മോസ്കോ: ഒരു യക്ഷിക്കഥയെ വെല്ലുന്നതായിരുന്നു യെലേന ഇസിന്‍ബയേവ എന്ന റഷ്യന്‍ പോള്‍വോള്‍ട്ട് താരത്തിന്റെ കരിയര്‍. മാസ്മരികത നിറഞ്ഞ ഇസിന്റെ പ്രയാണത്തില്‍ ലോക റെക്കാര്‍ഡുകള്‍ തകര്‍ന്നുവീണത് 28 തവണയായിരുന്നു. എക്കാലത്തേയും മികച്ച അത്ലറ്റുകളില് ഒരാളെന്ന ബഹുമതി സ്വന്തം പേരില്‍ ചാര്‍ത്തിയ ഇസില്‍ സുവര്‍ണ നേട്ടത്തോടെ ട്രാക്കിനോട് വിടപറഞ്ഞു. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4.89 മീറ്റര്‍ പറന്നാണ് ഉയരങ്ങളുടെ റാണി തന്റെ കരിയര്‍ അവസാനിപ്പിച്ചത്. വനിതാ പോള്‍ വോള്‍ട്ടില്‍ ഒരു ദശകത്തോളം എതിരാളികളില്ലാതെ തിളങ്ങിനിന്ന താരമായിരുന്നു ഇസില്‍ ബയേവ. കാലിന് പരിക്കേറ്റിരുന്നതിനാല്‍ ഈ വര്‍ഷം വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് ഇസിന് പങ്കെടുത്തിരുന്നത്. മോസ്കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കുമെന്നും 31കാരിയായ താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
മികച്ച ഫോമില്‍ അല്ലാതിരുന്നതിനാല്‍ മോസ്കോയില്‍ സ്വര്‍ണം നേടാനാകുമോയെന്ന ആശങ്ക ഇസിനുണ്ടായിരുന്നു. 13 തവണ ഇന്‍ഡോറിലും 15 തവണ ഔട്ട്ഡോറിലും റെക്കോര്‍ഡിന്റെ പെരുമഴ തീര്‍ത്ത ഇസിന് വിടവാങ്ങല്‍ മത്സരം ഗംഭീരമാക്കാന്‍ കഠിനപ്രയ്തനത്തിലായിരുന്നു. ഇസിന്റെ സ്വപ്നമായിരുന്നു സ്വര്‍ണ നേട്ടത്തോടെയുള്ള പടിയിറക്കം. തന്റെ മോഹം സഫലമാക്കിയാണ് ഇസിന് പടിയിറങ്ങിയത്.
2004 ലെ ഏഥന്‍സ് ഒളിമ്പിക്സിലും 2008 ലെ ബീജിംഗ് കായിക മാമാങ്കത്തിലും സ്വര്‍ണം ഇസിന്റെ പേരില്‍ തന്നെ കുറിക്കപ്പെട്ടു. 2004, 2005, 2008 വര്‍ഷങ്ങളില്‍ മികച്ച അത്ലറ്റായി അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് തെരഞ്ഞെടുത്തതും ഇസിനെയാണ്. വനിതാ പോള്‍വോള്‍ട്ടില്‍ നിലവിലുള്ള ലോക റെക്കോര്‍ഡും ഈ റഷ്യന്‍ താരത്തിന്റെ പേരിലാണ്. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തിയാണ് സുവര്‍ണ നേട്ടത്തോടെ ഇസിന് പടിയിറങ്ങിയത്. അമേരിക്കന്‍ താരം ജെന്നിഫര്‍ സുഹര്‍ വെള്ളിയും ക്യൂബയുടെ യാരിസ്ലെ സില്‍വ വെങ്കലവും നേടി.ആറ് തവണ ലോക ചാമ്പ്യനായ ഉക്രൈനിന്റെ പുരുഷപോള് വോള്‍ട്ട് താരം സെര്‍ജി ബൂബ്കയോട് മാത്രമാണ് ഇസിനെ ഉപമിക്കുന്നത്. വനിതാ പോള്‍വോള്‍ട്ടില്‍ അഞ്ച് മീറ്റര്‍ എന്ന മാസ്മരിക ഉയരം താണ്ടിയ താരം കൂടിയാണ് ഈ റഷ്യന്‍ വനിത.
ഇസിന് ബയേവയുടെ തുടക്കം ജിംനാസ്റ്റിക്സിലൂടെ ആയിരുന്നു. അഞ്ച് വയസു മുതല്‍ 15 വയസ്സ് വരെ ഇസിന് ഈ ഇനത്തില്‍ പരിശീലനം നടത്തിയിരുന്നു. തുടര്‍ന്നാണ് പോള്‍ വോള്‍ട്ടിലേക്ക് ചുവടുമാറ്റിയത്. ആറ് മാസത്തെ പോള്വോള്ട്ടിലുള്ള പരിശീലനത്തിനുശേഷം 16-ാം വയസ്സില്‍ മോസ്കോയില്‍ നടന്ന ലോക യൂത്ത് ഗെയിംസില്‍ നാല് മീറ്റര്‍ ഉയര്‍ന്നു പറന്ന ഇസിന് പുതിയ ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഇത് 1998 ല്‍ ആയിരുന്നു. പിന്നീടുള്ള പ്രകടനങ്ങള്‍ ചരിത്രത്തിലെ ഏടുകളില്‍ കുറിക്കപ്പെട്ടു.
ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ 400 മീറ്ററില്‍ അമേരിക്കയുടെ ലാഷോണ്‍ മെറിറ്റ് സ്വര്‍ണം നേടി. 43.74 സെക്കന്റിലാണ് മെറിറ്റ് ഒന്നാമതെത്തിയത്. 44.40 സെക്കന്റുകള്‍ കൊണ്ട് ഓടിയെത്തിയ ടോണി മക്കെ രണ്ടാമതും ലൂഗെലിന് സാന്റോസ് മൂന്നാമതുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: