നെഹ്റുട്രോഫിയുടെ ചരിത്രത്തില്‍ ചുണ്ടന്‍വള്ളത്തെ നയിച്ച പ്രായം കുറഞ്ഞ വനിതാ ക്യാപ്ടന് എന്ന ബഹുമതിഇനി ഹരിതയ്ക്ക് സ്വന്തം. പ്രവാസിയും ബിസിനസ്സുകാരനുമായ കൈനകരി കുതവറചിറ അനില്‍ കുമാറിന്റെയും സ്മിതയുടെയും മകളായ ഹരിത ആനാരി പുത്തന്‍ ചുണ്ടനെ നയിച്ചാണ് ചരിത്രത്തിലേക്ക് ഇടം നേടിയത്.
ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു നെഹ്റുട്രോഫി വള്ളംകളിയില്‍ പങ്കെടുക്കണമെന്നത.് അത് സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഹരിത പറയുമ്പോള്‍ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം. ആലപ്പുഴയില്‍ ജനിച്ച ഹരിതയ്ക്ക് വള്ളത്തെയും വള്ളംകളിയെയും കുറിച്ച് സംസാരിക്കുമ്പോള്‍ നൂറു നാവാണ്. കുട്ടിയായിരുന്ന സമയത്ത് തന്നെ മുത്തച്ഛന്റെയും മുത്തശ്ശിയും കൈപിടിച്ച് പുന്നമടയില്‍ എത്തുകയും വള്ളംകളി ആവേശത്തോടെ കാണുകയും ചെയ്യുമായിരുന്നു.
എട്ടാം വയസ്സില്‍ കുടുംബത്തോടെപ്പം വിദേശത്തേക്ക് പോയെങ്കിലും വള്ളംകളിയുടെ ആവേശം ഒട്ടും നഷ്ടമായില്ല. അച്ഛന് അനില്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൈനകരി യുബിസി ടീമിനെ നയിക്കാന്‍ ഹരിത സമ്മതം മൂളിയത്. പാരമ്പര്യമായി വള്ളംക്കളിയോട് കുടുംബത്തിന് വലിയ ബന്ധമാണുള്ളത്. 2009 ല്‍ പായിപ്പാടന് ചുണ്ടനെ നയിച്ചത് അച്ഛന് അനില്‍ കുമാറായിരുന്നു.
മൂന്ന് ദിവസത്തെ പരിശീലന തുഴച്ചിലിന് ശേഷമാണ് ഹരിത മത്സരത്തില്‍ പങ്കെടുത്തത്. ചെറിയ കുട്ടിയായതുകൊണ്ട് തന്നെ വള്ളത്തിലെ മറ്റ് തുഴച്ചില്‍ക്കാര്‍ വലിയ പിന്തുണയാണ് തനിക്ക് നല്‍കിയതെന്ന് ഹരിത പറഞ്ഞു. ഇത്തവണ മൂന്നാം സ്ഥാനമാണ് കരസ്ഥമാക്കിയതെങ്കില്‍ അടുത്ത വര്‍ഷത്തെ മത്സരത്തില്‍ ട്രോഫി കരസ്ഥമാക്കുമെന്ന് ഹരിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. നന്നായി കവിത ചൊല്ലാനും പടംവരയ്ക്കാനുള്ള കഴിവും ഹരിതയ്ക്കുണ്ട്. അബുദാബിയിലെ സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ ഹരിതക്ക് നാട്ടില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. നമ്മുടെ നാടിന്റത്ര സൗന്ദര്യമൊന്നും വിദേശത്തില്ലെന്നാണ് ഈ കൊച്ചുമിടുക്കിയുടെ അഭിപ്രായം.
കെ.പി.അനിജാമോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: