊഹേര്ത്തിക്ക് പകരമായാണ് ഫവദ് ടീമിലെത്തിയത്. ദൊഹേര്‍ത്തി ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ഫവദിന് ലഭിച്ച മികച്ച അവസരമാണിതെന്ന് ചീഫ് സെലക്ടര്‍ ജോണ്‍ ഇന്വെറാരിറ്റി പറഞ്ഞു.
ഓസ്ട്രേലിയന്‍ ‘എ’ ടീമിനൊപ്പം സിംബാബ്വേ പര്യടനം നടത്തിയ ഫവദ് മികച്ച ബൗളറാണെന്ന് തെളിയിച്ചിരുന്നു. സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, ഹാസില്ഹുഡ് എന്നിവരും ടീമിലെത്തിയിട്ടുണ്ട്. മിച്ചല്‍ മാര്‍ഷിന് പകരമായാണ് സ്റ്റീവ് സ്മിത്തിന് ഇടം ലഭിച്ചത്.
ആഷസ് പരമ്പരയില്‍ വന്‍ പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് ടീമില്‍ കാര്യമായ അഴിച്ചുപണി നടത്താന്‍ ഓസ്ട്രേലിയ തീരുമാനിച്ചത്. ആഷസില്‍ നാല് ടെസ്റ്റുകളിലെ മൂന്നിലും ഓസ്ട്രേലിയ പരാജയപ്പെടുകയായിരുന്നു. അവസാന ടെസ്റ്റ് അവിശ്വസനീയമായ രീതിയിലാണ് കംഗാരുക്കള്‍ മുട്ടുകുത്തിയത്. അടുത്ത വര്‍ഷത്തെ ലോകകപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണ് ഓഫീസ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ആഗസ്റ്റ് 29 മുതല്‍ സപ്തംബര്‍ 16 വരെയാണ് ഏകദിന മത്സരങ്ങള്‍.
ടീം: മൈക്കിള്‍ ക്ലാര്‍ക്ക് (ക്യാപ്ടന്) ബെയ്ലി, ഫവദ് അഹമ്മദ്, നഥാന്‍ കള്‍ട്ടര്‍ നീല്‍, ഫോള്‍ക്ക്നര്‍, ഫിഞ്ച്, ഹാസില്‍വുഡ്, ഹ്യൂഗ്സ്, മിച്ചല്‍ ജോണ്സണ്, ഷോണ്‍ മാര്‍ഷ്, മാക്സ്വെല്, ക്ലിന്റ് മക്കെ, സ്റ്റീവ് സ്മിത്ത്, സ്റ്റാര്‍ക്ക്, ആദം വോഗ്സ്, വെയ്ഡ്, വാര്‍ണര്‍, വാട്സണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: