പഠിച്ചതൊഴില്‍ ഇന്നും മറക്കാതെ പ്രവര്‍ത്തിക്കുകയാണ് കൗസല്യ. പ്രിന്റിങ്ങ് യുഗം ഒട്ടേറെ മാറിയെങ്കിലും തൃശൂര്‍ നഗരത്തിലെ നരേന്ദ്ര പ്രിന്റേഴ്സില്‍ 23 വര്‍ഷക്കാലമായി കൗസല്യയുണ്ട്. മുപ്പതാമത്തെ വയസ്സില്‍ കുടുംബ പരാധീനതക്ക് ഒരു രക്ഷക്കുവേണ്ടി തുടങ്ങിയതാണ് അച്ചുനിരത്തിയുള്ള പ്രസ്സിലെ ജോലി. തൃശൂരിനടുത്ത പേരാമംഗലത്താണ് കൗസല്യയുടെ വീട്. ബില്കോപ്പികള് മാത്രം പ്രിന്റ് ചെയ്യുന്ന ഈ പ്രസ്സ് അപൂര്‍വ്വം ദിവസമെ തുറക്കാറുള്ളു.
ആവശ്യക്കാര്‍ക്കുവേണ്ടി പ്രസ്സ് തുറക്കുമ്പോള്‍ കൗസല്യ അച്ചുകള്‍ നിരത്താന്‍ എത്തും. മാസത്തില്‍ നാലോ അഞ്ചോ ദിവസമെ ഇവിടെ പണി കാണൂ. അച്ചുകള്‍ നിരത്താനുള്ള പ്രയാസവും സമയക്കുറവും മൂലമാണ് പ്രസ്സില്‍ തിരക്ക് കുറവ്. സംസ്കൃതം കമ്പോസ്സ് ചെയ്യാനാണ് ആദ്യം ശീലിച്ചത്. അതും പുറനാട്ടുകര ആശ്രമത്തില്‍ നിന്ന്. വൈരക്കല്ല് പണിക്കാരനായ ഭര്‍ത്താവിന് കിട്ടുന്ന തുച്ഛവരുമാനംകൊണ്ട് ജീവിക്കാന്‍ ഏറെ കഷ്ടപ്പാടുണ്ട്. 55കാരിയായ കൗസല്യക്ക് പ്രസ്സിലെ ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം സഹായകരമാണ്. ജീവിതത്തില്‍ ഒട്ടേറെ കടമ്പകള്‍ കടന്ന സമയമുണ്ടായിരുന്നു. ആയിടക്ക് ഭര്‍ത്താവ് ലോട്ടറി വില്‍പ്പന നടത്തിയിരുന്നു. ഒരിക്കല്‍ ഒന്നാം സമ്മാനം അദ്ദേഹം വിറ്റ ടിക്കറ്റിനായിരുന്നു. അതിന്റെ കമ്മീഷന് കൊണ്ട് എട്ടുലക്ഷം രൂപയോളം ലഭിക്കുകയുണ്ടായി. വീടിന്റെ പണി അന്നാണ് പൂര്‍ത്തിയാക്കിയത്. ഒരു മകനുമുണ്ട്. പ്രസ്സില്‍ വരാത്ത ദിവസം വൈരക്കല്ല് ജോലിക്കും പോയിരുന്നു. തലവേദനയും കാഴ്ചക്കുറവും കാരണം ജോലിക്കൊന്നും പോകാറില്ല. അത്യപൂര്‍വ്വമായ ഈ പ്രസ്സിന്റെ പ്രവര്‍ത്തനം കാണുന്നതിനും മനസ്സിലാക്കുവാനും കോളേജ് തലത്തിലേയും സ്കൂള്‍ തലത്തിലേയും വിദ്യാര്‍ത്ഥികള്‍ വന്നെത്താറുണ്ട്. അവര്‍ക്കൊക്കെ നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ മേഖലയെ കൗതുകത്തോടെയാണ് കാണുന്നത്. ഇന്നുകാണുന്ന സംവിധാനം അടുത്ത നിമിഷം തന്നെ മാറുന്ന അതിവേഗ യുഗത്തിലാണ് നാം ജീവിക്കുന്നത്. നാളെ കമ്പ്യൂട്ടര്‍ സംവിധാനവും മാറില്ലെന്ന് ആരുകണ്ടു, ചിരിച്ചുകൊണ്ട് കൗസല്യ പറയുന്നു.
പാലേലി മോഹനന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: