പ്രിട്ടോറിയ: ത്രിരാഷ്ട്ര കിരീടം ഇന്ത്യ ‘എ’ ടീം നേടി. ഫൈനലില്‍ ഒാസ്ട്രേലിയന്‍ ‘എ’ ടീമിനെ 50 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യ നല്കിയ 244 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 46.3 ഓവറില്‍ 193 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യയെ ചുരുങ്ങിയ സ്കോറിലൊതുക്കിയെങ്കിലും ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു.
തരക്കേടില്ലാത്ത തുടക്കം കുറിക്കാന്‍ ഓസീസിന് കഴിഞ്ഞെങ്കിലും തുടര്‍ച്ചയായി ഉണ്ടായ വിക്കറ്റ് വീഴ്ച പ്രതിരോധത്തിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചു. ടിംപെയ്ന് വാലറ്റത്ത് നടത്തിയ ചെറുത്തുനില്‍പ്പ് മാത്രമാണ് ഓസീസിന്റെ ആയുസ് നീട്ടിക്കൊടുത്തത്. 47 റണ്‍സെടുത്ത പെയ്നാണ് ടോപ് സ്കോറര്‍. ബാക്കിയാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യക്കുവേണ്ടി നദീം മൂന്നും ഷമി രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ‘എ’ ടീമിന് മികച്ച തുടക്കം കുറിക്കാനായില്ല. സ്കോര്‍ 20-ല്‍ എത്തിയപ്പോള്‍തന്നെ രോഹിത് ശര്‍മ്മയെ (6) മടക്കിക്കൊണ്ട് ഹാസില്‍വുഡ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പുജാരയ്ക്കും (1) പിടിച്ചുനില്‍ക്കാനായില്ല. മാക്സ്വെല്ലായിരുന്നു പുജരായ്ക്ക് പവലിയനിലേക്കുള്ള വഴി കാട്ടിക്കൊടുത്തത്.
അതിനുശേഷമെത്തിയ ദിനേശ് കാര്‍ത്തിക്കുമായി ഒത്തുചേര്‍ന്നാണ് ധവാന് ഓസ്ട്രേലിയന്‍ ഭീഷണി താല്‍ക്കാലികമായി മറികടന്നത്. അര്‍ധസെഞ്ച്വറി നേടിയ ഇരുവരുടെയും പ്രകടനത്തിലൂടെ ഇന്ത്യ മൂന്നക്കത്തിലെത്തി. സ്കോര്‍ 142 ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ടിനെ പിരിക്കാനായത്. 65 പന്തില്‍നിന്നും 62 റണ്‍സ് നേടിയ ധവാനെ ഹെന്റിക്വസാണ് പുറത്താക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍സെഞ്ച്വറി ഉജ്ജ്വല ഫോമിലായിരുന്ന ധവാനെ നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ ഓസ്ട്രേലിയ വിജയിച്ചു. ദിനേശ് കാര്‍ത്തിക് 73 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടോപ്സ്കോററായി. റെയ്ന 17 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. പിനനീട് അംബാട്ടി റായിഡുവും (34), വൃദ്ധിമാന്‍ സാഹയും (31) നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ തരക്കേടില്ലാത്ത നിലയിലെത്തിക്കുകയായിരുന്നു.
243 റണ്‍സിന് ഇന്ത്യ പുറത്താകുമ്പോള്‍ നാല് പന്തുകള്‍ ശേഷിച്ചിരുന്നു. ഹാസില്‍ വുഡിന്റെയും നഥാന്‍ കള്‍ട്ടര്‍ നീലിന്റെയും ബൗളിംഗാണ് ഇന്ത്യയെ നിയന്ത്രിച്ചുനിര്‍ത്തിയത്. ഇരുവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: